Image

ഡീസല്‍ വില ജൂണില്‍ വര്‍ധിപ്പിച്ചേക്കും

Published on 25 May, 2012
ഡീസല്‍ വില ജൂണില്‍ വര്‍ധിപ്പിച്ചേക്കും
ന്യൂഡല്‍ഹി: ചരിത്രത്തിലെങ്ങുമില്ലാത്ത വിധം പെട്രോള്‍ വില കുത്തനെ കൂട്ടിയതിനെതിരെ ജനരോഷം ആളിക്കത്തുന്നതിനിടെ ഡീസല്‍ വിലയിലും വര്‍ധന വരുത്താന്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ജൂണ്‍ ആദ്യവാരം ഡീസല്‍ വില വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. ഇന്നലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിച്ചു. ഉടനടി പെട്രോള്‍ വില കുറയ്ക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. നികുതി ഉള്‍പ്പെടെ 7.54 രൂപ വരെയാണ് ചൊവ്വാഴ്ച എണ്ണക്കമ്പനികള്‍ ഒറ്റയടിക്ക് കൂട്ടിയത്. പെട്രോള്‍ വിലയില്‍ എട്ടു രൂപയുടെ വര്‍ധന ആവശ്യപ്പെട്ട എണ്ണക്കമ്പനികളുടെ ആവശ്യം അതേപടി സര്‍ക്കാര്‍ അംഗീകരിക്കുകയാണുണ്ടായത്. അതേസമയം, ജൂണ്‍ ആദ്യവാരം നടക്കാനിരിക്കുന്ന പുനരവലോകന യോഗത്തില്‍ പെട്രോളിന്റെ കൂട്ടിയ വില കുറക്കുന്നു എന്ന തീരുമാനമല്ല ഉണ്ടാവുക. പെട്രോളിന്റെ വില തീരുമാനിക്കാനുള്ള അധികാരം ലഭിച്ചശേഷം കമ്പനികള്‍, എല്ലാ മാസവും ഒന്ന്, 16 തീയതികളില്‍ വില പുനരവലോകനം ചെയ്യാറുണ്ട്. ക്രൂഡ് ഓയിലിന്റെ വില വ്യത്യാസമനുസരിച്ച് പെട്രോള്‍ വില കൂട്ടാനും കുറക്കാനും കമ്പനികള്‍ക്ക് തീരുമാനിക്കാം. ഡീസല്‍ വില കുറച്ച് വില്‍ക്കുന്നതിനാല്‍ ദിവസവും 512 കോടി രൂപ നഷ്ടപ്പെടുന്നുവെന്നാണ് എണ്ണക്കമ്പനികളുടെ കണക്ക്. ഈ സാഹചര്യത്തില്‍ ഡീസല്‍ വിലയിലും വന്‍ വര്‍ധനവുണ്ടാകുമെന്നാണ് സൂചന. ഇതിനിടെ പെട്രോള്‍ വില വര്‍ധനയ്ക്കെതിരെ ഈ മാസം 31ന് പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ദേശീയ ബന്ദിന് പ്രമുഖ സാമൂഹികപ്രവര്‍ത്തകന്‍ അന്ന ഹസാരെ പിന്തുണ പ്രഖ്യാപിച്ചു. യു.പി.എ. സഖ്യകക്ഷിയായ ഡി.എം.കെ. പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ 30ന് പ്രക്ഷോഭം നടത്താന്‍ തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. 31ന് ഇടതുപാര്‍ട്ടികളും എന്‍.ഡി.എ.യും നടത്തുന്ന ഭാരത്ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇതേദിവസം സംസ്ഥാനത്ത് ബന്ദ് നടത്തുമെന്ന് ബി.ജെ.ഡി.യും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപാര്‍ട്ടികള്‍ പശ്ചിമബംഗാളില്‍ ആറുദിവസം നീളുന്ന പ്രക്ഷോഭമാണ് പെട്രോള്‍ വിലയ്ക്കെതിരെ ആസൂത്രണം ചെയ്തതിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക