Image

രാഷ്ട്രീയ പ്രതിയോഗികളെ സി.പി. എം കൊന്നിട്ടുണ്ട്; ഇനിയും കൊല്ലും: എം.എം. മണി

Published on 26 May, 2012
രാഷ്ട്രീയ പ്രതിയോഗികളെ സി.പി. എം കൊന്നിട്ടുണ്ട്; ഇനിയും കൊല്ലും: എം.എം. മണി
തൊടുപുഴ: രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും സിപിഎമ്മിനു ശീലമുണെ്ടന്നു ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. തൊടുപുഴയില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മണി.

രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും പാര്‍ട്ടിക്ക് ശീലമുണ്‌ടെന്നായിരുന്നു ഇടുക്കിയിലെ ബാലു വധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എം.എം. മണി പറഞ്ഞത്. പീരുമേട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ അയ്യപ്പദാസിനെ കൊന്ന ബാലുവിന്റെ കൊല ഉദാഹരണം. ബാലു ഉമ്മന്‍ ചാണ്ടിയുടെ ബന്ധുവായിരുന്നു. എന്നിട്ടോ?. 1982 ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയും വയലാര്‍ രവി ആഭ്യന്തരമന്ത്രിയുമായിരുന്നപ്പോള്‍ ശാന്തന്‍പാറ, രാജക്കാട് മേഖലകളില്‍ തോട്ടങ്ങളില്‍ പോലീസുകാരുമായി പോയി ഐഎന്‍ടിയുസി യൂണിയന്‍ രൂപീകരിക്കുകയായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് തിരിച്ചടിച്ചത്. 13 പേരുടെ പട്ടികയാണ് തയാറാക്കിയത്. ഇതില്‍ ഒന്നാമത്തെയാളെ വെടിവെച്ചുകൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊല്ലുകയായിരുന്നു. അതോടെ കോണ്‍ഗ്രസുകാര്‍ ഖദര്‍ ഊരിയിട്ട് രക്ഷപെട്ടു. പിന്നീട് അടി പേടിച്ച് ഖദറിട്ട് നടന്നോട്ടെയെന്ന് കോണ്‍ഗ്രസുകാര്‍ അനുവാദം ചോദിക്കുന്ന സ്ഥിതിയായിരുന്നുവെന്നും മണി കൂട്ടിച്ചേര്‍ത്തു.

ഒരു കാര്യം ചെയ്തിട്ടുണ്‌ടെങ്കില്‍ അത് തുറന്നുപറയാന്‍ സിപിഎം തയാറായിട്ടുണ്ട്. അതുകൊണ്ടു തന്നെ ചെയ്തിട്ടില്ല എന്ന് സംസ്ഥാന-കേന്ദ്ര നേതൃത്വം പറഞ്ഞിട്ടുണ്‌ടെങ്കില്‍ അതാണ് വസ്തുതയെന്ന ആമുഖത്തോടെയായിരുന്നു മണിയുടെ വിശദീകരണം. വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കരുതെന്നും ഇതൊക്കെ കണ്ടും ചെയ്തും ശീലമുണ്‌ടെന്നും മണി കൂട്ടിച്ചേര്‍ത്തു.

വി.എസ്. അച്യുതാനന്ദനെതിരേയും മണി ആഞ്ഞടിച്ചു. ടി.പിയുടെ സംസ്‌കാരച്ചടങ്ങളില്‍ വി.എസ് പങ്കെടുത്തതും ടി.പി. ഉത്തമ കമ്യൂണിസ്റ്റാണെന്നു പറഞ്ഞതും ശരിയായില്ല. ഗാന്ധിയേക്കാള്‍ വലിയ മഹാനായാണ് ടിപിയെ സിപിഐ അടക്കമുള്ളവര്‍ കാണുന്നതെന്നും മണി പറഞ്ഞു. പാര പണിയുന്നവര്‍ എങ്ങനെ ഉത്തമ കമ്യൂണിസ്റ്റാകും. കെ.എം. മാണിയും രമേശ് ചെന്നിത്തലയും വിഎസിനെ പുറത്തേക്കു സ്വാഗതം ചെയ്യുകയാണെന്നും മണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക