Image

കാലവര്‍ഷം ജൂണ്‍ ഒന്നിന് കേരളത്തിലെത്തും

Published on 26 May, 2012
കാലവര്‍ഷം ജൂണ്‍ ഒന്നിന് കേരളത്തിലെത്തും

തിരുവനന്തപുരം: കാലവര്‍ഷം ജൂണ്‍ ഒന്നിനുതന്നെ സംസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനകം ആന്‍ഡമാന്‍ തീരം കടന്ന കാലവര്‍ഷം കുറെക്കൂടി മുന്നേറിയിട്ടുണ്ട്. 48 മണിക്കൂറിനകം ശ്രീലങ്കന്‍ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇതനുസരിച്ച് ജൂണ്‍ ഒന്നിനുതന്നെ കേരളത്തിലും കാലവര്‍ഷമെത്തും. ഇത് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ പോകാം. കഴിഞ്ഞ വര്‍ഷം മേയ് 31ന് കാലവര്‍ഷം എത്തുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും 29നുതന്നെ എത്തിയിരുന്നു. ഇക്കുറി സാധാരണ നിലയിലുള്ള മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ഇത്തവണ ശരാശരി 2029.6 മില്ലി മീറ്റര്‍ മഴയാണ് കാലവര്‍ഷത്തില്‍ ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം 2215.8 മില്ലിമീറ്റര്‍ ലഭിച്ചിരുന്നു. വയനാട്, തിരുവനന്തപുരം ജില്ലകളില്‍ ശരാശരി മഴ ലഭിച്ചിരുന്നില്ല. എന്നാല്‍ കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൂടുതല്‍ ലഭിച്ചു. മറ്റ് ജില്ലകളിലെല്ലാം ശരാശരി മഴ ലഭിച്ചു. 

അതേസമയം, അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍ മണിക്കൂര്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്‌ടെന്നും മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ഫിഷറീസ് കണ്‍ട്രോള്‍ റൂം മുന്നറിയിപ്പ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക