Image

പാര്‍ട്ടി വ്യത്യാസമില്ല, വോട്ടുതേടി സ്ഥാനാര്‍ഥികള്‍ ആരാധനാലയങ്ങളില്‍

Published on 27 May, 2012
പാര്‍ട്ടി വ്യത്യാസമില്ല, വോട്ടുതേടി സ്ഥാനാര്‍ഥികള്‍ ആരാധനാലയങ്ങളില്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പു പ്രചാരണം മുറുകുമ്പോള്‍ സ്ഥാനാര്‍ഥികള്‍ വോട്ടുതേടി ആരാധനാലയങ്ങളിലേക്ക്. ഇരുമുന്നണികളുടെയും ബിജെപിയുടെയും സ്ഥാനാര്‍ഥികള്‍ ഇന്നലെ വിവിധ പള്ളികളിലെത്തി വോട്ടര്‍മാരെ നേരില്‍ കാണുന്നതിനാണ് കൂടുതല്‍ സമയവും ചെലവഴിച്ചത്. ഞായറാഴ്ച രാവിലെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജ് തൊഴുക്കല്‍ സിഎസ്ഐ പള്ളിയിലെത്തി. കുര്‍ബാന കഴിഞ്ഞിറങ്ങുന്നവരെ നേരില്‍ക്കണ്ടു വോട്ട് അഭ്യര്‍ഥിക്കുകയായിരുന്നു ലക്ഷ്യം. 9.45ന് എത്തിയ അദ്ദേഹം കുര്‍ബാന കഴിയുന്നതുവരെ പുറത്തു കാത്തുനിന്നു. 10.15ഓടെ കുര്‍ബാന കഴിഞ്ഞു ജനം പുറത്തേക്കിറങ്ങി. പള്ളിക്കു പുറത്ത് കാത്തുനിന്ന ശെല്‍വരാജിനെ കാണുന്നതിനു കുട്ടികളും ചുറ്റും കൂടി. പള്ളിക്കു മുന്നിലുള്ള ശെല്‍വരാജിന്റെ വോട്ട് അഭ്യര്‍ഥന അതുവഴി കടന്നു വന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ വാഹനത്തിലുണ്ടായിരുന്നവര്‍ക്കു സഹിച്ചില്ല. വാഹനം പള്ളിക്കു സമീപം നിര്‍ത്തിയിട്ടു ശബ്ദം അല്‍പം കൂട്ടി അനൌണ്‍സ്മെന്റ് തുടര്‍ന്നു. ശെല്‍വരാജിന് ഈ നാട്ടില്‍ വോട്ടില്ല... ഇതുകേട്ട് ശെല്‍വരാജ് അവരുടെ നേരെ നോക്കി ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ പ്രചാരണ വാഹനം മറ്റൊരു വഴിക്കു പോയി. അല്‍പം കഴിഞ്ഞപ്പോള്‍ ഇടവകയിലെ മുതിര്‍ന്ന അംഗങ്ങള്‍ പള്ളിയില്‍ നിന്നു പുറത്തേയ്ക്കുവന്നു. ചിലര്‍ ശെല്‍വരാജുമായി സൌഹൃദം പുതുക്കി. മറ്റു ചിലര്‍ കണ്ടില്ല എന്ന ഭാവത്തില്‍ നടന്നു നീങ്ങി. അവരെയും ശെല്‍വരാജ് വെറുതെ വിട്ടില്ല. വോട്ട് ചെയ്യണം, സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചു. ഒപ്പം കൈപ്പത്തിയാണ് ചിഹ്നം എന്ന ഓര്‍മപ്പെടുത്തലും. പള്ളിയില്‍ നിന്നു ആളുകള്‍ പോയിക്കഴിഞ്ഞതോടെ അടുത്ത ചിലരുമായി കുറച്ചുനേരം സംസാരിച്ചതിനു ശേഷം ശെല്‍വരാജും സ്ഥലം വിട്ടു. ഇന്നലെ കാരോട് പഞ്ചായത്തില്‍ രണ്ടാംദിന പര്യടനത്തിലായിരുന്നു ശെല്‍വരാജ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ്. ലോറന്‍സും ഇന്നലെ പള്ളി കയറിയുള്ള പര്യടനത്തിനു പിന്നാക്കം പോയില്ല. അമ്പലിക്കോണം മലങ്കര പള്ളി, ആറയൂര്‍ സിഎസ്ഐ പളളി എന്നിവിടങ്ങളില്‍ രാവിലെ തന്നെ ലോറന്‍സ് എത്തി പ്രചാരണം തുടങ്ങിയിരുന്നു. അതിനുശേഷം ഉച്ചയ്ക്ക് പന്ത്രണ്േടാടെയാണു കോടന്‍കര സിഎസ്ഐ പളളിയില്‍ എത്തിച്ചേര്‍ന്നത്. പള്ളിയുടെ 137-ാം വാര്‍ഷികത്തോടനുന്ധിച്ചുള്ള ചടങ്ങുകള്‍ നടക്കുകയായിരുന്നു അവിടെ. പള്ളി വികാരി റവ.കെ.പുഷ്പരാജ് തന്നെ അദ്ദേഹത്തെ സ്വീകരിച്ചു. പിന്നെ എല്ലാവരുമായി സൌഹൃദം പങ്കുവയ്ക്കല്‍, ഓരോരുത്തരുടെയും അടുത്തെത്തി വോട്ട് അഭ്യര്‍ഥന. പള്ളിക്കു പുറത്തെ വീടുകളിലും കയറി വോട്ട് ചോദിച്ചതിനു ശേഷമാണ് ലോറന്‍സ് കോടന്‍കരയില്‍ നിന്നു യാത്ര തിരിച്ചത്.ഇന്നലെ കുളത്തൂര്‍ പഞ്ചായത്തിലായിരുന്നു ലോറന്‍സിന്റെ പര്യടനം. പളളികള്‍ കയറിയുള്ള പ്രചാരണത്തില്‍ ഇന്നലെ ഏറ്റവും മുന്നില്‍ നിന്നതു ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലാണ്. രാവിലെ 9.30ഓടെ കമുകിന്‍കോട് വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടന കേന്ദ്രമായ വലിയ പള്ളിയിലെത്തിയ ഒ.രാജഗോപാല്‍ ആദ്യം കണ്ടത് പള്ളി വികാരി ഫാ.ഷൈജുവിനെയാണ്. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യത്തെ സന്ദര്‍ശിച്ചിരുന്നുവെന്ന് രാജഗോപാല്‍ അദ്ദേഹത്തോടു പറഞ്ഞു. പിന്നീട് പള്ളിയിലെത്തിയവരോടും സമീപത്തുള്ളവരോടും കുശലാന്വേഷണം. വോട്ട് താമരയ്ക്കു ചെയ്യാന്‍ മറക്കരുതേ എന്ന അഭ്യര്‍ഥന. പള്ളിയിലെത്തിയവര്‍ക്കു പുറമേ പള്ളിക്കു മുന്നില്‍ കൂടിയവരെയും കണ്ടതിനുശേഷമാണ് രാജഗോപാല്‍ തിരുപുറം ബൂത്തിലേക്കു പോയത്. തിരുപുറം കണ്ടളം നാഗക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തിയ അദ്ദേഹം ചെങ്കല്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച എന്‍എസ്എസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു. പിന്നീട് നെല്ലിമൂട് കോണ്‍വെന്റിലും ആറാലുംമൂട് മുസ്ലിം പള്ളിയിലുമെത്തി വോട്ട് അഭ്യര്‍ഥിച്ചു. വൈകുന്നേരം അമരവിള സിഎസ്ഐ പള്ളിയിലും വോട്ട് ചോദിച്ചെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക