Image

വിസ്‌മയങ്ങളുടെ വാതായനവുമായി ലണ്ടന്‍ ഒളിംപിക്‌സ്‌

കാരൂര്‍ സോമന്‍, ലണ്ടന്‍ Published on 27 May, 2012
വിസ്‌മയങ്ങളുടെ വാതായനവുമായി ലണ്ടന്‍ ഒളിംപിക്‌സ്‌
ഒരു ജനതയുടെ കായികസ്വപ്‌നത്തിന്റെ സാക്ഷാത്‌ക്കാരമാണ്‌ ഒളിംപിക്‌സ്‌. അക്കാര്യത്തില്‍ ഏറെ ഭാഗ്യമുള്ള നഗരമായി ലണ്ടന്‍ മാറുന്നു. മൂന്നു തവണ ഒളിംപിക്‌സിനു വേദിയാവാനുള്ള അപൂര്‍വ്വഭാഗ്യമാണ്‌ ലണ്ടനെ തേടിയെത്തിയത്‌. 1908, 1948 എന്നിവയ്‌ക്കു ശേഷം മൂന്നാം പിറവിയായി ഇപ്പോഴിതാ 2012-ല്‍ വീണ്ടും. ആധുനിക ഒളിംപിക്‌സില്‍ മൂന്നു ഒളിംപ്യാഡിനു വേദിയായിട്ടുള്ള ലോകത്തിലെ ഒരേയൊരു നഗരവും ലണ്ടന്‍ തന്നെ. യുണൈറ്റഡ്‌ കിംങ്‌ഡത്തില്‍ ഒളിംപിക്‌സിനു വേദിയായിട്ടുള്ള നഗരവും ലണ്ടന്‍ മാത്രം. ഇവിടം പുത്തനൊരു പറുദീസയായി പുനര്‍നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞു. പുതിയ റോഡുകള്‍, പുതിയ വാഹനങ്ങള്‍, പുതിയ കെട്ടിടങ്ങള്‍ തുടങ്ങി ആധുനിക ടെക്‌നോളജിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്‌മയ വാതായനങ്ങള്‍ക്കാണ്‌ ഇവിടെ മിഴി തുറക്കപ്പെടുകയാണ്‌. ജൂലൈ 27-ന്‌ ഒളിംപിക്‌സിനു കൊടി ഉയരുമ്പോള്‍ പുതിയൊരു ലോകമായിരിക്കും ഇവിടെ അവതരിപ്പിക്കപ്പെടുകയെന്നതാണ്‌ വാസ്‌തവം. പ്രകാശത്തിന്റെ കരിമരുന്നുകളുടെയും ലേസര്‍ രശ്‌മികളുടെയും സാലഭഞ്‌ജിക നൃത്തം ആകാശത്ത്‌ വിരുന്നൊരുക്കുമ്പോള്‍ കാണികള്‍ അത്ഭുതരാവുക, ലണ്ടന്റെ മാറിയ മുഖം കൂടി കണ്ടു കൊണ്ടാവും. പരിസ്ഥിതിക്ക്‌ ഇണങ്ങുന്ന രീതിയിലുള്ള കെട്ടിടനിര്‍മ്മാണത്തിനു പുറമേ, ഇംഗ്ലീഷ്‌ സംസ്‌ക്കാരത്തിന്റെ മുഖമുദ്രകളെല്ലാം തന്നെ ഇവിടെ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഏകദേശം നാലരലക്ഷത്തോളം പേര്‍ ഒളിംപിക്‌സ്‌ സമയത്ത്‌ ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ എത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌. കാത്തിരിക്കുന്നത്‌, പുതിയൊരു കായികമാമാങ്കത്തിന്റെ ദൃശ്യസാക്ഷാത്‌ക്കാരമാകുമ്പോള്‍ ഇവിടെ താമസമാക്കിയിട്ടുള്ളവര്‍ക്കെല്ലാം തന്നെ അനുഭവിക്കാന്‍ കഴിയുന്നത്‌ മാജിക്കല്‍ റിയലിസത്തിന്റെ പുത്തന്‍ ഏടുകളാണെന്നു പറയാതെ വയ്യ. ഇന്നലെ കണ്ട റോഡുകള്‍, ബസുകള്‍, ട്രാമുകള്‍, മെട്രോകള്‍ എല്ലാം മാറിയിരിക്കുന്നു. ബാങ്കുകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, മാളുകള്‍ എല്ലാം മാറിയിരിക്കുന്നു. സിന്‍ഡ്രല കണ്ട സ്വപ്‌നത്തിലെന്നതു പോലെ പുതിയൊരു നഗരം, അതെ മുഖംമിനുക്കിയ ലണ്ടന്‍ പരിസരവാസികളെ പോലും അത്ഭുതപ്പെടുത്തുന്നു. എല്ലാം ഒളിംപിക്‌സ്‌ തന്ന മഹാഭാഗ്യം.

ലണ്ടന്‍ ഒളിംപിക്‌സിനു വേദിയൊരുക്കുന്നത്‌ ഇതാദ്യമൊന്നുമല്ല. നാലാം ഒളിംപിക്‌സിനു 1908-ല്‍ വേദിയായി കൊണ്ടാണ്‌ ലണ്ടന്‍, ഒളിംപിക്‌സ്‌ മാമാങ്കത്തിന്‌ അരങ്ങൊരുക്കിയത്‌. ഒളിംപിക്‌സിന്റെ തട്ടകമായ ഗ്രീസിലെ ഏഥന്‍സില്‍ നിന്ന്‌ ആദ്യമായി പുറത്തേക്ക്‌ ഒളിംപിക്‌സിനെ കൊണ്ടു വന്നതു ലണ്ടന്‍ തന്നെയായിരുന്നു. 1908-ലെ ഒളിംപിക്‌സിനു ലണ്ടന്‍ വേദിയാവുന്നത്‌ വളരെ യാദൃശ്ചികമായാണ്‌. ഈ ഒളിംപിക്‌സ്‌ ശരിക്കും നടത്തേണ്ടിയിരുന്നത്‌ ഇറ്റലിയിലെ റോമിലായിരുന്നു. എന്നാല്‍ ഇറ്റാലിയന്‍ സ്വപ്‌നത്തെ തകിടം മറിച്ചു കൊണ്ട്‌ 1906 ഏപ്രില്‍ 7-ന്‌ വെസ്യൂവിയസ്‌ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്‌ ഇറ്റലിയുടെ കായികമോഹങ്ങള്‍ക്കു മുകളില്‍ കരിമ്പടം പുതപ്പിച്ചു. ഈ ദുരന്തത്തെ അതിജീവിക്കാനായി ഒളിംപിക്‌സിനു വേണ്ടി കരുതിയിരുന്ന ഫണ്ടുകള്‍ വക മാറ്റി ചെലവഴിച്ചതോടെ ഇറ്റലി പരുങ്ങലിലായി. അതോടെ രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ലണ്ടനിലേക്ക്‌ വേദി മാറ്റി. 1908 ഏപ്രില്‍ 27 മുതല്‍ ഒക്ടോബര്‍ 31 വരെയായിരുന്നു ഒളിംപിക്‌സ്‌. പങ്കെടുത്തത്‌ 110 ഇനങ്ങളിലായി 22 രാജ്യങ്ങളും.

പിന്നീട്‌ പതിമൂന്നാം ഒളിംപ്യാഡ്‌ ലണ്ടനില്‍ നടത്താന്‍ തീരുമാനിച്ചു. 1944-ല്‍ ലണ്ടന്‍ വേദിയാകുമെന്നു കരുതിയെങ്കിലും രണ്ടാം ലോകമഹായുദ്ധം കാര്യങ്ങളെ തല്ലിക്കെടുത്തി. 1939-ല്‍ ഒളിംപിക്‌ കമ്മിറ്റിയെടുത്ത തീരുമാനപ്രകാരം ലണ്ടന്‍ ലോകകായികവേദിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ലോകമഹായുദ്ധത്തിന്റെ കെടുതിയിലും ക്ഷീണത്തിലും കായികമാമാങ്കം റദ്ദാക്കാനായിരുന്നു തീരുമാനം. ഒരു ചെറിയ ചടങ്ങു മാത്രം ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി ആസ്ഥാനത്ത്‌ നടത്തി പിരിയുമ്പോള്‍ കായികപ്രേമികള്‍ക്ക്‌ നഷ്ടപ്പെട്ടത്‌ വിലപ്പെട്ട നാലു വര്‍ഷങ്ങളായിരുന്നു. തുടര്‍ന്ന്‌ മുന്‍ നിശ്ചയപ്രകാരം 1948-ല്‍ ലണ്ടനിലേക്ക്‌ തന്നെ ഒളിംപിക്‌സ്‌ എത്തി. കോളനിവത്‌ക്കരണത്തിന്റെ അവസാനം എന്ന നിലയില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഈ ഒളിംപിക്‌സില്‍ പങ്കെടുത്തുവെന്ന പ്രത്യേകതയും കോളനികളുടെ ഉടമസ്ഥരായ യുകെയില്‍ തന്നെ ഈ കായികമാമാങ്കത്തിനു വേദിയായി എന്ന പ്രത്യേകതയും 1948 ലണ്ടന്‍ ഒളിംപക്‌സിന്‌ ഉണ്ടായി.

1948 ജൂലൈ 29 മുതല്‍ ഓഗസ്‌റ്റ്‌ 14 വരെയായിരുന്നു മത്സരങ്ങള്‍.136 ഇനങ്ങളിലായി 59 രാജ്യങ്ങള്‍ ഒളിംപ്‌കിസില്‍ പങ്കെടുത്തു. സുരക്ഷാകാരണങ്ങളെ തുടര്‍ന്ന്‌ ജപ്പാനെയും ജര്‍മ്മനിയെയും ഈ ഒളിംപിക്‌സില്‍ പങ്കെടുപ്പിച്ചില്ല. ആതിഥേയരായിട്ടു കൂടി ബ്രിട്ടീഷ്‌ അത്‌ലറ്റുകള്‍ക്ക്‌ കാര്യമായൊന്നും നേടിയെടുക്കാനാവാതെയാണ്‌ പതിനാലാം ഒളിംപിക്‌സ്‌ ലണ്ടനില്‍ നിന്നു പടിയിറങ്ങിയത്‌. അന്ന്‌ അവര്‍ക്ക്‌ സ്വന്തമാക്കാന്‍ കഴിഞ്ഞത്‌ വെറും 23 മെഡലുകള്‍. മെഡല്‍ പട്ടികയിലാവട്ടെ പന്ത്രണ്ടാം സ്ഥാനവും.

വീണ്ടും 2012-ലെ സമ്മര്‍ ഒളിംപിക്‌സിന്‌ ലണ്ടന്‍ വേദിയാവുമ്പോള്‍ ആധുനികമായ ഒട്ടേറെ സവിശേഷതകള്‍ക്ക്‌ കൂടിയാണ്‌ ഈ ലോകോത്തര നഗരം സാക്ഷ്യം വഹിക്കുന്നത്‌. കണ്ണഞ്ചിപ്പിക്കുന്ന വിസ്‌മയക്കാഴ്‌ചകളാണ്‌ ലണ്ടനിലെങ്ങും ഒരുക്കിയിരിക്കുന്നത്‌. 2005 ജൂലൈ ആറിനാണ്‌ ലണ്ടനെ ഒളിംപിക്‌സ്‌ വേദിയായി തെരഞ്ഞെടുത്തത്‌. മാഞ്ചസ്റ്റര്‍, ബെര്‍മിങ്‌ഹാം എന്നീ നഗരങ്ങളും യുകെയില്‍ നിന്ന്‌ ലണ്ടനൊപ്പം ഒളിംപ്‌ക്‌സ്‌ മത്സരത്തിനുണ്ടായിരുന്നു. എന്നാല്‍ നറുക്കു വീണത്‌ വിസ്‌മയങ്ങളുടെ വാതായനങ്ങള്‍ക്ക്‌ വേദിയാവുന്ന ലണ്ടനും.

യുണൈറ്റഡ്‌ കിങ്‌ഡത്തിലെ ഏറ്റവും വലിപ്പമേറിയതും ഏറ്റവുമധികം ജനസംഖ്യയുള്ളതുമായ രാജ്യമാണ്‌ ഇംഗ്ലണ്ട്‌. ഈ ഇംഗ്ലണ്ടിന്റെ തലസ്ഥാനമാണ്‌ ലണ്ടന്‍. യുണൈറ്റഡ്‌ കിംങ്‌ഡത്തിലെ ജനസംഖ്യയുടെ 83 ശതമാനവും വസിക്കുന്ന ഇംഗ്ലണ്ട്‌ ഗ്രേറ്റ്‌ ബ്രിട്ടണ്‍ ദ്വീപിന്റെ മൂന്നില്‍ രണ്ട്‌ ഭൂപ്രദേശം ഉള്‍ക്കൊള്ളുന്നു. ഇംഗ്ലണ്ടിന്റെ വടക്ക്‌ സ്‌കോട്ട്‌ലണ്ടും പടിഞ്ഞാറ്‌ വെയിത്സും മറ്റു ഭാഗങ്ങള്‍ വടക്കന്‍ കടല്‍, ഐറിഷ്‌ കടല്‍, സെല്‍റ്റിക്‌ കടല്‍, ബ്രിസ്റ്റള്‍ ചാനല്‍, ഇംഗ്ലീഷ്‌ ചാനല്‍ എന്നിവയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടണ്‍ ഗ്രേറ്റ്‌ ബ്രിട്ടണിലെ ഏറ്റവും വലിയ നാഗരികപ്രദേശവും മിക്ക രീതിയിലും യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ നാഗരികപ്രദേശവും ആണ്‌. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊയ ലണ്ടനില്‍ വീണ്ടും ഒളിംപിക്‌സ്‌ എത്തുമ്പോള്‍ വിസ്‌മയത്തിന്‌ അതിരുകളില്ലെന്നതാണ്‌ സത്യം. നിരത്തുകളും പാര്‍ക്കുകളും സ്റ്റേഡിയങ്ങളും ഹോട്ടലുകളുമെല്ലാം പുനര്‍നിര്‍മ്മിക്കുന്നു. തെംസ്‌ നദിയുടെ തീരത്തുള്ള ലണ്ടനിലെ ഏറ്റവും വലിയ അത്ഭുതമായ ലണ്ടന്‍ ഐ എന്ന നിരീക്ഷണചക്രത്തില്‍ ലേസര്‍ രശ്‌മികള്‍ സ്ഥാപിക്കുന്നു. അങ്ങനെ പുതിയൊരു ലണ്ടന്‍ പിറവി കൊള്ളുകയാണ്‌.

വിസ്‌മയ പറുദീസയായി മാറുന്ന ലണ്ടന്‍ ഐ-യിലേയ്‌ക്കാവും ഒളിംപിക്‌സിന്റെ സന്ദര്‍ശക ഗ്യാലറി തുറക്കപ്പെടുക. ലണ്ടനിലെ ഏറ്റവും വലിയ ഹൈലൈറ്റും ഇതു തന്നെ. 135 മീറ്റര്‍ ആണ്‌ ലണ്ടന്‍ ഐയുടെ ഉയരം. തെളിഞ്ഞ അന്തരീക്ഷം ആണെങ്കില്‍ 45 കിലോമീറ്റര്‍ ദൂരം ഇതില്‍ നിന്നും കാണാന്‍ കഴിയും. 32 ക്യാപ്‌സൂള്‍ ആകൃതിയുള്ള മുറികള്‍ എല്ലാം തന്നെ എസിയാണ്‌. ഓരോ മുറിയും 25 പേര്‍ക്ക്‌ നില്‍ക്കാനും ഇരിക്കാനും കഴിയുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നു. മണിക്കൂറില്‍ 900 മീറ്റര്‍ വേഗതയില്‍ തിരിയുന്ന ഈ ചക്രം, മുപ്പതു മിനിറ്റു കൊണ്ട്‌ ഒരു കറക്കം പൂര്‍ത്തിയാക്കുന്നു. ചെറിയ വേഗതയിലെ ഈ കറക്കം കാരണം ആളുകള്‍ കയറാന്‍ ഇതു സാധാരണ നിര്‍ത്താറില്ല; കറങ്ങിക്കൊണ്ടിരിക്കേ ആളുകള്‍ കയറുകയാണ്‌ പതിവ്‌.

സാധാരണ ഒബ്‌സേര്‍വറിനെ വ്യത്യസ്‌തമായി 360 ഡിഗ്രീയില്‍ ചുറ്റുപാടുകള്‍ വീക്ഷിക്കാനുള്ള സവിധാനം ലണ്ടന്‍ ഐയ്‌ക്ക്‌ ഉണ്ട്‌. ഇതിന്റെ ഉദ്‌ഘാടനം 1999 ഡിസംബര്‍! 31നു രാത്രി 8 മണിക്കായിരുന്നു അതുകൊണ്ട്‌ ഇതിനെ മില്ലേനിയം വീല്‍ എന്നും വിളിക്കാറുണ്ട്‌. ഒളിംപിക്‌സിനു വേദിയാവുന്ന ലണ്ടനിലെ ഏറ്റവും വലിയ അത്ഭുതമായി മാറുന്നതും ഈ വീല്‍ തന്നെയാവും. പുറമേ ബ്രിട്ടീഷ്‌ മ്യൂസിയം, നാഷണല്‍ ഗ്യാലറി, ടെയ്‌റ്റ്‌ മോഡേണ്‍, നാച്വറല്‍ ഹിസ്‌റ്ററി മ്യൂസിയം, സയന്‍സ്‌ മ്യൂസിയം, ടവര്‍ ഓഫ്‌ ലണ്ടന്‍, നാഷണല്‍ മാരിടൈം മ്യൂസിയം, വിക്ടോറിയ ആന്‍ഡ്‌ ആല്‍ബര്‍ട്ട്‌ മ്യൂസിയം, മാദം ടുസാഡ്‌സ്‌ എന്നിവയും കാഴ്‌ചക്കാര്‍ക്ക്‌ നറുദര്‍ശനമാവും.

ഇതിനൊക്കെയും പുറമേ, ജൂലൈ 27-ന്‌ ഒളിംപിക്‌സ്‌ പതാക ഉയരുന്ന ഈസ്‌റ്റ്‌ ലണ്ടനിലെ സ്‌ട്രാറ്റഫോര്‍ഡിലെ 200 ഹെക്ടര്‍ ഒളിംപിക്‌ പാര്‍ക്ക്‌ ആധുനികലോകത്തിനു സമര്‍പ്പിക്കുന്ന കൈനീട്ടമായിരിക്കുമെന്നുറപ്പ്‌. ഒളിംപിക്‌സിനു ശേഷം ഇത്‌ എലിസബത്ത്‌ രാജ്ഞിയുടെ ഡയമണ്ട്‌ ജൂബിലിയോടനുബന്ധിച്ച്‌ ക്യൂന്‍ എലിസബത്ത്‌ ഒളിംപിക്‌ പാര്‍ക്ക്‌ എന്ന പേരില്‍ അറിയപ്പെടും. ഒളിംപിക്‌സിന്റെ പ്രധാന വില്ലേജായ ഇവിടെയാണ്‌ അത്‌ലറ്റിക്‌സ്‌ ഉള്‍പ്പെടെയുള്ള സ്‌പോര്‍ടിങ്‌ ഇവന്റുകള്‍ നടക്കുക. ഈസ്‌റ്റ്‌ ലണ്ടന്റെ ഭാഗങ്ങളായ സ്‌ട്രാറ്റ്‌ഫോര്‍ഡ്‌, ബോ, ലെയ്‌ട്ടണ്‍, ഹൊമര്‍ട്ടണ്‍ (ഹക്കിനി), ന്യൂഹാം എന്നിവ ചേര്‍ന്നതാണ്‌ ഒളിംപിക്‌സ്‌ വില്ലേജ്‌. അക്വാട്ടിക്‌സ്‌ സെന്റര്‍, ഒളിംപിക്‌ സ്‌റ്റേഡിയം, വാട്ടര്‍ പോളോ അരീന, റിവര്‍ ബാങ്ക്‌ അരീന, ലണ്ടന്‍ വെലോ പാര്‍ക്ക്‌, കോപ്പര്‍ ബോക്‌സ്‌, ബാസ്‌ക്കറ്റ്‌ബോള്‍ അരീന എന്നിവ ചേര്‍ന്ന ഈ അതിവിശാല വില്ലേജിന്‌ നൂറുകണക്കിനു രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകളെയും ഒഫീഷ്യലുകളെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്‌. ഇവര്‍ക്ക്‌ താമസ- പരിശീലന സൗകര്യമൊരുക്കിയിരിക്കുന്നതും ഇവിടെ തന്നെ. ഒളിംപിക്‌സിനു വേണ്ടി ഈ പാര്‍ക്ക്‌ തുറന്നു കൊടുക്കുമ്പോള്‍ യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുമേഖല നിര്‍മ്മാണമായി ഇതു മാറും. ഇവിടെ മാത്രം 3600 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്‌ട്രാറ്റ്‌ഫോര്‍ഡ്‌ സിറ്റി ഡെവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചു കഴിഞ്ഞു. സ്‌പോര്‍ട്‌സ്‌ സയന്‍സ്‌, ഡിജിറ്റല്‍ മീഡിയ, ഗ്രീന്‍ ടെക്‌നോളജി എന്നിവയെക്കുറിച്ച്‌ പഠിക്കാന്‍ ലോകോത്തര സര്‍വ്വകലാശാലകളിലൊന്ന്‌ ഒളിംപിക്‌സ്‌ കഴിഞ്ഞാലുടന്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കും. 150 വര്‍ഷത്തിനുള്ള യൂറോപ്പില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ പാര്‍ക്ക്‌ എന്ന ഖ്യാതിയും ഈ ഒളിംപിക്‌ വില്ലേജ്‌ കൈക്കലാക്കും. പരിസ്ഥിതിക്ക്‌ തികച്ചും യോജിച്ച രീതിയിലുള്ള കെട്ടിടനിര്‍മ്മാണം മാത്രമല്ല, തനതു രീതിയുള്ള ഉദ്യാനരൂപീകരണവുമെല്ലാം ലണ്ടന്‍ ഒളിംപിക്‌ വില്ലേജിനെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തും. പോയതവണത്തെ ബെയ്‌ജിങ്ങിനെ എല്ലാതരത്തിലും മറികടക്കാനുള്ള പദ്ധതികളാണ്‌ ഇവിടെ ഒരുക്കുന്നത്‌. അതിനായി ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള നിര്‍മ്മാണ വിദഗ്‌ധര്‍ കഴിഞ്ഞ ആറു വര്‍ഷമായി ലണ്ടനില്‍ താമസിക്കുന്നു.

രണ്ടു മാസത്തെ ഇടവേള കൂടിയുണ്ടെങ്കിലും ഈ മഹാനഗരം ഒളിംപിക്‌സിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. തെംസ്‌ നദീ തീരത്തു നിന്നു നോക്കിയാല്‍ എല്ലാ ഒരുക്കങ്ങളും കാണാം. പുതിയ വര്‍ണങ്ങള്‍ ചാര്‍ത്തിയ ലണ്ടന്റെ മാറിയ മുഖം ഇവിടെയെത്തുന്ന കായികതാരങ്ങളുടെ മാത്രമല്ല, ഓരോ സഞ്ചാരിയുടെയും മനം നിറയ്‌ക്കുമെന്നുറപ്പ്‌. സൂര്യന്‍ അസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ എല്ലാ തുടിപ്പുകളെയും അതേപടി നിലനിര്‍ത്തിയ ഒരു ലോകത്തേക്കാണ്‌ ഈ നഗരം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്‌.
വിസ്‌മയങ്ങളുടെ വാതായനവുമായി ലണ്ടന്‍ ഒളിംപിക്‌സ്‌വിസ്‌മയങ്ങളുടെ വാതായനവുമായി ലണ്ടന്‍ ഒളിംപിക്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക