Image

ഉറവ വറ്റാത്ത കാരുണ്യം തേടി ഒരു അമ്മ

Published on 28 May, 2012
ഉറവ വറ്റാത്ത കാരുണ്യം തേടി ഒരു അമ്മ
കോട്ടയം: നിറഞ്ഞ കണ്ണുകളുമായാണ്‌ എപ്പോഴും ഈ അമ്മ ആശുപത്രിയിലേക്ക്‌ നടക്കുന്നത്‌. ഒരു ദിവസത്തെ ചികില്‍സയ്‌ക്കു മാത്രം അഞ്ഞൂറു രൂപ വേണ്ടി വരുന്ന ദിവസങ്ങള്‍. പലപ്പോഴായി പലര്‍ നല്‍കുന്ന ചെറിയ തുകകളാണ്‌ നാട്ടകം ചിങ്ങവനം ചാമക്കാട്ടുമറ്റത്തില്‍ പരേതനായ കെ.എസ്‌.ജോസഫിന്റെ ഭാര്യ അന്നമ്മ കോരയുടെ (മോളി ജോസഫ്‌-64) ജീവന്‍ നിലനിര്‍ത്തുന്നത്‌.

യൂട്രസില്‍ ഗുരുതരമായി ബാധിച്ചിരിക്കുന്ന ക്യാന്‍സര്‍ ശാരീരകമായി ഏറെ തളര്‍ത്തിയെങ്കിലും പലര്‍ നല്‍കിയ കാരുണ്യം മോളിയെ വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ ആശുപത്രിയിലേക്ക്‌ ഇനി ഇല്ല എന്ന തീരുമാനവും മോളി മാറ്റി. കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന കീമോ തെറാപ്പി ചികില്‍സയിലാണ്‌ ഇപ്പോള്‍ പ്രതീക്ഷ. അതിനു വേണ്ടി വരുന്നതാവട്ടെ വന്‍ ചെലവും. രോഗം മൂലമുള്ള വേദന ഏങ്ങനെയും സഹിക്കാം. പക്ഷേ, ഭക്ഷണത്തിനു കൂടി വകയില്ലാതെ വരുന്നതാണ്‌ മോളിയെ തളര്‍ത്തുന്നത്‌.

2009ലാണ്‌ മോളിയെ ആദ്യം രോഗം വീഴ്‌ത്തിയത്‌. അതുവരെ ഓടി നടന്നിരുന്ന അവര്‍ പെട്ടന്ന്‌ തളര്‍ന്നു വീണു. കോട്ടയം ജില്ലാ ആശുപത്രിയിലും പിന്നീട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രയിലും ചികില്‍സ തേടിയെങ്കിലും ഫലമുണ്ടായില്ല. എല്ലിന്‌ അകല്‍ച്ചയുണ്ടാകുന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന്‌ കഠിനമായ ജോലികള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത മകന്‍ റജി മാത്രമാണ്‌ മോളിയുടെ ആശ്രയം. താമസിക്കുന്നത്‌ പുറമ്പോക്ക്‌ ഭൂമിയിലെ ചെറിയ കൂരയിലും. ചികില്‍സയ്‌ക്കായി പ്രതിമാസം 5000 രൂപയിലധികം ആവശ്യമായി വരുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുമ്പോള്‍ മോളിയ്‌ക്കു മുന്നില്‍ മറ്റു മാര്‍ഗമില്ല; കരുണാര്‍ദ്രമായ സുമനസുകളല്ലാതെ.

അന്നമ്മ കോരയുടെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍: 67077505574.
എസ്‌ബിടി, ചിങ്ങവനം

അന്നമ്മ കോര
ചാമക്കാട്ടുമറ്റം
ചിങ്ങവനം
നാട്ടകം പി.ഒ.
ഫോണ്‍: 9388144137
ഉറവ വറ്റാത്ത കാരുണ്യം തേടി ഒരു അമ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക