Image

സ്വാമി വിവേകാനന്ദന്‍ സ്വാതന്ത്ര്യസമര പോരാളിയോ?

മനോഹര്‍ തോമസ്‌ Published on 29 May, 2012
സ്വാമി വിവേകാനന്ദന്‍ സ്വാതന്ത്ര്യസമര പോരാളിയോ?
പി.ടി. പൗലോസ്‌ സര്‍ഗ്ഗവേദിയില്‍ അവതരിപ്പിച്ച `വിവേകാനന്ദ സ്വാമികള്‍ ഭാരത സ്വാതന്ത്ര്യത്തിന്റെ ഉഷകാല നക്ഷത്രം' എന്ന ലേഖനം, ഭാരതീയര്‍ മറന്നുപോയ ഒരു കാലഘട്ടത്തിലേക്ക്‌ വെളിച്ചം വീശുകയാണ്‌. സ്വാമി വിവേകാനന്ദന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായിരുന്നു എന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും ഒരു പുതിയ അറിവാണ്‌. ഭാരതത്തിന്റെ നനോത്ഥാന പ്രവര്‍ത്തനങ്ങളില്‍ മാനവ സേവന മണ്‌ഡലം തെരഞ്ഞെടുത്ത സ്വാമി തനിക്ക്‌ തെറ്റെന്നു തോന്നിയ, അക്കാലത്ത്‌ നടമാടിയിരുന്ന എന്തിനെയും മുഖം നോക്കാതെ പരോക്ഷമായി വിമര്‍ശിച്ചു. പശ്ചാത്യ മേധാവിത്വം ഭാരതീയ പണ്‌ഡിതന്മാര്‍ അംഗീകരിക്കാന്‍ തുടങ്ങിയ ഒരു കാലഘട്ടത്തില്‍, നമ്മുടെ പൈതൃകവും സംസ്‌കാരവും, പാരമ്പര്യങ്ങളും ആരുടെ മുന്നിലും അടിയറ വെയ്‌ക്കേണ്ട കാര്യമില്ലെന്നും, അത്‌ ആത്മവിശ്വാസത്തിന്റേയും ദേശീയബോധത്തിന്റേയും കുറവുകൊണ്ടാണെന്ന്‌ സ്വാമി നമ്മെ ബോധവാന്മാരാക്കി.

വിദേശ മേധാവിത്വത്തിനു കീഴില്‍ നമുക്ക്‌ നഷ്‌ടപ്പെട്ട ദേശീയ ആത്മവിശ്വാസം വീണ്ടെടുക്കാനാണ്‌ തന്റെ പരമ്പരയായ പ്രസംഗങ്ങളിലൂടെ സ്വാമി ശ്രമിച്ചത്‌. കന്യാകുമാരി മുതല്‍ ഹിമാചലം വരെ സ്വാമിജിയുടെ പ്രേരണയാല്‍ ഭാരതത്തിന്റെ വൈവിധ്യങ്ങളെ സ്വരാജ്യസ്‌നേഹപരമായ ഐക്യത്തിന്റെ ആളിക്കത്തുന്ന ജ്വാലയിലേക്ക്‌ കേന്ദ്രീകരിക്കപ്പെട്ട കേവലം 39 വര്‍ഷം മാത്രമേ ഈ ഭൂമിയില്‍ ജീവിച്ചിരുന്നുള്ളൂ. എങ്കിലും അതുപോലൊരു നേതാവിനെ സ്വാമിജി പ്രത്യക്ഷപ്പെടുന്നതിനു മുമ്പ്‌ ഭാരതം കണ്ടിരുന്നില്ല.

പ്രൊഫ. എം.ജെ. ആന്റണിയുടെ പ്രസംഗം ജി. ശങ്കരക്കുറുപ്പ്‌ മുതല്‍ സച്ചിതാനന്ദന്‍ വരെയുള്ള കവികളുടെ സര്‍ഗ്ഗാത്മക ഭൂമികയിലുണ്ടായ വ്യതിയാനം രേഖപ്പെടുത്തി. എ. അയ്യപ്പനെപ്പറ്റി, സച്ചിതാനന്ദന്‍ എഴുതിയ കവിത വായിച്ചപ്പോള്‍ നിര്‍വചനങ്ങള്‍ക്ക്‌ അതീതനായ അയ്യപ്പനിലെ കവി തെളിഞ്ഞുവരുന്നത്‌ കാണാമായിരുന്നു.

ത്രേസ്യാമ്മ നാടാവള്ളി അവതരിപ്പിച്ച `മഴ' എന്ന കവിത കൊച്ചുകൊച്ചു വാക്കുകള്‍ കൊണ്ട്‌ നുറുങ്ങുവേദനകളുടെ ഒരു മായിക ഭൂമുക സൃഷ്‌ടിക്കുന്നു. അതില്‍ ഒലിച്ചുപോകുന്നത്‌ കവിയല്ല-കവി കാണാത്ത നമ്മുടെ നീറുന്ന മനസ്സാണ്‌.

റീനി മമ്പലത്തിന്റെ `ഫെയ്‌സ്‌ ബുക്ക്‌' എന്ന കഥയില്‍ കാലം മാറുന്നു. പ്രേമത്തിന്റെ നാള്‍വഴികള്‍ മാറുന്നു. ഫെയ്‌സ്‌ ബുക്കിലൂടെ തുടങ്ങുന്ന കേവലമായ ഒരു പരിചയം....ഇന്ന്‌ ഒരാളെ പ്രേമിക്കാന്‍ അതൊക്കെ മതി.നേരിട്ടു കാണണ്ട. ഒന്നിച്ച്‌ ഭക്ഷണം കഴിക്കണ്ട, സ്‌പര്‍ശ സുഖാദികള്‍ വേണ്ട. യാന്ത്രിക ലോകത്തിന്റെ ബാക്കിപത്രം പോലെ ആ കഥ നമ്മെ അലോരസപ്പെടുത്തിക്കൊണ്ടിരിക്കും. ഇവിടെ സര്‍ഗ്ഗവേദിയുടെ ഒരു സായാഹ്നം രാത്രിക്ക്‌ കീഴടങ്ങുന്നു.
സ്വാമി വിവേകാനന്ദന്‍ സ്വാതന്ത്ര്യസമര പോരാളിയോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക