Image

തൊഴിലാളിദ്രോഹം സര്‍ക്കാരിന്റെ മുഖമുദ്ര: പിണറായി വിജയന്‍

Published on 30 May, 2012
തൊഴിലാളിദ്രോഹം സര്‍ക്കാരിന്റെ മുഖമുദ്ര: പിണറായി വിജയന്‍
കൊല്ലം: തൊഴിലാളിദ്രോഹമാണ് യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും കശുവണ്ടി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ക്കുന്നതിനുള്ള നീക്കം ഇതിനു തെളിവാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കാഷ്യൂ വര്‍ക്കേഴ്സ് സെന്റര്‍-സിഐടിയു നേതൃത്വത്തില്‍ കൊല്ലം കളക്ടറേറ്റിനു മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പിണറായി. സ്വകാര്യമേഖലയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്. തൊഴിലും മറ്റ് അവകാശങ്ങളും സംരക്ഷിക്കാന്‍ ശക്തമായ പ്രക്ഷോഭത്തിന് കശുവണ്ടിത്തൊഴിലാളികള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നരവര്‍ഷം കശുവണ്ടിഫാക്ടറികള്‍ അടഞ്ഞുകിടന്നു. യുഡിഎഫ് അധികാരത്തില്‍ വന്നിട്ടുള്ള ഘട്ടങ്ങളിലൊക്കെ പരമ്പരാഗത വ്യവസായങ്ങള്‍ പ്രതിസന്ധിയിലാകുന്നതാണ് നമ്മുടെ അനുഭവം. നാടിനോടു പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ ഈ മേഖലയ്ക്കു വലിയ പ്രാധാന്യം നല്‍കും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും അതിനുമുമ്പുള്ള ഇടതുപക്ഷ സര്‍ക്കാരുകളും പരമ്പരാഗത വ്യവസായങ്ങള്‍ക്കു വലിയ പ്രോത്സാഹനം നല്‍കി. കൂടുതല്‍ തൊഴില്‍ദിനങ്ങളും മെച്ചപ്പെട്ട കൂലിയും ഉറപ്പാക്കി. കശുവണ്ടി വികസന കോര്‍പറേഷനും നല്ലനിലയില്‍ പ്രവര്‍ത്തിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ സ്ഥിതി മാറി. ഇന്നു വ്യവസായം വലിയ പ്രശ്നങ്ങള്‍ നേരിടുന്നു. കശുവണ്ടി കയറ്റുമതി കുറഞ്ഞു. പാശ്ചാത്യരാജ്യങ്ങളിലേക്കും അറബ് രാജ്യങ്ങളിലേക്കുമാണ് കശുവണ്ടി കയറ്റുമതി വലിയതോതില്‍ നടക്കുന്നത്. എന്നാല്‍ ആ രാജ്യങ്ങളില്‍ സാമ്പത്തികപ്രതിസന്ധി രൂക്ഷമായത് നമ്മുടെ കയറ്റുമതി കുറയുന്നതിനിടയാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ പ്രതിസന്ധി പരിഹരിച്ചത്് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഇറക്കിയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടി ഉണ്ടാകുന്നില്ല. ഈ സര്‍ക്കാരിനു നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസാണ് കേന്ദ്രത്തിലും ഭരണം നയിക്കുന്നത്. അവര്‍ക്കും തൊഴിലാളിദ്രോഹമാണ് മുഖ്യനയം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയം വിലക്കയറ്റം രൂക്ഷമാക്കി. ഇന്നലെ കിട്ടിയ വരുമാനംകൊണ്ട് ഇന്നു ജീവിക്കാന്‍ കഴിയാത്ത സ്ഥിതി. വിലക്കയറ്റം ജനങ്ങളുടെ ജീവിതം വല്ലാത്ത പ്രതിസന്ധിയിലാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ സിവില്‍സപ്ളൈസ് കോര്‍പറേഷനെയും കണ്‍സ്യൂമര്‍ഫെഡിനെയുംഉപയോഗിച്ച് പൊതുവിതരണം ശക്തിപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായി വിലക്കയറ്റം വലിയ അളവില്‍ ഇവിടെ പിടിച്ചുനിര്‍ത്താനായി. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ പൊതുവിതരണശൃംഖല തകര്‍ത്തു. റേഷന്‍കടകളില്‍ ഭക്ഷ്യസാധനങ്ങള്‍ കിട്ടാത്ത നിലയാണ്. ഈ സാഹചര്യത്തിലാണ് ഉള്ള തൊഴിലും കൂലിയും നഷ്ടപ്പെടുന്നതിനു സാഹചര്യമുണ്ടാക്കി കശുവണ്ടി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു തൊഴിലാളികളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. സര്‍ക്കാരിന്റെ ഈ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയരണമെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി ജെ.മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയായിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍, എം.കെ.ഭാസ്കരന്‍, കെ.വരദരാജന്‍, ഇ.കാസിം, സി.എസ്.സുജാത എന്നിവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക