Image

സിറിയന്‍ സര്‍ക്കാരിനു വിമതരുടെ അന്ത്യശാസനം

Published on 30 May, 2012
സിറിയന്‍ സര്‍ക്കാരിനു വിമതരുടെ അന്ത്യശാസനം
ഡമാസ്കസ്: സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിന്റെ ഭരണകൂടവുമായി പോരടിക്കുന്ന വിമതസേന (റിബല്‍ ഫ്രീ സിറിയന്‍ ആര്‍മി- എഫ്എസ്എ) സര്‍ക്കാരിനു അന്ത്യശാസനം നല്‍കി. ഐക്യരാഷ്ട്രസഭയുടെ വെടിനിര്‍ത്തല്‍ പദ്ധതി പാലിക്കാന്‍ സര്‍ക്കാരിനു 48 മണിക്കൂര്‍ സമയമാണ് വിമതര്‍ നല്‍കിയിരിക്കുന്നത്. ഇതിനു ശേഷവും അസാദിന്റെ സൈന്യം ആക്രമണം തുടരാനാണ് ഭാവമെങ്കില്‍ യുഎന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും എഫ്എസ്എയുടെ കേണല്‍ ഖ്വാസിം സെയ്ദിദിന്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ നടപ്പാക്കി സര്‍ക്കാര്‍ സൈന്യത്തെ ബാരക്കുകളിലേയ്ക്കു തിരിച്ചുവിളിക്കണമെന്ന കരാറായിരുന്നു യുഎന്‍ മുന്നോട്ടുവച്ചത്. എന്നാല്‍ കഴിഞ്ഞദിവസം ഹൌല നഗരത്തില്‍ സൈന്യം നടത്തിയ നരനായാട്ട് എല്ലാ വ്യവസ്ഥകളും ലംഘിക്കുന്നതായിരുന്നു. ദെയ്ര്‍ എല്‍ സോര്‍ നഗരത്തിനു സമീപത്തുനിന്നു യുഎന്‍ നിരീക്ഷകര്‍ 13 മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് വിമതസേന പ്രതികരിച്ചത്. ഇനിയും ക്ഷമിക്കാനാകില്ല, അസാദ് ഭരണകൂടം വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണം, സൈന്യത്തെ ഉടന്‍ തിരിച്ചുവിളിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന കേണല്‍ സെയ്ദിദിന്റെ വീഡിയോ സന്ദേശം സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. യുദ്ധബാധിത മേഖലയില്‍ അടിയന്തര ജീവകാരുണ്യസഹായം എത്തിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നു. ഹൌല കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ, ജര്‍മനി, ഇറ്റലി, സ്പെയിന്‍ , ഓസ്ട്രേലിയ, നെതര്‍ലാന്‍ഡ്സ്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ സിറിയന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ടര്‍ക്കിയും സിറിയന്‍ നയതന്ത്ര പ്രതിനിധിയോടു രാജ്യംവിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക