Image

രാജ്യസഭ: ചര്‍ച്ചകള്‍ സജീവം; പി.ജെ.കുര്യന് സാധ്യത

Published on 01 June, 2012
രാജ്യസഭ: ചര്‍ച്ചകള്‍ സജീവം; പി.ജെ.കുര്യന് സാധ്യത
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നതോടെ ഇരുമുന്നണികളിലും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും സജീവമായി. കെ.ഇ. ഇസ്മയില്‍, പി.ആര്‍.രാജന്‍ എന്നീ എല്‍.ഡി.എഫ് അംഗങ്ങളുടെയും കോണ്‍ഗ്രസിലെ പ്രൊഫ. പി.ജെ. കുര്യന്റെയും സീറ്റുകളാണ് ഒഴിയുന്നത്. എന്നാല്‍ നിലവിലുള്ള നിയമസഭയുടെ അംഗബലമനുസരിച്ച് രണ്ടംഗങ്ങളെ ഭരണപക്ഷത്തിന് വിജയിപ്പിക്കാനാകും. ഒരു സീറ്റ് എല്‍.ഡി.എഫിനും ലഭിക്കും. 

യു.ഡി.എഫിന് ലഭിക്കുന്ന രണ്ടു സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസിനും ഒന്ന് കേരളാ കോണ്‍ഗ്രസിനുമാണ്. കേരളാ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥി മുന്‍ എം.എല്‍.എ യായ ജോയി ഏബ്രഹാമാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 

കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റില്‍ സ്ഥാനാര്‍ഥിയാരാണെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെങ്കിലും സ്ഥാനമൊഴിഞ്ഞ പി.ജെ.കുര്യന് തന്നയാണ് സാധ്യത. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്, പി.ജെ. കുര്യന്‍ സ്ഥാനാര്‍ഥിയാകണമെന്ന താത്പര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നറിയുന്നു. കുര്യനെ രാജ്യസഭാ ഉപാധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് ഉദ്ദേശിക്കുന്നതിനാലാണ് സാധ്യത കൂടുന്നതെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

തമ്പാനൂര്‍ രവിയുടെ പേരും കോണ്‍ഗ്രസ് നേതൃത്വം രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിനായി പരിഗണിച്ചിരുന്നു. സ്ഥാനാര്‍ഥി ഭൂരിപക്ഷ സമുദായത്തില്‍ നിന്നാകണമെന്ന ചിന്ത ഇതിനു പിന്നിലുണ്ടായിരുന്നു. എന്നാല്‍ ചില സാമുദായിക സംഘടനകളടക്കം പ്രൊഫ. കുര്യന് സീറ്റ് നല്‍കുന്നതിനെ അനുകൂലിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത് തിരഞ്ഞെടുപ്പുസമിതിയാണ്. വിജ്ഞാപനം വന്നതോടെ ഉടന്‍ തന്നെ ഈ സമിതി യോഗം ചേരും.

കേരളാ കോണ്‍ഗ്രസ്, ജോയി ഏബ്രഹാമാണ് സാഥാനാര്‍ഥിയെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന്റെ പേര് ജോസഫ് വിഭാഗം ഉയര്‍ത്തിയിരുന്നെങ്കിലും പലകുറി അവസരം നിഷേധിക്കപ്പെട്ട ആളായതിനാല്‍ ജോയി ഏബ്രഹാമിന് സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് നിശ്ചയിക്കുകയായിരുന്നു. മുന്‍ എം.എല്‍.എയും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടുകയും ചെയ്ത ജോസഫ് എം.പുതുശ്ശേരിക്ക് സീറ്റ് നല്‍കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. 

ഇടതുപക്ഷത്തിന് ഒരു സീറ്റ് ലഭിക്കാനേ അര്‍ഹതയുള്ളൂവെന്നതിനാല്‍ സീറ്റ് സി.പി.എം എടുക്കും. സ്ഥാനാര്‍ഥിയാരാണെന്ന കാര്യത്തില്‍ അടുത്തയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും തീരുമാനമെടുക്കും.

ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന്‍, സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം.ലോറന്‍സ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക