Image

ബംഗ്ലാവ് ഹോം സ്‌റ്റേ ആക്കാന്‍ ടാറ്റയ്ക്ക് അധികാരമില്ല -സര്‍ക്കാര്‍

Published on 01 June, 2012
ബംഗ്ലാവ് ഹോം സ്‌റ്റേ ആക്കാന്‍ ടാറ്റയ്ക്ക് അധികാരമില്ല -സര്‍ക്കാര്‍
കൊച്ചി: മൂന്നാറിലെ ബംഗ്ലാവുകള്‍ ഹോം സ്‌റ്റേയോ ഗസ്റ്റ് ഹൗസോ ആക്കി വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ ടാറ്റയ്ക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കണ്ണന്‍ദേവന്‍ കുന്നുകളിലെ ഭൂമിയും കെട്ടിടങ്ങളും സര്‍ക്കാരിന്‍േറതാണ്. ടാറ്റയ്ക്ക് കരാര്‍ അവകാശമേയുള്ളു. ജില്ലാ കളക്ടര്‍ അവിടത്തെ ബംഗ്ലാവുകളില്‍ പരിശോധന നടത്തിയിരുന്നു. പല ബംഗ്ലാവുകളും വാണിജ്യാടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നത് കണ്ടെത്തിയിരുന്നു. പാട്ടക്കരാര്‍ ലംഘനത്തിന് നോട്ടീസ് നല്‍കിയെങ്കിലും ലഭിച്ച മറുപടി തൃപ്തികരമല്ലെന്നും റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. മൂന്നാര്‍, ദേവികുളം വില്ലേജുകളിലെ 24 ബംഗ്ലാവുകള്‍ ഹോം സ്‌റ്റേ ആക്കാന്‍ അനുമതി തേടി ടാറ്റാ ടീ നല്‍കിയ ഹര്‍ജിയിലാണിത്. ഹര്‍ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. 

ടാറ്റാ ടീ കമ്പനിക്ക് വസ്തുവില്‍ പിന്തുടര്‍ച്ചാവകാശം കിട്ടിയെന്ന് പറയുന്ന രേഖ അംഗീകൃതമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. 1976 ഡിസംബര്‍ 31ലെ കൈമാറ്റ രേഖപ്രകാരം വസ്തു കൈമാറ്റത്തിന് യു. കെ. ട്രഷറിയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും അനുമതി മാത്രമേ കിട്ടിയിട്ടുള്ളു. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും അനുമതി വാങ്ങണമെന്ന് പ്രസ്തുത രേഖയില്‍ത്തന്നെ പറയുന്നുണ്ട്. എന്നാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള അംഗീകാരം കരാറിന് ഇതുവരെ കിട്ടിയിട്ടില്ല. അതിനാല്‍ കൈമാറ്റം സാധുവല്ല. വിദേശ കമ്പനിയില്‍ നിന്നുള്ള വസ്തു കൈമാറ്റം റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുമില്ല. ഇംഗ്ലണ്ട് ആസ്ഥാനമായ ആംഗ്ലോ ഇന്ത്യന്‍ ഡയറക്ട് ആന്‍ഡ് അമാല്‍ഗമേറ്റഡ് കമ്പനി, കെ.ഡി.എച്ച്. കമ്പനി എന്നിവയില്‍ നിന്ന് ടാറ്റയ്ക്ക് കണ്ണന്‍ദേവന്‍ കുന്നുകളിലെ വസ്തുവില്‍ അവകാശം കിട്ടിയതായാണ് രേഖകളില്‍ കാണിച്ചിട്ടുള്ളത്. 

1971ലെ കെ.ഡി.എച്ച.് നിയമപ്രകാരം കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലെ മുഴുവന്‍ ഭൂമിയും കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. പിന്നീട് കൃഷിക്കായി 58, 741.82 ഏക്കര്‍ ഭൂമി കമ്പനിക്ക് കൈമാറുകയായിരുന്നു. കൃഷിക്കനുവദിച്ച വസ്തുവിലും മറ്റും കമ്പനിക്ക് കരാര്‍ അവകാശമേയുള്ളു. കരാര്‍ വ്യവസ്ഥ ലംഘിച്ച് ഇത് കൃഷിക്കല്ലാത്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. 

ബംഗ്ലാവുകള്‍ ഹോം സ്‌റ്റേ ആക്കാന്‍ ദേവികുളം, മൂന്നാര്‍ പഞ്ചായത്തുകള്‍ നേരത്തേ അനുമതി നല്‍കിയിരുന്നെങ്കിലും ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഇത് റദ്ദാക്കി. ജില്ലാ കളക്ടര്‍ക്ക് ഇതിന് അധികാരമില്ലെന്ന ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. അനുമതി നല്‍കുന്നത് സര്‍ക്കാരിന് വിരുദ്ധമായതിനാലാണ് റദ്ദാക്കാന്‍ നിര്‍ദേശിച്ചത്. അനുമതി നല്‍കിക്കൊണ്ട് 2011 ഫിബ്രവരിയില്‍ മൂന്നാര്‍, ദേവികുളം പഞ്ചായത്തുകള്‍ പ്രമേയം പാസാക്കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ തദ്ദേശസ്ഥാപന ഓംബുഡ്‌സ്മാനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക