Image

അഞ്ചുലക്ഷം തൊട്ടില്ല; കളളന് മദ്യം മതി

Published on 01 June, 2012
അഞ്ചുലക്ഷം തൊട്ടില്ല; കളളന് മദ്യം മതി
നെടുമുടി: അഞ്ചുലക്ഷം രൂപയും മദ്യക്കുപ്പികളും കണ്ടാല്‍ കള്ളന്മാര്‍ ഏതായിരിക്കും കൈക്കലാക്കുക? അഞ്ചുലക്ഷം രൂപയെടുക്കുമെന്നാണ് കരുതിയതെങ്കില്‍ തെറ്റി. കള്ളന്മാര്‍ക്കും ഇപ്പോള്‍ പണം വേണ്ട. പകരം മദ്യക്കുപ്പി മതി. നെടുമുടിയില്‍ പോലീസ് സ്‌റ്റേഷനരികിലുള്ള ബിവറേജസ് കോര്‍പറേഷനിലെ വില്‍പ്പനശാലയിലാണ് ഏതാനും മദ്യക്കുപ്പികള്‍ക്കു മുന്നില്‍ അഞ്ചുലക്ഷം രൂപയുടെ നോട്ടുകള്‍ നാണിച്ചത്.

വില്‍പ്പനശാലയിലെ കൗണ്ടറിലെ ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷത്തില്‍പ്പരം രൂപ തൊടുകപോലും ചെയ്യാതെ ഒന്‍പത് മദ്യക്കുപ്പികളുമായി കള്ളന്മാര്‍ കടന്നു. മോഷണവിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥരും പോലീസും ആദ്യം അമ്പരന്നെങ്കിലും പണം നഷ്ടമായില്ലെന്നറിഞ്ഞപ്പോള്‍ ആശ്വസിച്ചു. 

വ്യാഴാഴ്ച രാത്രി 9.30 നുശേഷവും വെള്ളിയാഴ്ച രാവിലെ 9.30 നുമിടയിലാണ് മദ്യവില്‍പ്പനശാലയുടെ മുകളിലത്തെ ഷീറ്റുപൊളിച്ച് കള്ളന്മാരെത്തിയത്. കൗണ്ടറിലുണ്ടായിരുന്ന വിവിധ ബ്രാന്‍ഡുകളിലുള്ള വിദേശമദ്യം എടുത്തശേഷം പിന്‍വാതില്‍ തുറന്ന് കള്ളന്മാര്‍ രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മദ്യവില്‍പ്പനശാലയുടെ പിന്‍വാതില്‍ തുറന്നുകിടക്കുന്നതു കണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് നെടുമുടി പോലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് ബിവറേജസ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥരെത്തി സാധനങ്ങള്‍ തിട്ടപ്പെടുത്തി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക