Image

മാംസ്യം മനുഷ്യനെ ജീവിപ്പിക്കും. മാംസം മനുഷ്യനെ കൊല്ലും

ഡോ: പി. എ. രാധാകൃഷ്ണന്‍ Published on 01 June, 2012
മാംസ്യം മനുഷ്യനെ ജീവിപ്പിക്കും. മാംസം മനുഷ്യനെ കൊല്ലും
ലോകത്തെ ജീവജാലങ്ങളെല്ലാം ഭക്ഷണം തിരെഞ്ഞെടുക്കുന്നതിനായി പഞ്ചേന്ദ്രിയങ്ങളെ ആശ്രയിക്കുന്നു. മനുഷ്യര്‍ മാത്രം പഞ്ചേന്ദ്രിയങ്ങള്‍ക്ക് പകരം ആര്‍ജിത വിജ്ഞാനത്തെ ആശ്രയിക്കുന്നു. അതിലെ തെറ്റും, ശരിയും വിജ്ഞാനം ആര്ജിക്കാനാശ്രയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആശ്രയിച്ചായിരിക്കും. ഇത്തരം അറിവുകളില്‍ തെറ്റ് പറ്റാനുള്ള സാദ്ധ്യതകള്‍ ധാരാളമുണ്ട് എന്നത് കൊണ്ട് തന്നെ മനുഷ്യന്റെ ഭക്ഷണരീതികളെക്കുറിച്ചുള്ള ഒരു ചര്‍ച്ചക്ക് എക്കാലത്തും പ്രസക്തിയുണ്ട്.

മനുഷ്യരുടെ ഭക്ഷണത്തില്‍ ഉണ്ടായിരിക്കേണ്ട ഘടകങ്ങളാണ് അന്നജവും, കൊഴുപ്പും, മാംസ്യവും, പിന്നെ ധാതു ലവണങ്ങളും. മാംസ്യം അത് ലഭ്യമാവാന്‍ മാംസം അഥവാ ഇറച്ചി തന്നെ വേണമെന്ന് ശാസ്ത്രത്തിനു തറപ്പിച്ചു പറയാന്‍ കഴിയുന്നില്ല. മനുഷ്യന്‍ സസ്യഭുക്കോ, മാംസഭുക്കോ എന്ന തര്‍ക്കവും ഇത് രണ്ടുമല്ല മിശ്രഭുക്കാന് എന്ന തര്‍ക്കവും നിലനില്ലുന്നുണ്ട്. ഇവിടെ ഒരു സത്യം അവരറിയാതെ പോകുന്നു. അത് മനുഷ്യന് മാംസഭുക്കായിട്ടു ജീവിക്കാന്‍ കഴിയില്ല എന്നും എന്നാല്‍ സസ്യഭുക്കായിട്ടു ഒരു നൂറു വര്ഷം ജീവിച്ചാലും അക്കാരണം കൊണ്ട് അവന്റെ ജീവന് യാതൊരു ഭീഷണിയും ഉണ്ടാവുന്നില്ല എന്നതുമാണ്‌. നാട്ടില്‍ വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ എന്നീ രണ്ടു തരം ഭോജനശാലകളുണ്ട്. നോണ്‍വെജിറ്റേറിയന്‍ ഭക്ഷണശാലകളില്‍ ജനങ്ങള്‍ ഭക്ഷിക്കുന്നത് നോണ്‍വെജിറ്റേറിയന്‍ അല്ല. അവര്‍ വെജിറ്റേറിയന്‍ ആയ വസ്തുക്കളുടെ കൂടെ അല്‍പ്പം നോണ്‍വെജിറ്റേറിയനും ഭക്ഷിക്കുന്നു എന്ന് മാത്രം. അതുകൊണ്ട് തന്നെ മാംസത്തിന്റെ സകല രുചിയും മണവും നശിപ്പിച്ചുകൊണ്ട് പകരം മസാലയുടെ മണത്തിന്റെയും രുചിയുടെയും സഹായത്താല്‍ അകത്താക്കുകയാണ്. മാത്രമല്ല, ശീലിക്കാത്തവര്‍ക്കത് കഴിക്കാന്‍ പറ്റുന്നുമില്ല.


മനുഷ്യരെക്കൊണ്ട്‌ മാംസം തീറ്റിക്കുന്നതിനു പിന്നില്‍ ഒരു മാംസ്യ (പ്രോട്ടീന്‍) ഭ്രമം കാണാവുന്നതാണ്. വളര്‍ച്ചയുടെ സഹായത്തിനായി ആരോഗ്യശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്‌ മാംസ്യമാണ്. അതാകട്ടെ മാംസത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്തു. ജീവജാലങ്ങളില്‍ സൃഷ്ടി, സ്ഥിതി, സംഹാരം എന്ന ഒന്നുണ്ട്. ഇന്ത്യന്‍ സംസ്കാരത്തില്‍ അതിനു ബ്രഹ്മ, വിഷ്ണു, മഹേശ്വരന്‍ എന്ന് പറയുന്നു. സ്ത്രീബീജവും, പുരുഷബീജവും ചേര്‍ന്നുണ്ടാവുന്ന സിക്താണ്ഡം പിന്നീട് പിളര്‍ന്നും, വളര്‍ന്നും കൊണ്ടിരിക്കും. അങ്ങനെ വളരുന്ന കോടിക്കണക്കിനു കോശങ്ങള്‍ ചേര്‍ന്ന് അവയവങ്ങളും, അവയവങ്ങള്‍ ചേര്‍ന്ന് മനുഷ്യനും ഉണ്ടാവുന്നു. ഭൂജാതനാവുമ്പോള്‍ മനുഷ്യന് ശരാശരി രണ്ടര കിലോഗ്രാം തൂക്കമുണ്ടാവും. അതിനൊരു ഇരുന്നൂറ്റി എന്പതു ദിവസത്തെ വളര്‍ച്ചയും കാണും. ഇവിടെ സൃഷ്ടി പൂര്‍ത്തിയായിട്ടില്ല. അതിനു ഇനിയും വേണം പത്ത് പതിനെട്ടു വര്ഷം. ഇത്രയും നീണ്ട വര്ഷം സൃഷ്ടിയുടെ കാലമാണ്. ഇക്കാലത്ത് കോശങ്ങള്‍ ജനിച്ചുകൊണ്ടേയിരിക്കും. ഇതാണ് ബാല്യകാലം വളര്‍ച്ച പൂര്‍ത്തിയായാല്‍ പിന്നെ സ്ഥിതിയുടെ കാലമാണ്. അപ്പോള്‍ നശിക്കുന്ന കോശങ്ങള്‍ക്ക് പകരം പുതിയ കോശങ്ങള്‍ ഉണ്ടാക്കുന്നു എന്നല്ലാതെ കോശങ്ങള്‍ പെരുകല്‍ നിര്‍ത്തിവെക്കുന്നു. അതാണ്‌ യൌവനകാലം. ഇത് വളരെ കാലങ്ങള്‍ നീണ്ടു നില്‍ക്കും. അതായത് സൃഷ്ടിയേക്കാള്‍ വളരെ കൂടിയതാണ് സ്ഥിതിയുടെ കാലം. അവസാനം സംഹാരത്തിനു കൈമാറും. അപ്പോള്‍ നാശത്തിന്റെ കാലമായി. ഇക്കാലത്ത് നശിക്കുന്നതിനു പകരം പുതിയ കോശങ്ങള്‍ ഉണ്ടാകുന്നില്ല. നാശം സംഭവിച്ചുകൊണ്ടേയിരിക്കും. അതാണ്‌ വാര്‍ദ്ധക്യം.


കോശങ്ങള്‍ പെരുകുന്നതിന് സഹായിക്കുന്നത് മാംസ്യമാണ് എന്ന് ആധുനിക ശാസ്ത്രത്തിനു മനസ്സിലായി. അക്കാലം തൊട്ടേ പ്രോട്ടീന്‍ ഭ്രമവും ആരോഗ്യ ശാസ്ത്രത്തില്‍ സ്ഥാനം പിടിച്ചു. പ്രോട്ടീനെ സംബന്ധിക്കുന്ന ഈ കണ്ടെത്തലില്‍ ജീവികളുടെ വളര്‍ച്ചയുടെ കാലത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ക്ക് തെറ്റ് പറ്റി. ജീവജാലങ്ങളില്‍ എല്ലാറ്റിനും സൃഷ്ടിയും സ്ഥിതിയും സംഹാരവുമുന്ടെങ്ങിലും അതിന്റെ ദൈര്‍ഘ്യം ഓരോ ജീവജാലത്തിനും വ്യത്യസ്തമാണ് എന്ന കാര്യം അവര്‍ മനസ്സിലാക്കാതെ പോയി. ഒരു പശുവിന്റെ സൃഷ്ടി രണ്ടു വര്ഷം കൊണ്ട് തീരുന്നു. അത് കൊണ്ട് തന്നെ അതിന്റെ ഭക്ഷണമായ പാല്‍ പ്രോട്ടീന്‍ സമൃദ്ധവുമാണ്. മാത്രമല്ല വളര്‍ച്ചയുടെ പകുതി കാലം അതിനു പ്രോട്ടീന്‍ സമൃദ്ധമായ അതിന്റെ അമ്മയുടെ പാല്‍ കുടിക്കുകയും ചെയ്യാം. പശുവിന്റെ സൃഷ്ടികാലത്തെ അപേക്ഷിച്ച് വളരെ ദൈര്‍ഘ്യമുള്ളതാണ് മനുഷ്യന്റെ സൃഷ്ടികാലം. അതുകൊണ്ട് തന്നെ മനുഷ്യകുഞ്ഞിന്റെ ഭക്ഷണമായ അമ്മിഞ്ഞപാലില്‍ ഒരു ശതമാനം മാത്രമേ പ്രോട്ടീന്‍ പ്രകൃതി അനുവദിച്ചിട്ടുള്ളൂ. രണ്ടു കൂട്ടരെയും വളര്‍ത്തുന്നത് പ്രോട്ടീന്‍ തന്നെയാണ്. വേഗത്തില്‍ വളരേണ്ടതിനു ധാരാളം പ്രോട്ടീനും, സാവധാനം വളരേണ്ടതിനു കുറഞ്ഞ പ്രോട്ടീനും നല്‍കാന്‍ പ്രകൃതി തീരുമാനിച്ചു എന്ന് മാത്രം. പ്രോട്ടീന്‍ ജീവജാലങ്ങളെ വളര്‍ത്തും എന്ന ഒരു സത്യം മാത്രം കണ്ടെത്തിയെങ്കിലും അതിന്റെ മുഴുവന്‍ രഹസ്യങ്ങളും ശാസ്ത്രത്തിനറിയാതെ പോയി. അതാണ്‌ ആര്‍ജ്ജിത വിജ്ഞാനവും നൈസര്‍ഗിക വിജ്ഞാനവും തമ്മിലുള്ള വ്യത്യാസം.

പ്രോട്ടീന്‍ ഭ്രമമാണ് ശാസ്ത്രത്തെ മാംസത്തിലേക്ക് നയിച്ചത്. മനുഷ്യന് അവന്റെ ഭക്ഷണത്തില്‍ പതിനഞ്ചു മുതല്‍ ഇരുപതു ശതമാനം വരെ മാംസ്യം വേണ്ടതാണ് എന്ന് ആധുനിക ശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക്‌ വളര്‍ച്ചയുടെ ഭാഗമായി ധാരാളം പ്രോട്ടീന്‍ വേണമെത്രേ. ശരീരത്തിലെ ഘടകവസ്തുക്കളില്‍ ഒന്നായ നൈട്രജന്‍ മൂന്നു ശതമാനം മാത്രമാണ് ശരീരത്തിലുള്ളത്. അത് കൊണ്ട് തന്നെ മനുഷ്യന് അവന്റെ ഭക്ഷണത്തില്‍ ആകെ മൂന്നു ശതമാനം മാത്രമേ പ്രോട്ടീന്‍ ആവശ്യമുള്ളു.

ജീവന്റെ നിലനില്‍പ്പ്‌ ഭക്ഷണത്തെ പോലെ വിസര്‍ജ്ജനത്തെയും ആശ്രയിച്ചാണ്. ദിവസങ്ങളോളം ഭക്ഷണമില്ലാതെ ശരീരം ജീവിക്കും. വിസര്‍ജ്ജനമില്ലാതെ മണിക്കൂറുകള്‍ പോലും ജീവിക്കാന്‍ ശരീരത്തിനാവില്ല. ശ്വാസകോശം വഴിയുള്ള വിസര്‍ജനം മൂന്നു മിനുട്ട് സമയം നിര്‍ത്തി വെച്ചാല്‍ മതി ശരീരം മരണത്തെ പ്രാപിക്കുകയായി. ശരീരത്തിന്റെ മറ്റൊരു വിസര്‍ജനമാണ് മലവിസര്‍ജനം. മലവിസ്ര്‍ജനത്തിനു തടസം നേരിടുന്നതും വ്യക്തിയെ മരണത്തിലേക്ക് നയിക്കും. ദിവസത്തില്‍ പല തവണ ഭക്ഷിക്കുന്ന ജീവികള്‍ക്ക് പലതവണയും, ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഭക്ഷിക്കുന്ന ജീവികളില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയും ആണ് മലവിസര്‍ജനം ഉണ്ടാവുന്നത്. ദിവസത്തില്‍ നാല് തവണ ഭക്ഷിക്കുന്ന ആധുനിക മനുഷ്യന് നാല് ദിവസത്തിലൊരിക്കലാണ് മലവിസര്‍ജനം ഉണ്ടാവുന്നത്. ഇതിന്റെ കാരണം ഭക്ഷണത്തില്‍ നാരുകള്‍ ഇല്ലാത്തതാണ്. ഒരു ജീവിയുടെ ദഹനവ്യൂഹങ്ങള്‍ക്ക് കൈകാര്യം ചെയാന്‍ കഴിയുന്നതായിരിക്കണം അതിന്റെ ഭക്ഷണം. മനുഷ്യരുടെ ഭക്ഷണം കുടലിലൂടെ സഞ്ചരിക്കുന്നത് സെല്ലുലോസ് ഫൈബര്‍ എന്ന നാരുകളുടെ സഹായത്താലാണ്. ഇറച്ചിയില്‍ നാരുകള്‍ ഒട്ടും തന്നെയില്ല. അതുകൊണ്ട് തന്നെ മാംസം കഴിച്ചാല്‍ പിന്നെ അത് കുടലിലൂടെ സുഗമമായി സഞ്ചരിക്കില്ല. അത് കുടലിന്റെ പല ഭാഗത്തായി പറ്റിപ്പിടിച്ചു ജീര്‍ണ്ണിക്കുന്നു. ഈ സമയം അതില്‍ നിന്നും പലതരം വാതകങ്ങള്‍ മനുഷ്യന്റെ ശരീരമനസുകളുടെ സുഗമമായ പ്രവര്‍ത്തികള്‍ക്ക് തടസം നേരിടുന്നു.

മാംസത്തില്‍ വ്യത്യസ്ഥാനുപാതത്തോട്‌ കൂടിയ ഇരുപതോളം അമിനോ അമ്ലങ്ങളുണ്ട്. ഇവ പേശിയുടെ നിര്‍മാണത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. മനുഷ്യന്റെ ഭക്ഷണത്തില്‍ വളരെ അത്യാവശ്യമുള്ളതും, അതുപോലെതന്നെ കൂടിപ്പോയാല്‍ ജീവനാപത്തുള്ളതുമാണ് മാംസം. അധികം വരുന്ന മറ്റു ഭക്ഷ്യഘടകങ്ങളായ അന്നജവും, കൊഴുപ്പും സൂക്ഷിക്കാന്‍ ശരീരത്തില്‍ വ്യവസ്ഥയുണ്ട്. അധികം വരുന്ന മാംസ്യം വിസര്‍ജിച്ചു കളയുകയാണ് പതിവ്. മാംസ്യത്തെ ജീര്‍ണ്ണിപ്പിച്ചാണ് വിസര്‍ജിക്കുന്നത്. ഇങ്ങനെ ജീര്‍ണ്ണിക്കുന്ന മാംസ്യത്തില്‍ നിന്ന് ഇന്ടോള്‍, സ്കാടാല്‍, ട്രോമെന്‍സ്, അമോണിയ എന്നീ വിഷവാതകങ്ങള്‍ ഉണ്ടാവുന്നു. ഈ വാതകങ്ങള്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ലോകത്ത് വന്‍കുടല്‍ കാന്‍സര്‍ ധാരാളമായി കണ്ടുവരുന്നത്‌ മാംസഭക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന നാടുകളിലാണ് എന്നതും ശ്രദ്ധേയമാണ്. ലോകമാര്‍ക്കറ്റില്‍ ഏറ്റവും വില കുറഞ്ഞത്‌ ഇന്ത്യന്‍ കോഴിമുട്ടയാണ് . മുട്ടയ്ക്ക് വേണ്ടി വളര്‍ത്തുന്ന കോഴികളെക്കൊണ്ട് വര്‍ഷത്തില്‍ മുന്നൂറ്റിയറുപത്തഞ്ചു ദിവസവും മുട്ടയിടുവിക്കാനുള്ള വിദ്യ നമുക്കറിയാം. ഇങ്ങനെ മുട്ടയിടുന്ന കോഴികള്‍ക്ക് കാന്‍സര്‍ വന്നാണ് മരണം സംഭവിക്കുന്നത്‌. പക്ഷെ അത്തരം കോഴികളെ ഹോംഗോളജിസ്റ്റ് ന്റെ ചികിത്സക്ക് വിധേയമാക്കുകയല്ല, പകരം അത് മനുഷ്യന്റെ ഭക്ഷണമായി തീരുകയാണ് പതിവ്.

ഇന്ന് സര്‍വസാധാരണമായി തീര്‍ന്നിട്ടുള്ള മാംസഭക്ഷണം കോഴിയാണ്. ഗ്രാമങ്ങള്‍ തോറും കോഴിക്കടകളുണ്ട്. ഒരു കോഴിയുടെ ഏറ്റവും കുറഞ്ഞ കുട്ടിപ്രായം- അമ്മയില്‍ നിന്നും വേര്‍പിരിയാനുള്ള പ്രായം - മൂന്നു മാസമാണ്. ഇന്ന് നാട്ടില്‍ കഴിച്ചുവരുന്ന കോഴിയിറച്ചി അതിന്റെ കുട്ടിപ്രായം പിന്നിടാനുള്ള മൂന്നു മാസം കൊണ്ട് തന്നെ രണ്ടു തലമുറയുടെ വളര്‍ച്ച പൂര്‍ത്തിയാക്കുന്നു. ഇത് കൃഷിയില്‍ പൂവന്‍പഴത്തെ നെന്ത്രപ്പഴത്തോളം വലുതാക്കിയ ഹരിതവിപ്ലവവും, പാലുല്‍പ്പാദനത്തില്‍ നാലുനാഴിപ്പാല് നാല്പ്പതുനാഴിയാക്കിയ ധവളവിപ്ലവവും പോലെ ശാസ്ത്രത്തിന്റെ പിന്ബലത്താല്‍ ചെയ്തതാണെന്ന് എല്ലാവര്‍ക്കുമറിയാം. ശാസ്ത്രത്തിന്റെ ഭാഷയില്‍ അത് മനുഷ്യഭക്ഷണത്തില്‍ ഏറെ മുതല്‍ക്കൂട്ടായി ചൂണ്ടിക്കാട്ടുന്നു. പക്ഷെ മാംസഭക്ഷണത്തില്‍ അത്യന്തം അപകടം പിടിച്ച ഒന്നാണ് എന്ന് ദിനംപ്രതി നമ്മുടെ പത്രമാസികകളിലും, ദ്രിശ്യമാധ്യമങ്ങളിലും കണ്ടുവരുന്നു. എന്നിട്ടും മലയാളിയുടെ വിശേഷപ്പെട്ട വിഭവം ചിക്കെന്‍ ബിരിയാണി തന്നെ. രക്തത്തിന് ഒരു സ്ഥിതിസ്ഥിരതയുണ്ട്. രക്തത്തിന്റെ സ്ഥിതിസ്ഥിരതയെ ആശ്രയിച്ചാണ് ശരീരമനസുകളുടെ സുസ്ഥിരമായ നിലനില്‍പ്പും. ബ്രോയിലെര്‍ കോഴി കഴിക്കുന്നവരില്‍ രക്തത്തിന്റെ സ്ഥിതിസ്ഥിരത തെറ്റുന്നു. ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാവുന്നു. തന്മൂലം പെണ്‍കുട്ടികള്‍ നേരത്തെ ഋതുമതികളാവുന്നു. ആണ്‍കുട്ടികളില്‍ 'പെണ്ണത്വം' ഉണ്ടാവുകയും ചെയുന്നു. ഈ ഹോര്‍മോണ്‍ വ്യതിയാനം പെണ്‍കുട്ടികളില്‍ പിന്നീട് സ്തനാര്‍ബുദം ഉള്‍പ്പെടെ മാരകമായ പല പല രോഗത്തിനും കാരണമാവുന്നു എന്നതുപോലെ ആണ്‍കുട്ടികളില്‍ സന്താനോല്പാദനത്തിനും തടസം നേരിടുന്നു. പണ്ട് വന്ധ്യകരണത്തിനായി സര്‍ക്കാര്‍ ഒരുപാട് പണം ചെലവഴിച്ചിരുന്നു. ഇന്നാ കാശ് കോഴിക്കടക്കാര്‍ക്ക് ഗ്രാന്റായി നല്‍കിയാല്‍ മതി. കാര്യം എളുപ്പമായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക