Image

വി.കെ. സിംഗിനെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്നു ബിഇഎംഎല്‍

Published on 01 June, 2012
വി.കെ. സിംഗിനെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്നു ബിഇഎംഎല്‍
ബാംഗളൂര്‍: കമ്പനിക്കെതിരേ പ്രസ്താവനകള്‍ നടത്തിയ കരസേനാ മുന്‍ മേധാവി ജനറല്‍ വി.കെ. സിംഗിനെതിരേ മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്ന് പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്(ബിഇഎംഎല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.ആര്‍.എസ്. നടരാജന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബിഇഎംഎലിന്റെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് ജനറല്‍ വി.കെ. സിംഗ് ഒരു ചാനലിനോടു പറഞ്ഞിരുന്നു. പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ചു ജനറല്‍ സിംഗില്‍നിന്നു ക്ഷമാപണമോ തിരുത്തലോ ഉണ്ടായില്ലെങ്കില്‍ മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്നു നടരാജന്‍ പറഞ്ഞു. ബിഇഎംഎല്‍ ഒരു സൈനികോപകരണവും നിര്‍മിക്കുന്നില്ല. റെയില്‍വേ, നിര്‍മാണ യന്ത്രങ്ങള്‍, ഡ്രജിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവയാണു ബിഇഎംഎലിന്റെ മേഖലകള്‍. ജനറല്‍ സിംഗിന്റെ പ്രസ്താവന കമ്പനിയുടെ സല്‍പ്പേരിനെ ബാധിച്ചു. 49 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബിഇഎംഎല്‍. ടട്ര ട്രക്കിന്റെ ഗുണനിലവാരം സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് ഒരു കത്തുപോലും ലഭിച്ചിട്ടില്ല-നടരാജന്‍ പറഞ്ഞു. ടട്ര ട്രക്ക് ഇടപാടിന്റെ പേരില്‍ നടരാജന്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. അതേസമയം ടട്ര ട്രക്ക് ഇടപാടു സംബന്ധിച്ചുള്ള പ്രസ്താവനയില്‍ ക്ഷമാപണം നടത്തണമെന്ന വി.ആര്‍.എസ്. നടരാജന്റെ ആവശ്യം ജനറല്‍ വി.കെ. സിംഗ് തള്ളിക്കളഞ്ഞു. താന്‍ ഒന്നും ആരോപിച്ചിട്ടില്ലെന്നും വസ്തുതകള്‍ വ്യക്തമാക്കുകയാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക