Image

നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ് തുടങ്ങി

Published on 01 June, 2012
നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ് തുടങ്ങി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണു വോട്ടെടുപ്പ്. 1,64,856 വോട്ടര്‍മാരാണു മണ്ഡലത്തിലുള്ളത്. ഇതില്‍ 85,441 സ്ത്രീവോട്ടര്‍മാരും 79,415 പുരുഷ വോട്ടര്‍മാരുമാണ്. മൊത്തം 143 ബൂത്തുകളിലാണുള്ളത്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.

നെയ്യാറ്റിന്‍കര നഗരസഭയും, അതിയന്നൂര്‍, ചെങ്കല്‍, കുളത്തൂര്‍, കാരോട്, തിരുപുറം പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണു നെയ്യാറ്റിന്‍കര നിയോജക മണ്ഡലം. യുഡിഎഫിലെ ആര്‍. ശെല്‍വരാജ്, എല്‍ഡിഎഫിലെ അഡ്വ. എഫ്. ലോറന്‍സ്, ബിജെപിയിലെ ഒ. രാജഗോപാല്‍ എന്നിവരാണു പ്രധാന സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,57,004 വോട്ടര്‍മാരാണുണ്ടായിരുന്നത്. കഴിഞ്ഞ തവണത്തെക്കാള്‍ 7852 വോട്ടര്‍മാര്‍ ഇപ്രാവശ്യം കൂടുതലുണ്ട്. കഴിഞ്ഞ തവണ 71.15 ശതമാനമായിരുന്നു പോളിംഗ്. അതേസമയം, വാശിയേറിയ പ്രചാരണത്തിന്റെ പശ്ചാത്തലമുള്ളതിനാല്‍ പോളിംഗ് ശതമാനം ഇത്തവണ ഉയരുമെന്നാണു പ്രതീക്ഷ.

അതേസമയം, പ്രമുഖ സ്ഥാനാര്‍ഥികളില്‍ വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എഫ്. ലോറന്‍സിന് മാത്രമാണുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിനും ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലിനും നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ വോട്ടില്ല. ലോറന്‍സ് കാരോട് പഞ്ചായത്തിലെ എറിച്ചല്ലൂര്‍ എല്‍പിജിഎസില്‍ രാവിലെ തന്നെ വോട്ടു ചെയ്യാന്‍ എത്തിയിട്ടുണ്ട്.

 വോട്ടെടുപ്പു പൂര്‍ത്തിയാക്കിയാല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിലെത്തി തിരിച്ചേല്പിക്കും. വോട്ടിംഗ് യന്ത്രങ്ങള്‍ സ്വാതി തിരുനാള്‍ സംഗീത കോളജിലേക്കു കൊണ്ടുപോകും. 15-നാണു വോട്ടെണ്ണല്‍. സുരക്ഷയ്ക്കായി രണ്ടായിരത്തോളം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 83 പ്രശ്ന സാധ്യതാ ബൂത്തുകളിലും 17 അതീവ പ്രശ്നബാധിത ബൂത്തുകളിലും സിഎഐഎസ്എഫിന്റെ പ്രത്യേക കാവലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക