Image

ചോക്ളേറ്റ് ഹൃദയാരോഗ്യത്തിനു ഉത്തമമെന്ന്

Published on 01 June, 2012
ചോക്ളേറ്റ് ഹൃദയാരോഗ്യത്തിനു ഉത്തമമെന്ന്
സിഡ്നി: ചോക്ളേറ്റിന്റെ ഉപയോഗം കുറയ്ക്കണമെന്ന് പൊതുവെ ഡോക്ടര്‍മാര്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ ഇവ ഹൃദയത്തിന് ഗുണം ചെയ്യുന്നതായാണ് പുതിയ പഠന റിപ്പോര്‍ട്ട്. ദിവസവും ചെറിയ അളവില്‍ 'ഡാര്‍ക്ക് ചോക്ളേറ്റ്' കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്നാണ് കണ്ടെത്തല്‍. ഹൃദ്രോഗത്തെ 50 ശതമാനം വരെ ചെറുക്കാന്‍ ചോക്ളേറ്റിനു കഴിയും. കൂടാതെ സ്ട്രോക്ക് അടക്കമുള്ള രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു.

70 ശതമാനം കൊക്കോ ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ചോക്ളേറ്റിനാണ് ഈ ഗുണമുള്ളത്. ദിവസവും നൂറു ഗ്രാം ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി. ചോക്ളേറ്റിലെ ഫ്ളവനോയിഡ്സ്, ഫ്ളവനോള്‍ എന്നീ ഘടകങ്ങള്‍ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ചോക്ളേറ്റിലടങ്ങിയിട്ടുള്ള ഫ്ളവനോള്‍സ് രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും ശരീരത്തിലെ ചില ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും സഹായിക്കും. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൂട്ടാനും ഈ ഘടകങ്ങള്‍ സഹായിക്കുന്നു. അതേസമയം, മില്‍ക് ചോക്ളേറ്റില്‍ പോഷക ഗുണങ്ങള്‍ വളരെ കുറവാണ്. ഹൃദയാരോഗ്യത്തിന് ഗുണകരമെന്ന് കരുതി അമിതമായി ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കേണ്ട. കാരണം ചോക്ളേറ്റില്‍ കൊഴുപ്പും ഊര്‍ജ്ജവും ഉയര്‍ന്ന അളവിലാണ് ഉള്ളത്. അമിതമായാല്‍ അമൃതും വിഷമെന്ന് സാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക