Image

നെയ്യാറ്റിന്‍കരയില്‍ കനത്ത പോളിംഗ്

Published on 02 June, 2012
നെയ്യാറ്റിന്‍കരയില്‍ കനത്ത പോളിംഗ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയുടെ മനസറിയാന്‍ വിധിയെഴുത്ത് ആരംഭിച്ചു. രാവിലെ എഴു മണിയ്ക്ക് തന്നെ 143 ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം അഞ്ചു മണിവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ തന്നെ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ഒരു മണി പിന്നിടുമ്പോള്‍ 50.5 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരം. എന്നാല്‍ 55 ശതമാനം പോളിംഗെങ്കിലും ഇതിനകം ഉണ്ടായിട്ടുണ്ടെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്.

 ബൂത്തുകളിലെല്ലാം രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട ക്യൂ കാണാമായിരുന്നു. 1,64,856 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. കനത്ത സുരക്ഷയില്‍ തന്നെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രശ്ന ബാധിത മേഖലകളില്‍ കേന്ദ്രസേനയുടെ സാന്നിധ്യവുമുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 1900-ത്തോളം പോലീസുകാരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത്.

 15 സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ ജനവിധി തേടുന്നത്. രാവിലെ തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സ് എറിച്ചെല്ലൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസില്‍ വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍ സെല്‍വരാജിനും ബി.ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലിനും മണ്ഡലത്തില്‍ വോട്ടില്ല. പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം പോളിംഗ് ബൂത്തുകളിലെത്തി വോട്ടര്‍മാരെ സന്ദര്‍ശിക്കുന്നുണ്ട്.

ലഭിക്കുന്ന വിവരം അനുസരിച്ച് അതിയന്നൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. ആദ്യ നാലു മണിക്കൂറില്‍ 48 ശതമാനത്തോളം പേര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ 46ശതമാനത്തോളവും തിരുപുറം കാരോട് കുളത്തൂര്‍ പഞ്ചായത്തുകളില്‍ 41 ഉം 42ഉം 44ഉം ശതമാനത്തോളം വോട്ടും രേഖപ്പെടുത്തി. ആദ്യ മണിക്കൂറുകളില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് ചെങ്കല്‍ പഞ്ചായത്തിലാണ്. നെയ്യാറ്റിന്‍കര നഗര പ്രദേശത്തും രാവിലെ ചെറിയ രീതിയില്‍ മഴ പെയ്തിരുന്നു. ഇതു പോളിംഗ് ശതമാനം കുറയ്ക്കുമോ എന്ന് ആദ്യം ആശങ്ക പരത്തിയിരുന്നെങ്കിലും പിന്നീട് മഴ മാറിയതോടെ പോളിംഗ് കൂടി.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ആര്‍ സെല്‍വരാജ് പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് എം.എല്‍.എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

സെല്‍വരാജ് ഇപ്പോള്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. ബി.ജെ.പി സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ എത്തിയതോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. അഞ്ചാം മന്ത്രിവിവാദവും കോണ്‍ഗ്രസിലെ പടലപ്പിണക്കവും ശെല്‍വരാജിന്റെ കാലുമാറ്റവും ഉയര്‍ത്തിക്കാട്ടിയാണ് ഇടതുമുന്നണി വോട്ട് പിടിച്ചത്. ടി.പി ചന്ദ്രശേഖരന്‍ വധവും അതിനെ തുടര്‍ന്ന് വി.എസും പാര്‍ട്ടിയും തമ്മിലുള്ള ഏറ്റുമുട്ടലും എം.എം മണിയുടെ വിവാദ പ്രസ്താവനകളും യു.ഡി.എഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ജനകീയ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് വോട്ട് പിടിച്ചത്. ഇടതു -വലതു മുന്നണികളുടെ ദുര്‍ഭരണവും കാലുമാറ്റ-കൊലപാതക രാഷ്ട്രീയവും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി വോട്ടു തേടിയത്. നാടാര്‍, ഇഴവ നായര്‍ വിഭാഗങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള ഈ മേഖലയില്‍ ജാതി വോട്ടുകളും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക