Image

ഒരേ മനസും ഹൃദയവുമായി ലോകം ഒന്നിക്കണം: ബിഷപ്‌ തോമസ്‌ ചക്യാത്ത്‌

Published on 03 June, 2012
ഒരേ മനസും ഹൃദയവുമായി ലോകം ഒന്നിക്കണം: ബിഷപ്‌ തോമസ്‌ ചക്യാത്ത്‌
കൊച്ചി: ദൈവത്തെ ജാതി മത ചിന്തകള്‍ക്കതീതമായി പിതാവേ എന്നുവിളിച്ച്‌ ഒരേ മനസും ഒരേ ഹൃദയവുമായി ലോകം ഒന്നിക്കണമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യാത്ത്‌ അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന ദ്വിദിന ദേശീയ അല്‌മായ നേതൃസമ്മേളനത്തില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു മാര്‍ ചക്യാത്ത്‌.

സമൂഹത്തില്‍ തീരുമാനങ്ങള്‍ രൂപം കൊള്ളേണ്ടത്‌ മനുഷ്യമനസ്സുകളിലാണ്‌. പ്രാര്‍ത്ഥനയുടെ അരൂപിയില്‍ നിറഞ്ഞുനിന്ന്‌ തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ നമുക്കാകണം. പ്രപഞ്ചം ജീവജാലങ്ങള്‍ക്കുവേണ്ടിയുള്ള താണ്‌. ജീവനെതിരെ ഉയരുന്ന വെല്ലുവിളകള്‍ അപലപനീയമാണെന്ന്‌ മാര്‍ ചക്യാത്ത്‌ പറഞ്ഞു.

സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്‌റ്റിയന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍, ഡോ.സാബു ഡി മാത്യു, അഡ്വ.ബിനു മൂലന്‍, സൈബി അക്കര, ടോമിച്ചന്‍ അയ്യരുകുളങ്ങര, ജോമി ചെറുകാട്ട്‌, പി.ജെ.എബ്രാഹം പടിഞ്ഞാററയ്‌ക്കല്‍, ആനി മത്തായി മുതിരേന്തി എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തില്‍ അല്‌മായ പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച്‌ അഡ്വ.പി.പി.ജോസഫ്‌, സോണി നെല്ലിയാനി, സിജോ പൈനാടത്ത്‌, സാബു ജോസ്‌, കെ.പി.ചാക്കപ്പന്‍, കെ.പി.ലോറന്‍സ്‌, ജോബി മൂലയില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.


ജീവനെ നശിപ്പിക്കുന്ന രാഷ്‌ട്രീയ ശൈലി അപലപനീയം

മനുഷ്യജീവന്‌ ഭീഷണിയുളവാക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തനശൈലി അപലപനീയമാണെന്നും അത്തരം ശൈലിയില്‍ നിന്നും രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ പിന്തിരിയണമെന്നും സീറോ മലബാര്‍ സഭ ദേശീയ അല്‌മായ നേതൃസമ്മേളനം ആവശ്യപ്പെട്ടു.

സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സഭാ ആസ്ഥാനമായ കൊച്ചി കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ 2012 ജൂണ്‍ 02,03 തീയതികളില്‍ ചേര്‍ന്ന സീറോ മലബാര്‍ സഭയിലെ ഇന്ത്യയിലെ വിവിധ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരുടെയും മിഷന്‍ കേന്ദ്രങ്ങളിലെ അല്‌മായ സെക്രട്ടറിമാരുടെയും പ്രത്യേക ക്ഷണിതാക്കളുടെയും ദേശീയ അല്‌മായ സമ്മേളനത്തില്‍ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അവതരിപ്പിച്ച്‌ അംഗീകരിച്ച പ്രമേയങ്ങള്‍.

1. മനുഷ്യജീവന്‌ ഭീഷണി ഉയര്‍ത്തുന്ന ജനകീയ സമരങ്ങള്‍ക്ക്‌ സഭ പിന്തുണ നല്‌കും. എന്നാല്‍ ഭാരതത്തിന്റെ ജനാധിപത്യ മതേതരത്വ സംവിധാനങ്ങള്‍ക്ക്‌ ഇടര്‍ച്ചയേകുന്ന ദേശവിരുദ്ധമായ എല്ലാ പ്രക്ഷോഭണങ്ങളേയും നാം അപലപിക്കുന്നു. ഹൈറേഞ്ചിലെ പട്ടയം, മുല്ലപ്പെരിയാര്‍ ഡാം പോലുള്ള പ്രശ്‌നങ്ങളില്‍ സമചിത്തത വെടിയാതെ തന്നെ അധികാരികളുടെ ഭാഗത്തുനിന്നും ഉടന്‍ നടപടികളുണ്ടാകണം. മനുഷ്യജീവനും സ്വത്തിനും വെല്ലിവിളികളുയരുമ്പോള്‍ അതിനെതിരെ പ്രതികരിക്കുവാന്‍ സഭാമക്കള്‍ ധാര്‍മ്മികമായി ബാധ്യസ്ഥരാണ്‌.

2. ദൈവത്തിന്റെ സൃഷ്‌ടിയായ മനുഷ്യനും സര്‍വ്വചരാചരങ്ങളും ഉള്‍പ്പെടുന്ന ലോകത്തില്‍ ജീവന്റെ സംരക്ഷണത്തിനായി നിലനില്‍ക്കുവാനും അതിനുവേണ്ടി പ്രവര്‍ത്തിക്കുവാനും ക്രൈസ്‌തവര്‍ക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച്‌ ഈ സമ്മേളനം ഓര്‍മ്മിപ്പിക്കുന്നു. പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന സൂക്ഷ്‌മജീവിയെയും ഹരിതസസ്യങ്ങളെയും മനുഷ്യജീവനെയും സംരക്ഷിക്കുവാനുള്ള കടമ നാം ഏറ്റെടുക്കണം.

3. സമൂഹത്തെ ഭീതിയിലാക്കുന്ന കൊലപാതകങ്ങളും, ഗുണ്ടാ ആക്രമണങ്ങളും, ലൈംഗീക അരാജകത്വവും ചിലരുടെ തെറ്റായ ചിന്തകളുടെ പരിണിത ഫലങ്ങളാണ്‌. വിശ്വാസത്തിനെതിരായ ഇത്തരം പ്രത്യയശാസ്‌ത്രങ്ങളെ നാം തിരിച്ചറിയുകയും പുതുതലമുറയെ നേരായ ദിശയില്‍ കൊണ്ടുവരുവാന്‍ പരിശ്രമിക്കുകയും വേണം.

4. രാഷ്‌ട്രീയ മുന്നണികളുടെ മുഖം നോക്കാതെ സത്യത്തിനും നീതിക്കുംവേണ്ടി പ്രവര്‍ത്തിക്കുവാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്‌. രാഷ്‌ട്രീയനേതൃത്വങ്ങളുടെ ഉപകരണങ്ങളായി സഭയെ ആരെങ്കിലും കാണുന്നുവെങ്കില്‍ അതു ശരിയല്ല. ദൈവത്തിന്റേത്‌ ദൈവത്തിനും സീസറിന്റേത്‌ സീസറിനും എന്നതാണ്‌ എക്കാലത്തേയും നമ്മുടെ ചിന്തകള്‍. അതിനാല്‍ ആര്‍ക്കും നാം നമ്മുടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം തീറെഴുതി നല്‌കിയിട്ടില്ല.

5. ജീവന്‌ ഭീഷണി ഉയര്‍ത്തുന്ന ക്യാന്‍സര്‍, എയ്‌ഡ്‌സ്‌ തുടങ്ങിയ മാരക രോഗങ്ങള്‍ക്കെതിരെ കൂട്ടായി ചിന്തിക്കുവാനും അവ പ്രാവര്‍ത്തികമാക്കുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പില്‍ വരുത്തണം. മാലിന്യ സംസ്‌കരണത്തിനും പൊതുസ്ഥലത്ത്‌ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനുമെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം.

6. സഭയുടെ വിദ്യാഭ്യാസ, ആരോഗ്യ തലങ്ങളിലെ വിവിധ സ്ഥാപനങ്ങള്‍ സഭാമക്കള്‍ക്ക്‌ ഒരു തരത്തിലുമുള്ള നീതിനിഷേധങ്ങള്‍ക്കും വേദിയാകരുത്‌. ആതുരശുശ്രൂഷ, വിദ്യാഭ്യാസ രംഗങ്ങളില്‍ സേവനം ചെയ്യുന്നവര്‍ക്ക്‌ അവകാശങ്ങള്‍ നിഷേധിക്കാതെ അര്‍ഹമായ ജീവിത വേതനം നല്‍കേണ്ടതാണ്‌.

7. കേരളത്തില്‍ നിന്ന്‌ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ജോലിക്കായുള്ള കേരള സമൂഹത്തിന്റെ കുടിയേറ്റം പൂര്‍ണ്ണതയിലെത്തുന്നു. ഭാവിയില്‍ അവസരങ്ങള്‍ കുറയും. കാര്‍ഷിക കുടിയേറ്റത്തിന്റെ അനന്തസാധ്യതകള്‍ ഫലപ്രദമാക്കുവാന്‍ ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു. ആഗോളതലത്തില്‍ കുടിയേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കണം.

8. സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക്‌ ഇന്ത്യയുടെ ജനാധിപത്യ സംവിധാന ഭരണരംഗങ്ങളില്‍ ഏതെങ്കിലും പദവി നല്‍കുന്നത്‌ ഔദാര്യമായിട്ടാകരുതെന്നും അര്‍ഹതയുള്ളവര്‍ക്ക്‌ അര്‍ഹതപ്പെട്ട പദവികള്‍ നിഷേധിക്കുവാന്‍ ഇടവരുത്തുകയുമരുതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സീറോ മലബാര്‍ സഭ അല്‌മായ ദേശീയ സമ്മേളനം ഓര്‍മ്മിപ്പിക്കുന്നു.
ഒരേ മനസും ഹൃദയവുമായി ലോകം ഒന്നിക്കണം: ബിഷപ്‌ തോമസ്‌ ചക്യാത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക