Image

കെട്ടുറപ്പോടെ മുന്നോട്ടുപോകാന്‍ കഴിഞ്ഞത് നേട്ടമെന്ന് മുഖ്യമന്ത്രി

Published on 04 June, 2012
കെട്ടുറപ്പോടെ മുന്നോട്ടുപോകാന്‍ കഴിഞ്ഞത് നേട്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെട്ടുറപ്പോടെ മുന്നോട്ടുപോകാന്‍ കഴിഞ്ഞതാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നേരിയ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ എന്ന വെല്ലുവിളിയാണ് ഉണ്ടായിരുന്നതെങ്കിലും ഒരു വര്‍ഷം കഴിയുമ്പോള്‍ അത് വകവെക്കാതെ മികച്ച പ്രവര്‍ത്തനനേട്ടം കൈവരിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സെക്രട്ടറിയേറ്റിലെ ഫയല്‍നീക്കം ഇനിമുതല്‍ ഇന്റര്‍നെറ്റ് മുഖേന അറിയാന്‍ കഴിയുമെന്നും ആദായനികുതി അടയ്ക്കുന്നവരൊഴികെയുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി മരുന്ന് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ശതമാനം സൗജന്യ മരുന്ന് വിതരണത്തിനായി നീക്കിവെക്കും. 

സേവനാവകാശ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി സ്ത്രീകളുടെ സുരക്ഷയ്ക്കായി പുതിയ നിയമം കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് ലോഡ്‌ഷെഡ്ഡിങോ പവര്‍കട്ടോ ഉണ്ടാകില്ല. കര്‍ഷകര്‍ക്ക് വായ്പാ ഇളവും സഹകരണ വായ്പയ്ക്ക് പിഴപ്പലിശ ഇളവും നല്‍കുമെന്നും 1000 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് താല്‍ക്കാലിക വീട്ടുനമ്പര്‍ പെട്ടെന്ന് നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക