Image

വിഎസിന്റെയും വിവിഎസിന്റെയും ടൈമിംഗ്

ജി.കെ. Published on 03 June, 2012
വിഎസിന്റെയും വിവിഎസിന്റെയും ടൈമിംഗ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബാറ്റിംഗ് കലാകാരനായ വി.വി.എസ്.ലക്ഷ്മണും കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്‌ടോ. പേരിലെ ഒരു "വി' വിട്ടുകളഞ്ഞാല്‍ ഇരുവരുടെയും പേര് ആരംഭിക്കുന്നത് വി.എസില്‍ ആണെന്ന് മാത്രമാണ് പ്രത്യക്ഷത്തിലുള്ള ബന്ധം. എന്നാല്‍ അതിലപ്പുറം ഇരുവരും തമ്മില്‍ ബന്ധമുണ്‌ടോ എന്ന് ചോദിച്ചാല്‍ ഉണ്‌ടെ്ന്ന് സൂഷ്മമായി നിരീക്ഷിച്ചാല്‍ മനസിലാവും. എഴുതി തള്ളിയേടത്തു നിന്ന് പോരാട്ടം എതിര്‍ ക്യാമ്പിലേക്ക് എത്തിക്കാനുള്ള കഴിവും തന്റെ അനുപമമായ ടൈമിംഗും കൊണ്ട് എതിരാളികളുടെ പോലും പ്രശംസയ്ക്ക് വി.വി.എസ്.ലക്ഷ്മണ്‍ പാത്രമായിട്ടുണ്ട്. രാഷ്ട്രീയത്തിലെ പോരാട്ടവീര്യവും അനുപമമായ ടൈമിംഗും കൊണ്ട് വി.എസും ഇപ്പോള്‍ എതിരാളികളുടെ പ്രശംസയ്ക്ക് പാത്രമാവുന്നു. ഒരു വ്യത്യാസം മാത്രം ലക്ഷ്മണിന്റെ ഇന്നിംഗ്‌സുകള്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതാണെങ്കില്‍ വി.എസിന്റെ രാഷ്ട്രീയ ഇന്നിംഗ്‌സിലെ ടൈമിംഗ് സിപിഎമ്മിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണെന്ന് മാത്രം.

വി.എസ്. കഴിഞ്ഞ ദിവസം ഒഞ്ചിയത്ത് വെട്ടേറ്റുമരിച്ച റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വസതിയിലേക്ക് നടത്തിയ സന്ദര്‍ശനമാണ് ഇപ്പോള്‍ ഇതു പറയാന്‍ കാരണം. മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വി.എസ്. ചിരിച്ച ചിരി കേരളം മറന്നിട്ടില്ല. ഒപ്പം മനസാക്ഷി വോട്ടു ചെയ്യാനുള്ള ആഹ്വാനവും. അതിനൊപ്പമോ അതിനപ്പുറമോ പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ടി.പി.ചന്ദ്രശേഖരന്റെ വസതിയിലേക്കുള്ള വി.എസിന്റെ മിന്നല്‍ സന്ദര്‍ശനം. പണ്ട് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ ഏര്‍പ്പെടുത്തിയിരുന്ന ഊണു വിലക്ക് പോലെ ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് സിപിഎം ഔദ്യോഗികമായി വിലക്കൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിന് വി.എസ്.തെരഞ്ഞെടുത്ത ദിവസവും സമയവുമാണ് പാര്‍ട്ടിയെ ശരിക്കും വെട്ടിലാക്കിയത്.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വോട്ടിംഗ് ചൂപിടിക്കുമ്പോള്‍ മിനിട്ടുകള്‍ക്ക് മുമ്പ് തന്നെ വന്നു കണ്ട പിണറായി വിജയനോടോ എസ്.രാമചന്ദ്രന്‍ പിള്ളയോടോപോലും ഒരു വാക്കു പറയാതെ വി.എസ്. നടത്തിയ സന്ദര്‍ശനത്തിന് ചില സന്ദേശങ്ങള്‍ കൈമാറാനുണ്ടായിരുന്നുവെന്ന് വ്യക്തം. പാര്‍ട്ടി തിട്ടൂരമല്ല, സ്വന്തം മനസ്സാക്ഷി പറയുന്നതേ ടി.പി. വധാനന്തരം താന്‍ കേള്‍ക്കൂ എന്നു തറപ്പിച്ചു വ്യക്തമാക്കുകയാണു ഒഞ്ചിയം സന്ദര്‍ശനത്തിലൂടെ വി.എസ്.ചെയ്തത്. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരായ കുറ്റവിചാരണ ആരംഭിക്കുംമുന്‍പു പുറത്തെ ജനകീയ പരിവേഷം കൂടുതല്‍ വൈകാരികതലത്തിലേക്കു ഉയര്‍ത്തുക എന്നതും വി.എസ്.ലക്ഷ്യമിട്ടിരുന്നു. ഇതിനെല്ലാം പുറമെ നെയ്യാറ്റിന്‍കരയിലെ തന്റെ അനുയായികള്‍ക്ക് ഇതലൂടെ വ്യക്തമായ ചില സൂചനകള്‍ നല്‍കാനും വി.എസിന് കഴിഞ്ഞു.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തനിക്കെതിരെയുള്ള കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുമെന്ന് വി.എസിന് നല്ലപോലെ അറിയാം. ടി.പി.വധവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഭവിഷ്യത്ത് എന്തും വരട്ടെ എന്ന നിലയില്‍ മുന്നോട്ടുപോകുകയും അന്തിമമായ യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തുവരുന്ന വി.എസ് അതുവഴി സിപിഎമ്മിനെ നിരന്തരം നിസ്സഹായമാക്കുകയാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ പൊതുവെയുള്ള ആക്ഷേപം. അതിന്റെ എല്ലാ ബഹിര്‍സ്ഫുരണങ്ങളും സെക്രട്ടേറിയറ്റ് യോഗത്തിലുാകുമെന്ന് ഉറപ്പ്.

അതുകൊണ്ടുതന്നെയാണ് പൊതുസമൂഹത്തിന് കൂടുതല്‍ സ്വീകാര്യതയുള്ള ഒരു അറ്റകൈ നടപടിക്ക് കൂടി വിഎസ് ഇന്നലെ മുതിര്‍ന്നത്. ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ പോകുന്നതിന് ആര്‍ക്കും സിപിഎം വിലക്കു കല്‍പ്പിച്ചിട്ടില്ലെന്ന ന്യായം വി.എസിന് പറഞ്ഞുനില്‍ക്കാം. ഈയിടെ വി.എസിന്റെ പഴയ വിശ്വസ്തനും മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ എന്‍.എന്‍. കൃഷ്ണദാസും ചന്ദ്രശേഖരന്റെ വസതിയില്‍ പോയിരുന്നുവെന്നതു ചൂണ്ടിക്കാട്ടുകയുമാവാം.

പിണറായിയോ, മംഗലാപുരംവഴി വന്ന് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചു പെരളശേരിയിലെ പാര്‍ട്ടി വിശദീകരണ യോഗത്തില്‍ പ്രസംഗിച്ച് മടങ്ങിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടോ എന്തിന് വിഎസോ ഈ സന്ദര്‍ശനം അല്‍പം നേരത്തെ നടത്തിയിരുന്നെങ്കില്‍ മാര്‍ക്‌സിസം എന്നത് മാനവികതയുടെ ഏറ്റവും വിശുദ്ധമായ മുഖമാണെന്നും സിപിഎം അതിനുവേി മാത്രമേ നിലകൊള്ളൂ എന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിയുമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. വി.എസിന്റെ സന്ദര്‍ശനം പാര്‍ട്ടിയുടേതു കൂടിയാക്കാന്‍ സിപിഎം നേതൃത്വത്തിന് കഴിഞ്ഞിരുന്നെങ്കില്‍, പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിപരീക്ഷയില്‍നിന്ന് പൊള്ളലേല്‍ക്കാതെ പോറലേല്‍ക്കാതെ പുറത്തുവരുമായിരുന്നു.

അതുകൊണ്ടാണ് നേതൃത്വത്തെ ഇരുട്ടില്‍ നിര്‍ത്തിയുള്ള ഈ സന്ദര്‍ശനത്തിലൂടെ വി.എസ് ചിലത് വിളിച്ചുപറയാനാഗ്രഹിക്കുന്നുണ്‌ടെന്ന് പറയേണ്ടിവരുന്നതും. ഒഞ്ചിയത്ത് മാത്രം ഒതുങ്ങിനിന്ന ആര്‍എംപി. യുടെ എതിര്‍ശബ്ദത്തിന് പുതിയ മാനങ്ങള്‍ ഉായത് ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷമാണ്. അദ്ദേഹത്തിന്റെ മൃതദേഹം കാണാനെത്തും മുമ്പെ വി.എസ്. "ധീരസഖാവ്' എന്നു വിശേഷിപ്പിച്ചതു മുതല്‍ അത് തുടങ്ങുന്നു. കോഴിക്കോട്ടെ ടൗണ്‍ഹാളില്‍ വെച്ച് മൃതദേഹത്തില്‍ പുഷ്പാര്‍ച്ചന നടത്തി അതിനു പുതിയ മാനം നല്‍കി. ഏറ്റവും ഒടുവില്‍ ഇന്നലത്തെ സന്ദര്‍ശനവും. ടി.പി.വധത്തില്‍ ഓരോ ദിവസവും അറസ്റ്റിലാവുന്ന സഖാക്കളുടെ എണ്ണം കൂടുന്നത് തന്റെ നിലപാടുകള്‍ക്കുളള സാധൂകരണമായി വി.എസ് പാര്‍ട്ടി യോഗങ്ങളില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് ഉറപ്പ്.

അതുകൊണ്ടു തന്നെ ടി.പി.വധം പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളെ തിരുത്തുന്നതിലേക്കുള്ള ഒരു പോരാട്ടമോ യഥാര്‍ഥ ഉള്‍പ്പാര്‍ട്ടി സമരമോ ആക്കി മാറ്റാണ് വി.എസ് ശ്രമിക്കുന്നതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു. ഇതിന് സാധൂകരണം നല്‍കേണ്ടത് ഇനി് അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍ തന്നെയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക