Image

ലോക ഫുട്ബോളിന്റെ ആരോഗ്യം വേദനാസംഹാരി കെടുത്തുന്നു: ഫിഫ

Published on 04 June, 2012
ലോക ഫുട്ബോളിന്റെ ആരോഗ്യം വേദനാസംഹാരി കെടുത്തുന്നു: ഫിഫ
സൂറിച്ച്: വേദനാസംഹാരി മരുന്നുകള്‍ ലോക ഫുട്ബോളിന്റെ ആരോഗ്യം അപകടത്തിലാക്കുന്നുവെന്ന മുന്നറിയിപ്പുമായി ഫിഫ രംഗത്തെത്തി. അന്താരാഷ്ട്ര ഫുട്ബോള്‍ താരങ്ങള്‍ അമിതമായി വേദനാസംഹാരി ഗുളികകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇത് അവരുടെ കരിയറിനെയും ആരോഗ്യസ്ഥിതിയെയും ബാധിക്കുമെന്നും ഫിഫ മെഡിക്കല്‍ മേധാവി ഡോ. ജിരി ഡ്വൊറാക് പറഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ 40 ശതമാനം താരങ്ങളും ഓരോ മത്സരങ്ങള്‍ക്കു മുമ്പും വേദനാസംഹാരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി ഡ്വൊറാക് വെളിപ്പെടുത്തി. യൂറോ കപ്പിന് കളിക്കളമൊരുങ്ങുന്ന സാഹചര്യത്തില്‍ വേദനാസംഹാരിയുടെ ദോഷവശങ്ങളെക്കുറിച്ച് താരങ്ങള്‍ ബോധവാന്‍മാരാകണമെന്നും ആവശ്യമുള്ളിടത്തും അസ്ഥാനത്തും വേദനാസംഹാരി ഉപയോഗിക്കുന്ന ശൈലി ഉപേക്ഷിക്കണമന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ താരങ്ങളെ അനുകരിച്ച് ഇപ്പോള്‍ ജൂനിയര്‍ താരങ്ങളും മത്സരത്തിനു മുമ്പ് വേദനാസംഹാരി ഉപയോഗിക്കുന്നതു പതിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വേദനയ്ക്കു താത്കാലിക പരിഹാരമാകുമെങ്കിലും ഭാവിയില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയാണ് വേദനാസംഹാരികളെന്ന് ഡ്വൊറാക് മുന്നറിയിപ്പ് നല്‍കി. ലോകകപ്പില്‍ ഓരോ താരങ്ങളും ഉപയോഗിച്ച മരുന്നുകളുടെ പട്ടിക ഫിഫ, ടീം ഡോക്ടര്‍മാരോടു ആവശ്യപ്പെട്ടിരുന്നു. ഇത് അവലോകനം ചെയ്ത ശേഷമാണ് അന്താരാഷ്ട്ര താരങ്ങള്‍ അമിതമായി വേദനാസംഹാരികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. നോര്‍ത്ത്, സൌത്ത് അമേരിക്കന്‍ ടീമുകളാണ് വേദനാസംഹാരികള്‍ ഉപയോഗിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇതൊരു ട്രന്‍ഡായി മാറുന്നത് അപകടകരമാണെന്നും ഡ്വൊറാക് മുന്നറിയിപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക