Image

പോലീസിലെ ക്രിമിനല്‍ പട്ടികയില്‍ തച്ചങ്കരിയും ശ്രീജിത്തും

Published on 05 June, 2012
പോലീസിലെ ക്രിമിനല്‍ പട്ടികയില്‍ തച്ചങ്കരിയും ശ്രീജിത്തും
കൊച്ചി: ഐജി ടോമിന്‍ ജെ. തച്ചങ്കരിയും ഡിഐജി എസ്. ശ്രീജിത്തും പോലീസിലെ ക്രിമിനലുകളുടെ പട്ടികയില്‍. ഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പോലീസിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടികയിലാണ് ഇരുവരുടെയും പേരുള്ളത്. പോലീസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള 533 പേരാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം മുതല്‍ സ്ത്രീ പീഡനം വരെയുള്ള കുറ്റങ്ങളില്‍ പ്രതികളായവരാണ് പട്ടികയിലുള്ളത്.

ഇതില്‍ 29 പേര്‍ വിജിലന്‍സ് അന്വേഷണം 36 പേര്‍ സിബിഐ അന്വേഷണവും നേരിടുന്നവരാണ്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരുള്ളത്. ഉന്നത ഉദ്യോഗസ്ഥരടക്കം 118 പോലീസുകാരാണ് തിരുവനന്തപുരത്ത് നിന്ന് പട്ടികയിലുള്ളത്. 62 പോലീസുകാര്‍ ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ള എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. 12 പോലീസുകാര്‍ മാത്രം ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ള വയനാട് ജില്ലയാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്.

ഗുണ്ടകളുമായി ബന്ധമുള്ള സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമാക്കാന്‍ ഹൈക്കോടതി ഇന്നലെ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക