Image

കോടിയേരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്‌

Published on 05 June, 2012
കോടിയേരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്‌
തൃശൂര്‍: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ അഴിമതിയുണെ്ടന്നാരോപിച്ചു നല്‍കിയ ഹര്‍ജിയില്‍ മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലടക്കം ഏഴുപേരെ പ്രതിചേര്‍ത്ത് തൃശൂര്‍ സ്വദേശിയായ അഡ്വ. അനന്തകൃഷ്ണന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് ജഡ്ജി വി. ഭാസ്‌കരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമികാന്വേഷണത്തില്‍ അഴിമതിയുണെ്ടന്ന് കോടതിക്ക് ബോധ്യമുണ്ടായതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാതെ അടുത്തുപരിചയമുള്ള രണ്ടു പേരെ നിയമിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. അഡ്വ. പി.എന്‍. സജികുമാറിനെ ദേവികുളത്തും ഷീജയെ തലശേരിയിലുമാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചത്. 2006-ലാണ് പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന് 2006-ല്‍ തന്നെ ഹൈക്കോടതി വിധിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഹൈക്കോടതി നിര്‍ദേശം പരിഗണിക്കാതെ നിലവിലുണ്ടായിരുന്ന ഒഴിവുകളില്‍ സ്ഥിര നിയമനം നടത്തിയില്ല. ഇതിനിടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2009-ല്‍ അവസാനിച്ചു. ഇതോടെ റാങ്കുലിസ്റ്റിലുള്ളവരുടെ അവസരവും നഷ്ടമായി.

റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെ താല്‍ക്കാലികമായി നിയമിച്ച രണ്ടു പേരെയും 2010-ല്‍ സ്ഥിരപ്പെടുത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇവര്‍ക്ക് 43 വയസായെന്ന കാരണം പറഞ്ഞാണ് സ്ഥിരനിയമനമെന്നായിരുന്നുവത്രെ സര്‍ക്കാര്‍ വിശദീകരണം. തുടര്‍ന്ന് നിയമനത്തില്‍ അഴിമതിയുണെ്ടന്ന് കാണിച്ച് ഉദ്യോഗാര്‍ഥി കൂടിയായിരുന്ന അഡ്വ. അനന്തകൃഷ്ണന്‍ ഹര്‍ജി നല്കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക