Image

പറുദീസയിലെ പാപികള്‍

Published on 05 June, 2012
പറുദീസയിലെ പാപികള്‍
ദൈവം സമ്മാനിച്ച പറുദീസയില്‍ പാപം ചെയ്‌ത ആദിമാതാപിതാക്കളുടെ കഥയുള്ളത്‌ ബൈബിള്‍ പഴയ നിയമത്തിലാണ്‌. പറുദീസ എന്ന സിനിമ പറയുന്നതും പാപം ചെയ്യുന്നവരെക്കുറിച്ചാണ്‌. ഒരു വ്യത്യാസം മാത്രം. ഈ പറുദീസ പറയുന്നത്‌ നമ്മുടെ കാലഘട്ടത്തിന്റെ കഥയാണ്‌. ഇവിടെ ആദവും ഹൗവ്വയും പോലെ രണ്‌ടു കഥാപാത്രങ്ങള്‍ മാത്രമല്ല. പുല്ലാനിമല എന്ന ഗ്രാമത്തിലെ ഒരു ജനതയുടെ കഥയാണ്‌ ഈ പറുദീസ പറയുന്നത്‌.

പുല്ലാനിമല ഇടവക വികാരിയും കമ്യൂണിസ്റ്റ്‌ അനുഭാവിയായ സഖാവ്‌ ജോസും തമ്മിലുള്ള കിരുശുയുദ്ധത്തിന്റെകൂടി കഥയാണ്‌ പറുദീസ. സഖാവ്‌ ജോസ്‌ ആകട്ടെ ഫാ. ആഞ്ഞിലിത്താനം എന്ന ഇടവക വികാരിയുടെ ഉറ്റ സുഹൃത്തും, പള്ളിയിലെ കപ്യാരുമാണ്‌. പലപ്പോഴും ജോസിന്റെ ആദര്‍ശങ്ങള്‍ വികാരിയച്ചനും നാട്ടുകാര്‍ക്കും തന്നെ തലവേദനയാകുന്നുണ്‌ട്‌. സഭയുടെ പ്രതിനിധിയായ വികാരിയച്ചനാകട്ടെ സഭ പറയുന്നതിനപ്പുറത്തേക്ക്‌ ഒന്നും ചെയ്യാനാവില്ല. ഒടുവില്‍ പള്ളിയുടെ കൈക്കാരനും, പഞ്ചായത്ത്‌ പ്രസിഡന്റുമായ ഔതച്ചന്റെ നേതൃത്വത്തില്‍ സഖാവ്‌ ജോസില്‍ പല കുറ്റങ്ങളും ആരോപിക്കപ്പെടുന്നു. മഠത്തിലെ കുശിനിക്കാരി ത്രേസ്യാമ്മയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം പോലും ജോസിനാണെന്ന്‌ ആരോപണമുയര്‍ന്നു. പിന്നീട്‌ ഗ്രാമത്തില്‍ നടക്കുന്നത്‌ വളരെ സംഭവ ബഹുലവും സങ്കീര്‍ണവുമായ കാര്യങ്ങളാണ്‌.

സഖാവ്‌ ജോസ്‌ ഒരു മലവെള്ളപ്പാച്ചിലില്‍ അപ്രത്യക്ഷനാകുന്നു. ഫാ. ആഞ്ഞിലിത്താനം ബിഷപ്പാകുന്നു. ഔതച്ചന്‍ മുതലാളി വീണ്‌ടും പുല്ലാനിമല അടക്കിവാഴുന്നു. പക്ഷെ, മഠത്തിലെ കുശിനിക്കാരി ത്രേസ്യാമ്മയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിയെ മാത്രം കണ്‌ടെത്തനായില്ല.

`നിങ്ങളില്‍ കുറ്റംചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ' എന്ന ക്രിസ്‌തുവചനമുരുവിട്ടുകൊണ്‌ട്‌ പുതിയ വികാരിയച്ചന്‍ വിട പറയുന്നതോടെ കഥ ക്ലൈമാക്‌സില്‍ എത്തുന്നു. വികാരി അച്ചനായി ശ്രീനിവാസനും, സഖാവ്‌ ജോസ്‌ ആയി തമ്പി ആന്റണിയും, പഞ്ചായത്ത്‌ പ്രസിഡന്റായി ജഗതി ശ്രീകുമാറും, ത്രേസ്യാമ്മയായി ശ്വേതാ മേനോനും, പുതിയ കപ്യാരായി ഇന്ദ്രന്‍സും വേഷമിടുന്നു.

പ്രശസ്‌ത സംവിധായകന്‍ ആര്‍. ശരത്ത്‌ സംവിധാനം ചെയ്യുന്ന ആദ്യ ജനകീയ ചിത്രമാണ്‌ പറുദീസ. കാമറ: സാജന്‍ കളത്തില്‍. മേലുകാവിനു മുകളിലെ മലനിരകളുടെ സൗന്ദര്യം അപ്പാടെ അതിമനോഹരമായി ചിത്രീകരിക്കുന്നു. പശ്ചാത്തലസംഗീതം ഐസക്‌ തോമസ്‌ കൊട്ടുകാപ്പള്ളിയും, സംഗീതം ഔസേപ്പച്ചനുമാണ്‌. ഗാനങ്ങള്‍ ഒ.എന്‍.വി, തമ്പി ആന്റണി. വിനു ഏബ്രഹാമിന്റേതാണ്‌ തിരക്കഥ. കല്‍ക്കട്ടാ ന്യൂസിനുശേഷം കായല്‍ ഫിലിംസ്‌ നിര്‍മിക്കുന്ന ചിത്രം രമ്യാ മൂവീസ്‌ വിതരണം ചെയ്യുന്നു. ചിത്രം ജൂലൈ ആദ്യവാരം തീയേറ്ററുകളിലെത്തും.
പറുദീസയിലെ പാപികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക