Image

ക്യാന്‍സറും ജപ്‌തിയും; വീട്ടമ്മ സഹായം തേടുന്നു

Published on 07 June, 2012
ക്യാന്‍സറും ജപ്‌തിയും; വീട്ടമ്മ സഹായം തേടുന്നു
കോട്ടയം: കാന്‍സര്‍ രോഗവും ബിസിനസിലെ പരാജയത്തെ തുടര്‍ന്നുണ്ടായ കടവും മൂലം വയോധികരായ ദമ്പതികള്‍ ജപ്‌തിഭീഷണിയുടെ നിഴലില്‍. ഏതു സമയവും കടന്നുവരാവുന്ന ബാങ്ക്‌ അധികൃതര്‍ സ്‌ഥലവും വീടും പിടിച്ചെടുക്കുമെന്ന കാണിച്ച്‌ പല നോട്ടീസുകള്‍ അയച്ചു കഴിഞ്ഞു. ആകെയുള്ള 15 സെന്റ്‌ സ്‌ഥലവും അതിലെ വീടും ഉപപേക്ഷിച്ച്‌ തെരുവിലിറങ്ങേണ്ട ഗതികേടിലാണ്‌ ഈ കുടുംബം. സ്വയം തൊഴില്‍ തുടങ്ങുന്നതിന്‌ ജില്ലാ കോ-ഓപ്പറേറ്റീവ്‌ ബാങ്കില്‍ നിന്ന്‌ 4,80,000 രൂപ വായ്‌പ എടുത്ത തെള്ളകം അടിച്ചിറ തങ്കമ്മ ജോസഫും ഭര്‍ത്താവ്‌ ജോസഫ്‌ വിക്‌ടറുമാണ്‌ ജപ്‌തി ഒഴിവാക്കി കിട്ടാനായി അധികൃതര്‍ക്കു മുന്നില്‍ അപേക്ഷകളുമായി കയറിയിറങ്ങുന്നത്‌.

വായ്‌പ എടുത്ത തുകയില്‍ 3,24,000 രൂപ ഇതുവരെ ബാങ്കില്‍ അടച്ചു കഴിഞ്ഞു. വായ്‌പ തുകയില്‍ 1,56000 രൂപ ഇനിയും അടയ്‌ക്കാനുണ്ട്‌. എന്നാല്‍ പലിശയും കൂട്ടുപലിശയും അടക്കം ഇപ്പോള്‍ എട്ടു ലക്ഷത്തിലധികം രൂപ ബാങ്കില്‍ അടയ്‌ക്കണമെന്നാണ്‌ ബാങ്ക്‌ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ കാന്‍സര്‍ രോഗം മൂലം കഷ്‌ടപ്പെടുന്ന ഇവര്‍ മരുന്നുവാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിനു പോലും കഷ്‌ടപ്പെടുകയാണ്‌.

റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങളും അച്ചാറുകളും വിദേശത്തേക്ക്‌ കയറ്റി അയക്കുന്നതിന്‌ 2002 ലാണ്‌ അടിച്ചിറ ചാലാവീട്ടില്‍ തങ്കമ്മ ജോസഫ്‌ ബാങ്ക്‌ വായ്‌പയില്‍ യൂണിറ്റ്‌ ആരംഭിച്ചത്‌. എന്നാല്‍ ബിസിനസ്‌ നഷ്‌ടത്തിലായതോടെ ബാങ്കിലെ തിരിച്ചടവ്‌ മുടങ്ങി. ഇതോടൊപ്പം തങ്കമ്മയ്‌ക്ക്‌ കാന്‍സര്‍ രോഗവും ബാധിച്ചു. തുടര്‍ന്ന്‌ ബിസിനസ്‌ നിര്‍ത്തേണ്ടി വന്നു. കാന്‍സര്‍ തലയിലേക്ക്‌ വ്യാപിച്ചതോടെ ചികില്‍സാ ചെലവുകള്‍ക്കും മറ്റും ലക്ഷങ്ങള്‍ ചെലവായി. ബന്ധുക്കളും സഹോദരങ്ങളും എല്ലാ സഹായിച്ചതുകൂടാതെ കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി ചികില്‍സയും നടത്തി. ഇപ്പോള്‍ ഇതുവരെ 15 ലക്ഷത്തോളം രൂപയാണ്‌ തങ്കമ്മയുടെ ചികില്‍സയ്‌ക്ക്‌ മാത്രം ചെലവായത്‌. ഇതില്‍ തന്നെ 10 ലക്ഷത്തോളം രൂപ കടം വാങ്ങിയതാണ്‌.

ഇതിനിടയിലാണ്‌ ബിസിനിസിന്‌ എടുത്ത വായ്‌പയുടെ പലിശയും കൂട്ടുപലിശയും അടക്കം എട്ട്‌ ലക്ഷം രൂപ അടയ്‌ക്കാന്‍ ബാങ്കില്‍ നിന്ന്‌ നോട്ടീസ്‌ വന്നത്‌. ഇപ്പോള്‍ തെള്ളകം കാരിത്താസ്‌ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തങ്കമ്മയ്‌ക്ക്‌ അഞ്ചുദിവസത്തേക്ക്‌ 7500 രൂപയുടെ മരുന്നാണ്‌ ആവശ്യമായി വരുന്നത്‌.

തങ്കമ്മയുടെ ഭര്‍ത്താവ്‌ ജോസഫ്‌ വിക്‌ടര്‍ (സണ്ണി) ഇറിഗേഷന്‍ വകുപ്പില്‍ നിന്നാണ്‌ ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചത്‌. ഇതില്‍ നിന്ന്‌ ലഭിക്കുന്ന മുഴുവന്‍ പെന്‍ഷനും തങ്കമ്മയുടെ ചികില്‍സയ്‌ക്കായി വിനയോഗിക്കുകയാണ്‌. ഇവര്‍ക്ക്‌ ഒരു മകളാണുളളത്‌. ഈ കുടുംബത്തിനും കാര്യമായ സാമ്പത്തികമില്ല. തെള്ളകത്തിനടുക്ക്‌ 15 സെന്റ്‌ സ്‌ഥലവും ഒരു വീടുമാണ്‌ ഇവര്‍ക്ക്‌ ആകെയുള്ള സമ്പാദ്യം. ഇത്‌ ഈടുവച്ചാണ്‌ ഇവര്‍ വായ്‌പ എടുത്തത്‌. ഈ വീടാണ്‌ ജപ്‌തിയുടെ നിഴലിലായിരിക്കുന്നത്‌.

എടുത്ത വായ്‌പ തുക എങ്ങനെ എങ്കിലും അടയ്‌ക്കാമെന്നും പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്‌ ജോസഫ്‌ മുഖ്യമന്ത്രി അടക്കം എല്ലാവരുടെ മുന്നിലും അപേക്ഷ സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ പെതുജന സമ്പര്‍ക്കപരിപാടിയില്‍ നല്‍കിയ അപേക്ഷയില്‍ തങ്കമ്മ ജോസഫ്‌ കാന്‍സര്‍ രോഗിയായാണെന്നും വായ്‌പ തുക തിരിച്ചടയക്കാന്‍ ഒരു നിര്‍വഹവും ഇല്ലെന്നും കണ്ടെത്തുകയും അതിനാല്‍ വായ്‌പയില്‍ ഇളവ്‌ അനുവദിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ലാ സഹകരണ ബാങ്ക്‌ ജനറല്‍ മാനേജരോട്‌ നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ഇതുവരെ ബാങ്ക്‌ അധികൃതര്‍ നടപ്പാക്കിയിട്ടില്ലെന്നും ജോസഫ്‌ പറയുന്നു. ഏതു സമയവും കാന്‍സര്‍ രോഗിയായ ഭാര്യയുമായി തെരുവിലിറങ്ങണമെന്ന ഭയത്തിലാണ്‌ ജോസഫ്‌ കഴിയുന്നത്‌.

വിലാസം
തങ്കമ്മ ജോസഫ്‌,
തെള്ളകം പിഒ,
686016
0481 2792143, 8606821725.

ബാങ്ക്‌ അക്കൗണ്ട്‌
കാത്തോലിക്‌ സിറിയന്‍ ബാങ്ക്‌, കുമാരനല്ലൂര്‍ ശാഖ.
ബാങ്ക്‌ ഫോണ്‍: 0481 2597336,2595513
അക്കൗണ്ട്‌ നമ്പര്‍: 0047-01297870-190001.
ക്യാന്‍സറും ജപ്‌തിയും; വീട്ടമ്മ സഹായം തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക