Image

അജിതക്ക്‌ മാത്രം പറയാന്‍ കഴിയുന്ന സത്യങ്ങള്‍

Published on 07 June, 2012
അജിതക്ക്‌ മാത്രം പറയാന്‍ കഴിയുന്ന സത്യങ്ങള്‍
ന്യൂയോര്‍ക്ക്‌: മദ്യം, മയക്കുമരുന്ന്‌, പെണ്ണ്‌ ഇവയെ കേന്ദ്രമാക്കിയുളള സെക്‌സ്‌ ടൂറിസം, തഴച്ചു വളരുന്ന മാഫിയകള്‍, കൊച്ചു പെണ്‍കുട്ടികളെ വലയില്‍ വീഴ്‌ത്തുന്ന വന്‍ ഗൂഢസംഘങ്ങള്‍, അഴിമതി, വര്‍ഗീയതയുടെ ആളിപ്പടരല്‍; കേരളത്തിന്റെ ശോചനീയത അജിത വരച്ചു കാട്ടിയപ്പോള്‍ ആസുര ഭീകരതയുടെ ആഴം വ്യക്‌തമായി.

63 വയസിന്റെ ജീവിതവും നാലര പതിറ്റാണ്ടിന്റെ രാഷ്‌ട്രീയ, വിപ്ലവ പാരമ്പര്യവുമുളള അജിത കേരള മനസാക്ഷിയുടെ യഥാര്‍ത്ഥ സൂക്ഷിപ്പുകാരിയാണ്‌. പഴയ ത്യാഗങ്ങള്‍ പിന്നീട്‌ ഉന്നത പടവുകള്‍ ചവിട്ടാനുളള ഏണിപ്പടികളാണ്‌ മറ്റുളളവര്‍ക്കെങ്കില്‍ അജിത ഇന്നും സാധാരണ വ്യക്‌തിയായി, ജനങ്ങളിലൊരാളായി കഴിയുന്നു. ഒരര്‍ത്ഥത്തില്‍ കേരളത്തില്‍ സത്യം പറയുന്ന ചുരുക്കം ചിലരിലൊരാള്‍.

ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ (റോഡ്‌ ഐലന്‍ഡ്‌) ക്രിയേറ്റീവ്‌ റൈറ്റിംഗില്‍ മാസ്‌റ്റര്‍ ബിരുദത്തിന്‌ പഠിക്കുന്ന പുത്രി ഗാര്‍ഗിയെ കാണാന്‍ എത്തിയതാണ്‌ പഴയ വിപ്ലവ നായികയും ഭര്‍ത്താവ്‌ യാക്കൂബും. സര്‍ഗവേദിയും കേരള സെന്ററും കൂടി നല്‍കിയ സ്വീകരണത്തില്‍ പുല്‍പ്പളളി പോലിസ്‌ സ്‌റ്റേഷന്‍ അക്രമണകാലത്തെ (1968) പത്തൊമ്പതുകാരിയില്‍ നിന്ന്‌ ഇന്നത്തെ അജിതയായുളള മാറ്റം അവര്‍ വിവരിച്ചു.

കമ്യൂണിസ്‌റ്റ്‌ വിപ്ലവകാരിയായ അജിതക്ക്‌ സ്വീകരണമൊരുക്കുന്നതിനെ പലരും വിമര്‍ശിച്ചത്‌ കേരള സെന്റര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഇ.എം സ്‌റ്റീഫനും പ്രസിഡന്റ്‌ തമ്പി തലപ്പളളിയും ചൂണ്ടിക്കാട്ടി. എന്നാല്‍ മലയാളിയെ സ്വീകരിക്കുന്ന വേദിയാണ്‌ കേരള സെന്ററെന്നും അവരുടെ ആശയഗതി എന്ത്‌ എന്നത്‌ അപ്രസക്‌തമാണെന്നും അവര്‍ പറഞ്ഞു. സര്‍ഗവേദി പ്രസിഡന്റ്‌ മനോഹര്‍ തോമസ്‌ അജിതയെ പരിചയപ്പെടുത്തി.

എതിര്‍പ്പില്‍ തനിക്ക്‌ അതിശയമൊന്നുമില്ലെന്നും താന്‍ എല്ലായ്‌പ്പോഴും അതു നേരിടാറുണ്ടെന്നും പറഞ്ഞു കൊണ്ടായിരുന്നു അജിതയുടെ തുടക്കം. മാര്‍ക്‌സിസ്‌റ്റ്‌, ലെനിനിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ ഉപജ്‌ഞാതാവായിരുന്നു തന്റെ അച്ചന്‍ കുന്നിക്കല്‍ നാരായണന്‍. പോലിസ്‌ സ്‌റ്റേഷന്‍ ആക്രമണത്തിനു ശേഷം (ഒരു പോലിസുകാരന്‍ മരിച്ചു. രക്‌തത്തില്‍ കൈമുക്കി അജിത പോലിസ്‌ സ്‌റ്റേഷന്‍ ഭിത്തിയില്‍ പതിച്ചു എന്നാണ്‌ ആക്ഷേപം. അവരുടെ ജീവിതകഥയില്‍ അതു നിഷേധിക്കുന്നുണ്ട്‌) ആഴ്‌ചകളോളം തിരുനെല്ലി കാട്ടില്‍ അലഞ്ഞ അവരെ പോലിസ്‌ പിടികൂടി. കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ രാ ഷ്‌ട്രീയ തടവുകാരെ വിട്ടയച്ചതിന്റെ ഭാഗമായി ഏഴരവര്‍ഷത്തിനു ശേഷം 1977 - ല്‍ അവര്‍ ജയില്‍ മോചിതയായി.

1979-ല്‍ അച്ചന്‍ മരിച്ചു. ജയിലില്‍ കിടന്ന കോംപ്‌ളെക്‌സുകളും വിഷാദവുമായി പുറത്തിറങ്ങിയ അവരെ അമ്മ മന്ദാകിനിയാണ്‌ (2006 ല്‍ മരിച്ചു) പുതുജീവിതത്തിലേക്ക്‌ നയിച്ചത്‌. തുടര്‍ന്ന്‌ സ്‌ത്രീകളുടെ പ്രശ്‌നങ്ങളില്‍ സജീവമായ അജിത കേരളത്തിലെ പീഢിതരുടെ ശബ്‌ദമായി. ഏതെങ്കിലും സമരത്തിനു പിന്നില്‍ അജിത ഉണ്ടെന്നറിഞ്ഞാല്‍ മതി ആളുകള്‍ പേടിക്കും. കാശുകൊടുത്ത്‌ അവരെ ഒതുക്കാനാവില്ല. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ചാക്കുകണക്കിന്‌ പണം കൈമാറ്റം ചെയ്‌ത്‌ സാക്ഷികളെ മലക്കം മറിച്ചപ്പോഴും അജിത പോരാട്ടം തുടര്‍ന്നു, തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

കോടീശ്വരനായ ഒരു വ്യക്‌തി കോഴിക്കോട്‌ ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ സാധാരണ പെണ്ണുങ്ങളെ തേടിപ്പോയി എന്നു പറയുന്നതില്‍ സത്യമെത്രയുണ്ടെന്ന ചോദ്യം അവരെ ചൊടിപ്പിച്ചു. ആ കേസ്‌ സത്യമാണെന്നവര്‍ തറപ്പിച്ചു പറഞ്ഞു. അവയെപ്പറ്റിയെല്ലാം നേരത്തെ എഴുതിയിട്ടുണ്ട്‌. പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നു. സുപ്രീംകോടതിയില്‍ ഇപ്പോള്‍ കേസ്‌ വി.എസ്‌ അച്യുതാനന്ദനാണ്‌ നടത്തുന്നത്‌.

സ്‌ത്രീ ശാക്‌തീകരണത്തിനായി `ബോധന' എന്ന സംഘടന രൂപീകരിക്കുമ്പോള്‍ കേരളത്തില്‍ ബലാല്‍സംഗം ഒരു തമാശക്കാര്യമായിരുന്നു. സ്‌ത്രീ എന്തും സഹിക്കണം. ഭര്‍ത്താവ്‌ കണ്‍കണ്ട ദൈവം. ഉത്തരേന്ത്യയിലേതു പോലെ സ്‌റ്റൗവ്‌ പൊട്ടിത്തെറിച്ച്‌ സ്‌ത്രീകളെ കൊല്ലാമെന്ന കണ്ടു പിടിത്തം കേരളീയരും മനസിലാക്കുന്ന കാലം.

എന്തായാലും ബോധന (അജിതയടക്കം നാലഞ്ചു പേര്‍) സ്‌ത്രീകള്‍ക്ക്‌ വേണ്ടി രംഗത്തു വന്നതോടെ സ്‌ഥി തി മാറി. സ്‌ത്രീകളുടെ പ്രശ്‌നം പൊതു പ്രശ്‌നമാണെന്ന ധാരണ വന്നു. പോലിസ്‌ സ്‌റ്റേഷനില്‍ കുഞ്ഞിബി എന്ന സ്‌ത്രീ മരിച്ചപ്പോള്‍ അത്‌ ആത്മഹത്യയായി പോലിസ്‌ ചിത്രീകരിച്ചു. ആത്മഹത്യ ചെയ്യാന്‍ പോലിസ്‌ സ്‌റ്റേഷനില്‍ പോകണോ? സമരവും പ്രകടനവും നടത്തി. ഒടുവില്‍ രണ്ട്‌ എസ്‌.ഐമാരെയും പോലിസുകാരെയും സസ്‌പെന്‍ഡ്‌ ചെയ്യിക്കാനെങ്കിലുമായി.

മാവൂര്‍ ഗ്വാളിയോര്‍ റയണ്‍സ്‌ തുറക്കാന്‍ വേണ്ടി ഗ്രോ വാസുവിന്റെ നേതൃത്വത്തിലുളള സമരമായിരുന്നു മറ്റൊന്ന്‌. വീട്ടമ്മമാരെ വരെ സമരത്തിനിറക്കി. ഏഷ്യാഡില്‍ പരാജയപ്പെട്ട്‌ പി.ടി ഉഷയെ നാടെങ്ങും അപഹസിക്കുമ്പോള്‍ ബോധന അവര്‍ക്കു വേണ്ടി പയ്യോളിയില്‍ ചെന്ന്‌ മീറ്റിംഗ്‌ സംഘടിപ്പിച്ചു. തോല്‍ക്കുമ്പോള്‍ പിന്തുണക്കുന്നതിനു പകരം അപഹസിക്കുകയല്ല വേണ്ടത്‌ എന്ന്‌ തങ്ങള്‍ പറഞ്ഞപ്പോള്‍ ഒരാളും എതിര്‍ത്തില്ല. പിന്നീട്‌ ഉഷ ഒളിമ്പിക്‌സില്‍ വരെ നേട്ടം കൊയ്‌തു.

1990 -ല്‍ നടന്ന സ്‌ത്രീ വിമോചന
കണ്‍വന്‍ഷനെത്തുടര്‍ന്ന്‌  1993 ല്‍ `അന്വേഷി' എന്ന സംഘടന രൂപം കൊണ്ടു. കുടുംബം കലക്കാന്‍ നടക്കുന്നവര്‍ എന്നായിരുന്നു ആദ്യകാലത്ത്‌ തങ്ങളെ ഇടതുപക്ഷക്കാര്‍ വരെ കുറ്റപ്പെടുത്തിയത്‌. ശാസ്‌ത്ര സാഹിത്യ പരിഷത്താണ്‌ ആദ്യമായി പിന്തുണയുമായി എത്തിയത്‌. തുടര്‍ന്ന്‌ പുരുഷാധിപത്യത്തിനെതിരെ ഇ.എം.എസിന്റെ ലേഖനം വന്നു.

അന്വേഷി മലബാറിലെ ജില്ലകളില്‍ ഇപ്പോള്‍ സ്‌ത്രീകള്‍ക്ക്‌ സ്വാന്തനമാകുന്നു. പ്രതിമാസം 30 സ്‌ത്രീകളെങ്കിലും സേവനം തേടി വരും. അവര്‍ക്ക്‌ സഹായങ്ങള്‍, കൗണ്‍സലിംഗ്‌, ലീഗല്‍ എയ്‌ഡ്‌ തുടങ്ങിയവയൊക്കെ തങ്ങള്‍ ചെയ്യുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മാത്രമല്ല വിതുര കേസ്‌, കിളിരൂര്‍ കേസ്‌, സൂര്യനെല്ലി കേസ്‌ എന്നിവയിലൊക്കെ തങ്ങള്‍ ഇടപെട്ടു. സൂര്യനെല്ലി പെണ്‍കുട്ടിയെ സുപ്രീംകോടതിയില്‍ മോശമായി ചിത്രീകരിക്കാനുളള ശ്രമമാണ്‌ അവര്‍ക്കെതിരെ ഈയിടെ ഉണ്ടായ പണാപഹരണ കേസ്‌.

എന്തായാലും ഇപ്പോള്‍ പുരുഷാധിപത്യത്തിന്റെ ശക്‌തി കുറഞ്ഞു; ഭര്‍ത്താവ്‌ കണ്‍കണ്ട ദൈവം എന്ന്‌ ഇന്നാരെങ്കിലും കരുതുന്നുണ്ടോ എന്തോ?

ആഗോളവല്‍ക്കരണം സ്‌ത്രീക്കും ജനത്തിനും തന്നെ എതിരാണെന്നവര്‍ പറയുന്നു. വികസനം ജനത്തിനു വേണ്ടി എന്നതിനു പകരം വികസനം വികസനത്തിനു വേണ്ടി എന്നു ചിന്തിക്കുന്നവര്‍ ധാരാളം.

ഭക്ഷ്യോല്‍പ്പാദനത്തിനു പകരം നാം നാണ്യവിളവിലേക്കു പോയി. അതിന്റെ വില അന്താരാഷ്‌ട്ര വിപണിയിലാണ്‌ നിശ്‌ചയിക്കുന്നത്‌. കര്‍ഷകര്‍ ബാങ്കില്‍ നിന്നും പലിശക്കാരില്‍ നിന്നും വായ്‌പയെടുക്കുന്നു. തിരിച്ചടക്കാനാകാതെ ആത്മഹത്യ ചെയ്യുന്നു. ചെറുകിട വ്യവസായം ഇല്ലാതായി. സ്വയം പര്യാപ്‌തത മറന്നു.

ആഗോളവല്‍ക്കരണത്തിന്റെ പുതിയ മുഖമാണ്‌ ടൂറിസം. അനിയന്ത്രിതമായ ടൂറിസത്തെയാണ്‌ വേള്‍ഡ്‌ ബാങ്കും മറ്റും പ്രോത്സാഹിപ്പിക്കുന്നത്‌. അനിവാര്യമായും അത്‌ മദ്യം, മയക്കുമരുന്ന്‌, പെണ്ണ്‌ എന്നീ ഘടകങ്ങളിലേക്ക്‌ മാറും. തായ്‌ലന്‍ഡില്‍ സംഭവിച്ച തു പോലെ ടൂറിസ്‌റ്റുകള്‍ക്കു വേണ്ടി കൊച്ചു പെണ്‍കുട്ടികളെ വലവീശാനാണ്‌ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നത്‌.

ജുഡീഷ്യറിയും അഴിമതിയില്‍ നിന്ന്‌ മോചിതമല്ലെന്നവര്‍ പറഞ്ഞു. എന്നാലും കോടതിയില്‍ പോകാതിരിക്കാനാവില്ല. അച്യുതാനന്ദന്‍ ഗവണ്‍മെന്റ്‌കൊണ്ടുവന്ന നല്ല കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കുന്നതാണ്‌ ഇപ്പോള്‍ കണ്ടുവരുന്നത്‌.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം വലിയ മാറ്റത്തിന്‌ കാരണമാകുന്നുണ്ട്‌. ആര്‍.എസ്‌.എസ്‌, എന്‍.ഡി.എഫ്‌ തുടങ്ങിയ
സംഘടനകളും എല്ലാ മതവിഭാഗങ്ങളിലും വര്‍ഗീയത ശക്‌തിപ്പെട്ടിരിക്കുന്നു. ഇടതുപക്ഷത്തിന്റെ പരാജയമാണിത്‌. മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയുടെ ലക്ഷ്യം തിരഞ്ഞെടുപ്പ്‌ വിജയം മാത്രമായി. അതിനവര്‍ എന്തു വിട്ടുവീഴ്‌ചയും ചെയ്യും. യു.ഡി.എഫ്‌ ചെയ്യുന്നതും അതുതന്നെ.

കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തില്‍ കേരളീയര്‍ അനങ്ങിയിട്ടില്ല. അത്‌ തമിഴ്‌നാട്ടിലാണെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ ബാധിക്കുന്നതില്‍ നല്ലൊരു പങ്ക്‌ കേരളീയരെയാണ്‌.

ഗാര്‍ഹിക പീഡനം കേരളത്തില്‍ കൂടുകയാണ്‌. പ്രധാന വില്ലന്‍ മദ്യാസക്‌തിയാണ്‌. യാതൊരു നിയന്ത്രണവുമില്ലാതെ മദ്യം ലഭ്യമാകുന്നു. നിയമം മൂലം സ്‌ത്രീധനം നിരോധിച്ചു. പക്ഷേ ആരും കേസ്‌ കൊടുക്കില്ല. കാരണം വാദിയും പ്രതിയും കുടുങ്ങും എന്നതാണ്‌ നിയമത്തിന്റെ പ്രത്യേകത.

നക്‌സല്‍ പ്രസ്‌ഥാനം വിട്ട ചിലര്‍ ആത്മീയതയിലേക്ക്‌ പോയി. ആശ നഷ്‌ടപ്പെടുമ്പോള്‍ മനുഷ്യര്‍ ഓരോ രീതിയില്‍ പ്രതികരിക്കുമല്ലോ. പക്ഷേ താന്‍ ഇപ്പോഴും
പഴയ ആശയത്തിന്റെ അടിത്തറയില്‍ നില്‍ക്കുന്നു. ദൈവവും മതവും വേണമെന്ന്‌ തനിക്ക്‌ തോന്നിയിട്ടില്ല.

കമ്യൂണിസം നശിച്ചുവെന്നോ നശിക്കുമെന്നോ കരുതുന്നില്ല. മാറ്റങ്ങള്‍ അനിവാര്യമാണല്ലോ. അതാണല്ലോ മാര്‍ക്‌സും പറയുന്നത്‌.

സ്‌കൂളുകളിലും കോളജുകളിലും കോ എജ്യുക്കേഷന്‍ നിര്‍ബന്‌ധിതമാക്കണമെന്നവര്‍ പറയുന്നു. യാഥാര്‍ ത്ഥ്യവുമായി ബന്‌ധപ്പെടാതെ ആണും പെണ്ണും വളരുമ്പോള്‍ അവര്‍ തെറ്റിദ്ധാരണയില്‍ പെടുന്നു. ആരെങ്കിലും കണ്ണുകാണിച്ചാല്‍ പോലും പ്രേമമാണെന്ന്‌ തെറ്റിദ്ധരിക്കുന്നു.

തന്റെ ഭൂതകാലത്തെപ്പറ്റി പശ്‌ചാത്താപം ഒന്നുമില്ലെന്ന്‌ അവര്‍ സൂചിപ്പിച്ചു. പക്ഷേ തോക്കിന്‍ കുഴലിലൂടെയുളള വിപ്ലവത്തിന്‌ ഇപ്പോള്‍ പ്രസക്‌തിയില്ല. അന്ന്‌ അക്രമത്തില്‍ മരിച്ച പോലിസുകാരന്റെ ഭാര്യയെയോ മക്കളെയോ താന്‍ പിന്നീട്‌ കണ്ടിട്ടില്ല.

അഹിംസയെപ്പറ്റി പറയുമ്പോള്‍ തന്നെ ഭരണകൂടം ഹിംസയെ ഉപയോഗിക്കുന്നത്‌ മറക്കരുത്‌. തങ്ങളുടെ സ്‌ഥലം തട്ടിയെടുക്കാന്‍ വരുന്ന കുത്തകകളെ ഉത്തരേന്ത്യയിലെ ആദിവാസികള്‍ എന്തു ജനാധിപത്യ മാര്‍ഗത്തിലൂടെയാണ്‌ ചെറുക്കേണ്ടത്‌? എങ്കിലും എല്ലാ ആക്രമണവും അംഗീകരിക്കാനുമാവില്ല.

അജിത, യാക്കൂബ്‌ ദമ്പതികള്‍ക്ക്‌ ഒരു പുത്രന്‍ കൂടിയുണ്ട്‌- ക്ലിന്റ്‌.
(from Malayalam Pathram)
അജിതക്ക്‌ മാത്രം പറയാന്‍ കഴിയുന്ന സത്യങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക