Image

പ്രണയഭാവത്തെ കാവ്യാത്മകമായി തട്ടത്തിന്‍ മറയത്ത്

Published on 09 June, 2012
 പ്രണയഭാവത്തെ കാവ്യാത്മകമായി  തട്ടത്തിന്‍ മറയത്ത്
ഹൃദയത്തില്‍ തൊട്ടുണര്‍ത്തുന്ന പ്രണയഭാവത്തെ കാവ്യാത്മകമായി ദൃശ്യവത്കരിക്കാന്‍ വിനീത് ശ്രീനിവാസന് ലഭിച്ച പേര് തട്ടത്തിന്‍ മറയത്ത്. മറഞ്ഞിരിക്കുന്ന പ്രണയാനന്ദത്തെ കണെ്ടത്താന്‍ ശ്രമിക്കുന്ന ഈ ദൃശ്യകാവ്യത്തിന് ലഭിച്ച പേരില്‍ ആ ചിത്രത്തിനുവേണ്ടി അനു എലിസബത്ത് ജോസ് എഴുതിയ ഗാനത്തിന്റെ ആദ്യവരിയാണ്. തന്റെ പ്രണയത്തിന് അനുയോജ്യമായ പേര് അന്വേഷിച്ച് ഒടുവില്‍ കിട്ടിയ ഈ പേര് ഏവര്‍ക്കും സ്വീകാര്യമായി. ഇപ്പോള്‍ കൗതുകത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍ വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തെ.

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസന്‍ തീവ്രപ്രണയകഥയുമായി എത്തുമ്പോള്‍ വിനോദ് എന്ന ഹിന്ദു യുവാവിന്റെ വേഷത്തില്‍ നിവിന്‍ പോളിയും ആയിഷ എന്ന മൊഞ്ചത്തിയായി മോഡല്‍ താരവും പുതുമുഖവുമായ ഇഷയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രണയത്തിന് ഒരു കഥയേയുള്ളു. പക്ഷേ, പ്രണയിനികളുടെ അനുഭവത്തിന്റെ തീവ്രതയിലാണ് വ്യത്യസ്തതയുള്ളത്. അങ്ങനെ തലശേരിയുടെ പശ്ചാത്തലത്തില്‍ വിനീത് ശ്രീനിവാസന്‍ ജനിച്ചുവളര്‍ന്ന നാടിന്റെ അനുഭവങ്ങളില്‍നിന്ന് ഒരു പ്രണയകഥ ഇന്നിന്റെ യുവതുടിപ്പില്‍ അവതരിപ്പിക്കുകയാണ് സംഗീതസാന്ദ്രമായ്.

ഒരു കഥാവായനയില്‍ ലഭിച്ച രണ്ടു കഥാപാത്രങ്ങള്‍, മനസില്‍ സ്വാഭാവികമായി വളര്‍ന്നപ്പോള്‍ പ്രണയത്തിന്റെ ആത്മാംശങ്ങളും നാടിന്റെ സ്വഭാവവും സമന്വയിപ്പിച്ചുകൊണ്ട് ഉരുത്തിരിഞ്ഞുവന്നതാണ് തട്ടത്തിന്‍ മറയത്ത്. വിീത് ശ്രീനിവാസന്‍ പറഞ്ഞു.

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിനുശേഷം ലൂമിയര്‍ ഫിലിംസിന്റെ ബാനറില്‍ നടന്മാരായ മുകേഷും ശ്രീനിവാസനും ചേര്‍ന്ന് നിര്‍മിക്കുന്ന തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശേരിയില്‍ പുരോഗമിക്കുന്നു.

മനോജ് കെ. ജയന്‍, ശ്രീനിവാസന്‍, ഭഗത്, മണിക്കുട്ടന്‍, അജു, അഹമ്മദ് സിദ്ധിഖ്, ദിനേശ്, രാമു, സണ്ണി വെയ്ന്‍, അപര്‍ണ്ണാ നായര്‍, വനിത, ശ്രിന്റ തുടങ്ങിയവരും ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തലശേരിയുടെ പശ്ചാത്തലത്തില്‍ ഹിന്ദുവായ വിനോദും മുസ്ലീമായ ആയിഷയും തമ്മില്‍ പ്രണയത്തിലായപ്പോള്‍ സ്വഭാവികമായിട്ടുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് സംഗീതത്തിന് പ്രാധാന്യം നല്‍കി ഹൃദയസ്പര്‍ശിയായി ഈ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ദൃശ്യവത്കരിക്കുന്നത്.

പുതിയ ഒരു എഴുത്തുകാരിയായ അനു എലിസബത്ത് ജോസാണ് മൂന്നു ഗാനങ്ങള്‍ ഈ ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. റൊമാന്‍സിനും സങ്കല്‍പത്തിനും പുതിയ ഭാവസാന്ദ്രമായ വാക്കുകള്‍ സ്ത്രീകള്‍ക്ക് എഴുതുവാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ആല്‍ബങ്ങളില്‍ എഴുതിയിട്ടുള്ള അനുവിനെ വിനീത് ശ്രീനിവാസന്‍ കണെ്ടത്തിയത്. ഏഴു ഗാനങ്ങളുടെ സമ്പന്നതയില്‍ നില്‍ക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ്. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എല്‍.ജെ. പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് തിയേറ്ററിലെത്തിക്കും.

 പ്രണയഭാവത്തെ കാവ്യാത്മകമായി  തട്ടത്തിന്‍ മറയത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക