Image

നെപ്പോളിയന്റെ കത്തിനു രണ്ടു കോടി

Published on 11 June, 2012
നെപ്പോളിയന്റെ കത്തിനു രണ്ടു കോടി
ലണ്ടന്‍: ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് 'മുറിഇംഗ്ളീഷി'ല്‍ എഴുതിയ കത്ത് ലേലത്തിനുവച്ചപ്പോള്‍ കിട്ടിയത് രണ്ടു കോടി രൂപ. ലേലംവിളിച്ചവരെയെല്ലാം മറികടന്ന് ഫ്രഞ്ച് മ്യൂസിയമാണ് കത്ത് സ്വന്തമാക്കിയത്. നെപ്പോളിയന്‍ ഇംഗ്ളീഷിലെഴുതിയ അപൂര്‍വം കത്തുകളിലൊന്നാണിത്. നെപ്പോളിയന്‍ ഇംഗ്ളീഷ് പഠിക്കാന്‍ തുടങ്ങിയ കാലത്ത് അറിയാവുന്ന 'മുറിഇംഗ്ളീഷി'ല്‍ ഇമ്മാനുവല്‍ എന്നയാള്‍ക്ക് ഒരു കത്തെഴുതി. സെന്റ് ഹെലേന ദ്വീപിലിരുന്ന് 1816 മാര്‍ച്ച് ഒന്‍പതിനാണ് നെപ്പോളിയന്‍ ആ കത്ത് എഴുതിയത്. ഫ്രഞ്ച് ചക്രവര്‍ത്തിയാണെങ്കിലും നെപ്പോളിയന്റെ കത്ത് വായിച്ചു മനസിലാക്കാന്‍ ആരും കുറച്ച് കഷ്ടപ്പെടും. വ്യാകരണപ്പിശകുകളാണ് മുഴുവന്‍. ഹീ ഷാല്‍ ലാന്‍ഡ്, ഷാല്‍ ഹാവ് ബീന്‍ എന്നൊക്കെച്ചേര്‍ത്തെഴുതിയ കത്തിനൊടുവില്‍ തൌസന്റ് എയ്റ്റ് ഹണ്‍ഡ്രഡ് സിക്സ്റീന്‍ എന്നു വര്‍ഷവും കുറിച്ചിട്ടുണ്ട്. ബോറടി മാറ്റാന്‍ ഇംഗ്ളീഷ് ഭാഷ പഠിക്കുകയായിരുന്നു അദ്ദേഹം. 1815ലെ വാട്ടര്‍ലൂ യുദ്ധത്തില്‍ പരാജയപ്പെട്ട് സെന്റ് ഹെലേന ദ്വീപിലേക്കു നാടു കടത്തപ്പെട്ട നെപ്പോളിയന്‍ എഴുതിയ ആ കത്ത് കഴിഞ്ഞ ദിവസമാണ് ലേലം ചെയ്തത്. വ്യാകരണം ശരിയല്ലെങ്കിലും നെപ്പോളിയനെ ഇംഗ്ളീഷ് ടീച്ചര്‍ ചീത്ത വിളിക്കുമെങ്കിലും കത്തിനു ലേലത്തിനുവച്ചവര്‍ നിശ്ചയിച്ച വിലയുടെ അഞ്ചിരട്ടിയാണ് ലഭിച്ചത്. 1821 മേയ് അഞ്ചിനു ഹെലേനയില്‍ വച്ച് അമ്പത്തിരണ്ടാം വയസിലാണ് നെപ്പോളിയന്‍ അന്തരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക