Image

കുനിയിലെ ഇരട്ടക്കൊലപാതകം: നാലുപേര്‍ കസ്റഡിയില്‍

Published on 11 June, 2012
കുനിയിലെ ഇരട്ടക്കൊലപാതകം: നാലുപേര്‍ കസ്റഡിയില്‍
അരീക്കോട് (മലപ്പുറം): അരീക്കോട് കീഴുപറമ്പ് കുനിയില്‍ അങ്ങാടിയില്‍ മുഖമൂടി സംഘത്തിന്റെ വെട്ടേറ്റ് സഹോദരങ്ങളായ അരീക്കോട് കുനിയില്‍ കൊളക്കാടന്‍ ആസാദ് (38), കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (48) എന്നിവര്‍ മരിച്ച കേസില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്െടന്നുകരുതുന്ന നാലുപേരെ പോലീസ് കസ്റ്റഡിയില്‍ വിശദമായ ചോദ്യം ചെയ്യുകയാണ്. അതേസമയം മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് രക്ഷപ്പെട്ടതായാണ് സൂചന. കൊലക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന സുമോ നിലമ്പൂര്‍ മമ്പാടില്‍ ഉപേക്ഷിച്ചശേഷം കര്‍ണാടകയിലേക്ക് രക്ഷപ്പെട്ടതായാണ് കരുതുന്നത്. അതേസമയം ഇത് പോലീസിനെ വഴിതിരിച്ചുവിടാനുള്ള പ്രതികളുടെ തന്ത്രമായും പോലീസ് കരുതുന്നു. അന്വേഷണം നേരത്തെ കൊല്ലപ്പെട്ട അത്തീഖ് റഹ്മാന്റെ സഹോദരങ്ങളിലേക്കാണ് നീളുന്നത്. ഇവര്‍ ഒളിവിലായതിനാല്‍ തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത സുമോ അത്തീഖ് റഹ്മാന്റെ ബന്ധുവിന്റെ ഉടമസ്ഥിലുള്ളതായി വ്യക്തമായിട്ടുണ്ട്. ഇയാള്‍ കേസിലെ മുഖ്യപ്രതിയാകും. ഏഴുതവണ കൈമാറിയാണ് സുമോ വാന്‍ കുനിയില്‍ എത്തിച്ചത്. രണ്ടുസംഘങ്ങളായി നടത്തിയ കൊലപാതകത്തിലെ ഒരു സംഘമാണ് കര്‍ണാടകയിലേക്ക് കടന്നതെന്ന് കരുതുന്നു. ഒരു സംഘം നാട്ടില്‍ തന്നെ ഒളിവിലാണെന്ന നിഗമനത്തിലാണ് പോലീസ്. സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപകമാക്കിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ പിടികൂടുന്നതിനായി മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഞായറാഴ്ച രാത്രി ഏഴരയ്ക്ക് അരീക്കോട് കുനിയില്‍ അങ്ങാടിയിലെ കടയിലിരിക്കുകയായിരുന്ന അബൂക്കറിനെയും ആസാദിനെയും ടാറ്റാസുമോയിലെത്തിയ നാലുപേരടങ്ങുന്ന മുഖംമൂടി സംഘം ഇരുവരുടെയും തലക്കും കൈകയ്ക്കും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ആസാദും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് അബുബക്കറും ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് കുനിയില്‍ പോസ്റ് ഓഫീസ് പരിസരത്തുവച്ച് നടുപ്പാട്ടില്‍ അതീഖു റഹ്മാ(33)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലും ആറും പ്രതികളാണിവര്‍. കൊല്ലപ്പെട്ട അബൂബക്കറിന്റെ മക്കളായ കൊളക്കാടന്‍ ഗുലാം ഹുസൈന്‍ എന്ന അജു (27), കൊളക്കാടന്‍ ഗുലാം പാഷ എന്ന ഷിജു (25),കൊളക്കാടന്‍ അബ്ദുനാസര്‍ (46), കുറ്റൂളി ഉള്ളാടന്‍ മുഹമ്മദിന്റെ മകന്‍ ഫൈസിര്‍ (29) എന്നിവരും ഈ കേസില്‍ പ്രതികളായിരുന്നു. ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ടു ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് പ്രശ്നങ്ങളുടെ തുടക്കം. 2011 ഡിസംബര്‍ 28ന് ഇതുസംബന്ധമായ പോസ്റര്‍ പതിച്ചത് ഉള്ളാടന്‍ ഫൈസിര്‍ തടയുകയും അത്തീഖുറഹ്മാനെ മര്‍ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ ഫൈസിര്‍ അത്തീഖുറഹ്മാനോട് പരസ്യമായി മാപ്പുപറയാമെന്ന് പറഞ്ഞെങ്കിലും അവര്‍ വഴങ്ങിയില്ല. 2012 ജനുവരി നാലിന് വൈകിട്ട് കേസിലെ മറ്റൊരു പ്രതിയായ കൊളക്കാടന്‍ അബ്ദുനാസറിനെ അത്തീഖുറഹ്മാനും സംഘവും മര്‍ദിച്ചു. ഇത് ചോദ്യം ചെയ്യാനെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് കൊളക്കാടന്‍ അജു അത്തീഖുറഹ്മാനെയും അബ്ദുനാസര്‍ മുജീബുറഹ്മാനെയും കുത്തുകയായിരുന്നു. കൊലപാതകത്തിനു ഉപയോഗിച്ച രണ്ടു കത്തികള്‍, തോക്ക്, രണ്ടു ഇരുമ്പുദണ്ഡുകള്‍, കത്തി ഉറ, വടികള്‍ എന്നിവ പോലീസ് മഞ്ചേരി ചെരണി പ്ളൈവുഡ് റോഡിലും തൃക്കളയൂര്‍ റോഡിലും ഒളിപ്പിച്ച നിലയില്‍ കണ്െടടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതികള്‍. പ്രതികള്‍ കുനിയില്‍ അങ്ങാടിയിലുണ്െടന്നറിഞ്ഞ് എത്തിയ മൂഖംമുടി സംഘം പകരം ചെയ്തതാവാമെന്നു കരുതുന്നു. 1995-ല്‍ എടവണ്ണ ഒതായി പള്ളിപ്പറമ്പന്‍ മനാഫി (33)നെ കൊലപ്പെടുത്തിയ കേസിലും ചെറുവാടി ശഹാദത്ത് വധശ്രമക്കേസിലും കൂടത്തായി താമരശേരി ആക്രമണക്കേസിലും പ്രതിയാണ് കൊല്ലപ്പെട്ട ആസാദ് എന്നു പോലീസ് പറഞ്ഞു. 1999-ല്‍ മുക്കത്ത് നടന്ന അടിപിടി കേസിലെ പ്രതിയാണ് അബൂബക്കര്‍. ഖദീജയാണ് അബൂബക്കറിന്റെ ഭാര്യ. മക്കള്‍: ഗുലാം ഹുസൈന്‍ (അജു), ഗുലാം പാഷ (ഷിജു), ഗുലാം ഷാറൂഖ്, ഗുലാം ഷാഹില്‍. മരുമകള്‍: സബിത. ആസാദിന്റെ ഭാര്യ: നുസ്റത്ത് നെല്ലിക്കാപറമ്പ്. മക്കള്‍: മിര്‍സ ഗുലാം, റിസ്വാന്‍ ഗുലാം, നസാബല്‍ ഫാത്തിമ. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റുമോര്‍ട്ടത്തിനു ശേഷം കുനിയില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പ്രതികള്‍ സഞ്ചരിച്ച പച്ച നിറമുള്ള ടാറ്റാ സുമോ ഇന്നലെ രാവിലെ മമ്പാട് പുള്ളിപ്പാടത്ത് വച്ച് പോലീസ് കണ്െടത്തി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്െടത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏറനാട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ പി.കെ. ബഷീര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ അരീക്കോട് പോലീസ് കേസെടുത്തു. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൊലപാതക പ്രേരണ, ഗൂഢാലോചന എന്നിവ പ്രകാരമാണ് എംഎല്‍എയ്ക്കെതിരേ കേസ്. കേസിലെ ആറാം പ്രതിയാണ് ബഷീര്‍. പാറമ്മല്‍ അഹമ്മദ്കുട്ടി, കോഴിശേരി ഇര്‍ഷാദ്, മുണ്ടശേരി അബ്ദുറഷീദ്, നേരത്തെ കൊല്ലപ്പെട്ട അത്തീഖുറഹ്മാന്റെ സഹോദരന്‍ മുഖ്താര്‍, എം.കെ അഷ്റഫ് കൊടിയത്തൂര്‍ തുടങ്ങിയവരും കണ്ടാലറിയാവുന്ന അഞ്ചുപേരും പ്രതികളാണ്. സംഭവസ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് കനത്തകാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ഡിവൈഎസ്പി എസ്. അഭിലാഷ്, മലപ്പുറം സിഐ ടി.ബി വിജയന്‍, കൊണ്േടാട്ടി സിഐ അസൈനാര്‍, എസ്ഐമാരായ ഹനീഫ, എ. പ്രേംജിത്ത്, ശ്രീകുമാര്‍, മനോഹരന്‍, എം. എസ് രാജീവ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക