Image

ഡീസല്‍ ക്ഷാമം തുടരുന്നു; സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി

Published on 11 June, 2012
ഡീസല്‍ ക്ഷാമം തുടരുന്നു; സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി
കൊച്ചി: കടുത്ത ഡീസല്‍ ക്ഷാമം സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ഷെഡ്യൂളുകളുടെ താളം തെറ്റിച്ചു. ഇന്നലെ മിക്കവാറും ഡിപ്പോകളിലും ഡീസല്‍ ക്ഷാമം അനുഭവപ്പെട്ടു. കഴിഞ്ഞ ഒരു മാസമായി പല ഡിപ്പോകളിലും ആവശ്യത്തിന് ഡീസല്‍ ഇല്ലായിരുന്നു. ഒരു ബസിന് നാല്‍പ്പത് ലിറ്ററില്‍ കൂടുതല്‍ ഡീസല്‍ നല്‍കേണ്ടതില്ലെന്ന് ഇന്നലെ ഉന്നതങ്ങളില്‍ നിന്ന് തീരുമാനം വന്നതോടെ പല ഷെഡ്യൂളുകളും റദ്ദാക്കി. സംസ്ഥാനത്ത് ഇന്നലെ എണ്ണൂറോളം സര്‍വീസുകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ദേശസാല്‍കൃത റൂട്ടുകളിലും മറ്റും യാത്രക്കാര്‍ യാത്രാക്ളേശത്തിലായി. പല ബസുകളും പാതി വഴിയില്‍ ഓട്ടം അവസാനിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഡീസല്‍ വാങ്ങിയ വകയില്‍ വന്‍ തുക നല്‍കാനുള്ളതിനാല്‍ ഡീസല്‍ ആവശ്യത്തിന് നല്‍കുന്നില്ലെന്നാണ് അറിയുന്നത്. ഡീസല്‍ എത്താന്‍ വൈകിയതു മൂലം എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകി. ഇന്ധനം നിറയ്ക്കാന്‍ കാത്തുകിടന്ന വണ്ടികളുടെ നീണ്ട നിര ഇന്നലെ വൈകുന്നേരം ഡിപ്പോയില്‍ നിന്നു രാജാജി റോഡു വഴി എംജി റോഡു വരെ നീണ്ടപ്പോള്‍ നഗരത്തില്‍ ഗതാഗതകുരുക്കും രൂക്ഷമായി. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളവ വളരെ വൈകിയാണു സര്‍വീസ് ആരംഭിച്ചത്. അമ്പലമുകളിലെ കൊച്ചി റിഫൈനറിയില്‍ നിന്നാണ് ഡിപ്പോയിലേക്കു ഡീസല്‍ എത്തിക്കുന്നത്. ഡീസല്‍ കൊണ്ടുവരുന്ന ടാങ്കര്‍ എത്താന്‍ വൈകിയതിനാലാണ് ബസുകളുടെ നീണ്ട നിര സൃഷ്ടിക്കപ്പെട്ടതെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നു വന്ന ബസുകള്‍ മണിക്കൂറുകളോളം റോഡില്‍ കിടന്നു. നിറയെ യാത്രക്കാരുമായി കിടന്നിരുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ ഇന്ധനം നിറയ്ക്കാതെ കാലി ബസുകളില്‍ ഇന്ധനം നിറച്ചത് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള വാക്കുതര്‍ക്കത്തിന് ഇടയാക്കി. കോയമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഇതുമൂലം വൈകി.രാജാജി റോഡിലും ചിറ്റൂര്‍ റോഡിലും ഗതാഗത തടസം ഉണ്ടായപ്പോള്‍ പോലീസ് ഇടപെട്ട് കെഎസ്ആര്‍ടിസി ബസുകള്‍ അംബേദ്കര്‍ സ്റേഡിയത്തിലേക്കു തിരിച്ചുവിട്ടു. രാത്രി വൈകി റിഫൈനറിയില്‍ നിന്നു ഇന്ധന ടാങ്കര്‍ എത്തിയതോടെയാണ് സ്തംഭനാവസ്ഥയ്ക്ക് അയവുണ്ടായത്. കൊച്ചി റിഫൈനറി എറണാകുളം ഡിപ്പോയുടെ സമീപമായതിനാല്‍ ദീര്‍ഘദൂര സര്‍വീസ് ഉള്‍പ്പെടെയുള്ള ബസുകള്‍ എറണാകുളത്തു നിന്നു ഡീസല്‍ നിറയ്ക്കണമെന്നാണു വര്‍ഷങ്ങള്‍ക്കു മുമ്പ് കെഎസ്ആര്‍ടിസി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.ഞായാറാഴ്ച അവധിയായതിനാല്‍ ഡീസല്‍ ഫില്ലിംഗ് നടത്താറില്ല. എന്നാല്‍ തിങ്കളാഴ്ച വേണ്ടിവരുന്ന അധിക ഉപയോഗത്തിനുള്ള ഡീസല്‍ ശേഖരിച്ചു വച്ചിരുന്നില്ല.മെട്രോ റെയില്‍ പദ്ധതിക്കുവേണ്ടി പൈലിംഗ് നടത്തിയപ്പോള്‍ ഉണ്ടായ വിള്ളല്‍മൂലം ഡിപ്പോയിലെ ഡീസല്‍ ടാങ്കുകള്‍ക്കു ചോര്‍ച്ച ഉണ്ടായി. ഇതില്‍ വെള്ളം കയറി ഉപയോഗശൂന്യമായിരിക്കുന്നതിനാല്‍ നാലു ടാങ്കുകളില്‍ ഒരെണ്ണത്തില്‍ മാത്രമെ ഡീസല്‍ നിറയ്ക്കുന്നുള്ളൂ. ഭൂരിഭാഗം ബസുകളും എറണാകുളത്തു നിന്നു ഡീസല്‍ നിറയ്ക്കുന്നതിനാല്‍ കടുത്ത ക്ഷാമം നേരിടുന്നുണ്െടന്നും അധികൃതര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക