Image

ഷുക്കൂര്‍ വധം: പി ജയരാജനെ ചോദ്യം ചെയ്തു

Published on 12 June, 2012
ഷുക്കൂര്‍ വധം: പി ജയരാജനെ ചോദ്യം ചെയ്തു
കണ്ണൂര്‍: തളിപ്പറമ്പ് അരിയിലിലെ എം.എസ്.എഫ്. പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സി.പി.എം. ജില്ലാസെക്രട്ടറി പി.ജയരാജനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കണ്ണൂര്‍ എസ്.പി. രാഹുല്‍ ആര്‍.നായര്‍, ഡിവൈ.എസ്.പി. പി.സുകുമാരന്‍, അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സി.ഐ. യു.പ്രേമന്‍ എന്നിവരാണ് പി.ജയരാജനെ കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ ചോദ്യം ചെയ്തത്.

രാവിലെ അഭിഭാഷകനൊപ്പം ജയരാജന്‍ ഗസ്റ്റ് ഹൗസില്‍ എത്തി. എന്നാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്ത മുറിയില്‍ അഭിഭാഷകനെ പ്രവേശിപ്പിച്ചില്ല. അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കില്ലെന്ന വിവരം തന്നെ പോലീസ് അറിയിച്ചില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പോലീസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം അനുവദിക്കില്ലെന്ന് പോലീസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. മൊഴിരേഖപ്പെടുത്തുന്നതിനാണ് ജയരാജനെ വിളിപ്പിച്ചതെന്നും അത് അഭിഭാഷകന്റെ സാന്നിധ്യത്തിലാവണമെന്ന ആവശ്യത്തിന് നിയമസാധുതയില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക