Image

വഴിതെറ്റിയ മാധ്യമങ്ങള്‍: എം.വി. ജയരാജന്‍

Published on 12 June, 2012
വഴിതെറ്റിയ മാധ്യമങ്ങള്‍: എം.വി. ജയരാജന്‍
അക്രമത്തിലൂടെ തളര്‍ത്താന്‍ കഴിയില്ളെന്ന് തെളിയിച്ചതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. മറ്റുള്ളവരെ ആക്രമിച്ച് കീഴ്പ്പെടുത്തി മുന്നേറണമെന്ന ഉദ്ദേശ്യം അതിനില്ലതാനും. എന്നിട്ടും ഒരു കൊലയുടെ പേരില്‍ സി.പി.എമ്മിനെ ഒരു മാസത്തോളമായി എല്ലാവരും ചേര്‍ന്ന് വേട്ടയാടുകയാണ്. വലതുപക്ഷവും കപട ഇടതുപക്ഷവും മതതീവ്രവാദികളും വലതുപക്ഷ മാധ്യമങ്ങളും മാര്‍ക്സിസ്റ്റ് വിരുദ്ധ അപവാദപ്രചാരണങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്തവിധം കൈകോര്‍ത്തിരിക്കുന്നു.1848ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സ് വ്യക്തമാക്കിയ ‘പാവനസഖ്യം’ കേരളത്തിലും രൂപംകൊണ്ടിരിക്കുന്നു. ഗര്‍ഭപാത്രത്തില്‍നിന്ന് കമ്യൂണിസത്തെ നീക്കംചെയ്യാന്‍ നടത്തിയ ശ്രമം അന്നും വിജയിച്ചിരുന്നില്ല.
അതുപോലെ സി.പി. എം വിരുദ്ധ നുണപ്രചാരണത്തിലൂടെ ഗീബല്‍സിയന്‍ ലക്ഷ്യവും വിജയം കണ്ടില്ല. ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ’ എന്ന പഴമൊഴിയെ ഓര്‍ത്തുകൊണ്ടാണ് ‘കൊല്ലപ്പെട്ടത് ടി.പി. ചന്ദ്രശേഖരനായതിനാല്‍ കൊന്നത് സി.പി.എം’ ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുതല്‍ കെ.പി.സി.സി പ്രസിഡന്‍റുവരെയുള്ളവര്‍ കൊലനടന്നയുടന്‍ പ്രഖ്യാപിച്ചത്. പഴമൊഴിക്കാധാരമായ പുരാണകഥ ഇപ്രകാരമാണ് -‘വിരാട രാജ്യത്ത് അജ്ഞാതവാസത്തിലായിരുന്നു പാണ്ഡവര്‍. സൈരന്ധ്രിയായി വേഷംമാറിവന്നിരുന്ന പാഞ്ചാലിയെ വിരാട രാജാവിന്‍െറ സൈന്യാധിപനായിരുന്ന കീചകന്‍ കടന്നുപിടിച്ച് ബലാല്‍ക്കാരത്തിനൊരുങ്ങി. ഇതുകണ്ട ഭീമന്‍ വേഷപ്രച്ഛന്നനായി വന്ന് കീചകനെ കൊലപ്പെടുത്തി പാഞ്ചാലിയെ രക്ഷപ്പെടുത്തി. കീചകനെപ്പോലൊരു യോദ്ധാവിനെ കൊലപ്പെടുത്താന്‍മാത്രം അന്ന് കെല്‍പുള്ളയാള്‍ ഭീമസേനന്‍ മാത്രമായിരുന്നതിനാലാണ് കൗരവര്‍ ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ’ എന്നു പറഞ്ഞത്.
ടി.പി.ചന്ദ്രശേഖരനെ സി.പി.എം പുറത്താക്കിയതിനാല്‍ സി.പി.എമ്മിന് രാഷ്ട്രീയ വൈരാഗ്യമുണ്ട് എന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ കൊലക്ക് കാരണമായി പറയുന്നത്. അതെങ്ങനെ പാഞ്ചാലിയെ വിവസ്ത്രയാക്കി ബലാത്സംഗം ചെയ്യാനൊരുമ്പെട്ട കീചകനും കീചകനെ നേരിട്ട ഭീമനും പോലൊരു ശത്രുതയാകും. സി.പി.എം വിട്ട് മറ്റൊരു പാര്‍ട്ടി രൂപവത്കരിച്ചാല്‍ രാഷ്ട്രീയ വൈരാഗ്യമല്ല; ആയുധമെടുക്കാതെയുള്ള ആശയസമരമാണ് ഇരുകൂട്ടരും തമ്മില്‍ നടക്കുക. ആയുധത്തിലൂടെ ആശയത്തെ തോല്‍പിക്കാനാവില്ളെന്ന് 1948ല്‍ ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം തെളിയിച്ചതാണ്. കര്‍ഷകപോരാട്ടത്തില്‍ അണിചേര്‍ന്ന മണ്ടോടി കണ്ണനുള്‍പ്പെടെ ഒമ്പതു പേരെയാണ് കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ നടന്ന എം.എസ്.പി ഭീകരവാഴ്ചയുടെ കാലത്ത് കൊലപ്പെടുത്തിയത്. ഭീകരവാഴ്ചക്ക് നേതൃത്വം കൊടുത്ത മന്ത്രി കോഴിപ്പുറത്ത് മാധവമേനോന്‍ ഒഞ്ചിയത്ത് നേരിട്ടത്തെിയിരുന്നു. കേരളപ്പിറവിക്കുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ പോരാട്ടഭൂമിയായ ഈ ഗ്രാമത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രബല കക്ഷിയായി മാറി. മണ്ടോടി കണ്ണനെയും മറ്റും ഒറ്റുകൊടുത്ത മുല്ലപ്പള്ളി ഗോപാലനുള്‍പ്പെടെയുള്ളവരുടെ ‘ചെറുപയര്‍ സംഘ’മെന്ന പേരില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു. ഈ ചരിത്രം അറിയുന്നവരാരും വളരാനായി സി.പി.എം ആയുധമെടുക്കുമെന്ന് കരുതുകയില്ല. എന്നാല്‍, ആധുനിക കൗരവപ്പട (വലതുപക്ഷം മുതല്‍ കപട ഇടതുപക്ഷംവരെ) ചരിത്രത്തെപ്പോലും വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്.
ചന്ദ്രശേഖരന്‍ വധം പ്രതിഷേധാര്‍ഹമാണ്. അപലപനീയമാണ്. ദു$ഖകരവുമാണ്. യഥാര്‍ഥ കൊലയാളികളെ കണ്ടത്തെുകയും വേണം. സി.പി.എമ്മിന് ഈ കൊലപാതകത്തില്‍ ഒരു ബന്ധവുമില്ല. പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് സി.പി.എമ്മിന് ബോധ്യമായാല്‍ സംഘടനാപരമായ നടപടിയെടുക്കും. ഈ നിലപാട് പാര്‍ട്ടി സ്വീകരിച്ചത് ആരെയെങ്കിലും തൃപ്തിപ്പെടുത്താനല്ല. സി.പി.എമ്മില്‍നിന്ന് വേറിട്ടുപോയി സമാന്തര കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കുകയും ആദ്യമെടുത്ത നിലപാടുകള്‍ മാറ്റി കമ്യൂണിസ്റ്റ് വിരുദ്ധരോടൊപ്പം അധികാരത്തിനായി കൂട്ടുചേരുകയും ചെയ്തവര്‍ കേരളചരിത്രത്തില്‍ ഒട്ടേറെപ്പേരുണ്ട്. കെ.പി.ആര്‍.ഗോപാലന്‍, കോസല രാമദാസ്, എ.വി.ആര്യന്‍, എം.വി.രാഘവന്‍, കെ.ആര്‍. ഗൗരിയമ്മ, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, എം.ആര്‍.മുരളി എന്നിവരില്‍ കെ.പി.ആര്‍.ഗോപാലന്‍ പിന്നീട് തിരിച്ചുവന്നു. എ.വി. ആര്യന്‍ കോണ്‍ഗ്രസിന്‍െറ കോടാലിക്കൈ ആവുകയും അഴീക്കോടന്‍ രാഘവന്‍െറ കൊലയാളിയായി മാറുകയും ചെയ്തു.
എം.വി.രാഘവന്‍ മുഖ്യശത്രുവായ കോണ്‍ഗ്രസിനെതിരെ മറ്റെല്ലാവരുമായും കൈകോര്‍ക്കണമെന്ന രാഷ്ട്രീയ നയമാണ് മുന്നോട്ടുവെച്ചതെങ്കിലും പിന്നീട് മുഖ്യശത്രുവിന്‍െറ കൂടാരത്തിലത്തെി. മറ്റുള്ളവര്‍ക്കും സ്വതന്ത്ര കമ്യൂണിസ്റ്റ് പാര്‍ട്ടിയായി അസ്തിത്വമുണ്ടായില്ല. എ.പി. അബ്ദുല്ലക്കുട്ടി, കെ.എസ്. മനോജ്, സിന്ധു ജോയ് എന്നിവര്‍ കോണ്‍ഗ്രസിലും മഞ്ഞളാംകുഴി അലി ലീഗിലും അഭയം തേടി. ആര്‍.ശെല്‍വരാജാകട്ടെ കോണ്‍ഗ്രസില്‍ ചേരുന്നതിനേക്കാള്‍ ആത്മഹത്യയാണ് അഭികാമ്യമെന്ന് പ്രഖ്യാപിക്കുകയും ജനങ്ങളെയും സ്വത്വത്തെയും വഞ്ചിച്ച് കോണ്‍ഗ്രസില്‍ ചേക്കേറുകയും ചെയ്തു.
സി.പി.എം വിട്ട ഇക്കൂട്ടരുടെ ദേഹത്ത് ഒരു മണല്‍ത്തരിപോലും വീണിട്ടില്ല. ജീവനുള്ളതും വളരുന്നതുമായ ദര്‍ശനമായ മാര്‍ക്സിസത്തിലൂടെ സി.പി.എം വളര്‍ന്നുവന്നു. മാര്‍ക്സിസം ഉപേക്ഷിച്ച മറ്റുകൂട്ടര്‍ സ്വയം ക്ഷയിച്ചുതുടങ്ങി. പാര്‍ട്ടിവിട്ട ഒരാളെയും സി.പി.എം കൊലപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ എടക്കാട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ മൊയ്യാരത്ത് ശങ്കരനെ 1948 മേയ് 11ന് കോണ്‍ഗ്രസുകാരായിരുന്നു ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തത്തെുടര്‍ന്ന് രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ മൊയ്യാരത്ത് മരിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരില്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന പി.കെ.അബ്ദുല്‍ഖാദറിനെ 1972ലായിരുന്നു കോണ്‍ഗ്രസുകാര്‍ വെടിവെച്ചു കൊന്നത്. രണ്ടു തവണ എം.എല്‍.എയായിരുന്ന അബ്ദുല്‍ഖാദറിനോട് പാര്‍ട്ടിമാറിയ വിരോധമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല കോണ്‍ഗ്രസിന് എന്നും വ്യക്തമായതാണ്. സി.പി.എമ്മില്‍ ചേര്‍ന്ന നാല്‍പതാം നാളിലായിരുന്നു കൊലപാതകം. ഇത്തരത്തില്‍ ഒരു ഉദാഹരണംപോലും സി.പി.എമ്മിനെതിരായി ചൂണ്ടിക്കാണിക്കാന്‍ കേരളത്തില്‍ ആര്‍ക്കും സാധിക്കില്ല. പിന്നെ എന്തുകൊണ്ട് ചന്ദ്രശേഖരന്‍ വധം സി.പി.എമ്മിനുമേല്‍ കെട്ടിവെക്കുന്നു? ഈ പാര്‍ട്ടിയെ തകര്‍ക്കണമെന്ന ശത്രുക്കളുടെ മോഹം മാത്രമാണ് കാരണം.
2008ലായിരുന്നു ചന്ദ്രശേഖരന്‍ സി.പി.എം വിട്ടത്. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പദവി രണ്ടരവര്‍ഷം കഴിഞ്ഞാല്‍ ജനതാദളിന് നല്‍കണമെന്ന തീരുമാനം അംഗീകരിക്കാന്‍ കഴിയില്ളെന്നായിരുന്നു ചന്ദ്രശേഖരനും വേണുവും പാര്‍ട്ടി വിടുമ്പോള്‍ വ്യക്തമാക്കിയത്. എന്നാല്‍, 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇക്കൂട്ടര്‍ ജനതാദളിന്‍െറ പ്രസിഡന്‍റിനെ ഏറാമലയില്‍ വിജയിപ്പിക്കാന്‍ സഹായിച്ചു. 2008ല്‍ എല്‍.ഡി.എഫ് കൈക്കൊണ്ട തീരുമാനം 2010ല്‍ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടപ്പാക്കി. എന്നാല്‍, ഒഞ്ചിയത്ത് ജനതാദളും കോണ്‍ഗ്രസും സി.പി.എമ്മിനെ തോല്‍പിക്കാന്‍ ആര്‍.എം.പിയെ സഹായിക്കുകയും ചെയ്തു. ചില മാധ്യമങ്ങളും വലതുപക്ഷക്കാരും വിശേഷിപ്പിക്കുന്നതു പോലെയായിരുന്നുവെങ്കില്‍ ചന്ദ്രശേഖരനോട് സി.പി.എമ്മിന് വിരോധം ഉണ്ടാകേണ്ടിയിരുന്നത് 2009ലും 2010ലും തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിനെ പരാജയപ്പെടുത്താന്‍ യു.ഡി.എഫിന്‍െറ കൂടെ ചേര്‍ന്നപ്പോഴല്ളേ? ഒഞ്ചിയത്ത് ബി.ജെ.പിക്കാരും കോണ്‍ഗ്രസുകാരും 1948ല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉന്മൂലനംചെയ്യാന്‍ ശ്രമിച്ചിട്ടും കഴിയാതിരുന്ന ലക്ഷ്യം, കോണ്‍ഗ്രസിന്‍െറ കൂടെച്ചേര്‍ന്ന് അപ്പോഴാണല്ളോ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിറവേറ്റാന്‍ ശ്രമിച്ചത്. അന്നൊന്നുമില്ലാതിരുന്ന ‘വിരോധം’ 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല മുന്നേറ്റം പാര്‍ട്ടിക്കുണ്ടായശേഷവും 2012ല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വന്‍ വിജയമായശേഷവും ചന്ദ്രശേഖരനോട് ഉണ്ടാകുമോ? ഈ വേളയില്‍ സി.പി.എം വിട്ടവരില്‍ നല്ളൊരു ശതമാനം തിരിച്ചുവരുകയായിരുന്നു എന്ന യാഥാര്‍ഥ്യവും മുന്നിലുണ്ട്. പാര്‍ട്ടിവിട്ടവരെ ശത്രുക്കളായി കാണുകയല്ല, തെറ്റുതിരുത്തി തിരിച്ചുകൊണ്ടുവരാനുള്ള പരിശ്രമമാണ് ഒഞ്ചിയത്ത് നടന്നുകൊണ്ടിരുന്നത്.
മറ്റൊരു പ്രചാരണം യു.ഡി.എഫുമായി കൂട്ടുചേരാതെ ആര്‍.എം.പി സ്വതന്ത്രമായി നിലകൊണ്ട് ഒഞ്ചിയം പഞ്ചായത്ത് ഭരണമുള്‍പ്പെടെ ലഭിക്കുന്ന നിലയില്‍ ജനകീയ അടിത്തറ നേടി എന്നാണ്. എന്നാല്‍, എന്താണ് വസ്തുത? ഒഞ്ചിയം പഞ്ചായത്ത് ഇത്തവണ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലാണ് ഭരിക്കുന്നതെന്നത് ശരിതന്നെ. ആകെയുള്ള 17ല്‍ ഏഴു വാര്‍ഡിലാണ് ആര്‍.എം.പി ജയിച്ചത്. ആറിടത്ത് എല്‍.ഡി.എഫും ജയിച്ചു. യു.ഡി.എഫിന് ലഭിച്ചത് നാല് വാര്‍ഡ്. എന്നാല്‍, 11 വാര്‍ഡില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും വട്ടപ്പൂജ്യമാണ് വോട്ട്. ആര്‍.എം.പിക്ക് ഒരിടത്ത് പൂജ്യവും മൂന്നു വാര്‍ഡുകളില്‍ വിരലിലെണ്ണാവുന്ന ഏതാനും വോട്ടുകളും മാത്രമാണ് ലഭിച്ചതെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്സൈറ്റ് തന്നെ വ്യക്തമാക്കുന്നു. ഇത് പരസ്യമായ ആര്‍.എം.പി- യു.ഡി.എഫ്- ബി.ജെ.പി ബാന്ധവമല്ളെങ്കില്‍ മറ്റെന്താണ്? ഇവിടെ സി.പി.എം തളരുകയോ ആര്‍.എം.പി വളരുകയോ ആയിരുന്നില്ല; യു.ഡി.എഫും ബി.ജെ.പിയും അത്രകണ്ട് തളരുകയായിരുന്നു.
അപ്പോഴും മാധ്യമങ്ങള്‍ പറയുന്നത് ആര്‍.എം.പി യു.ഡി.എഫിലേക്ക് പോകാതെ സ്വതന്ത്രമായി നിന്നു എന്നാണ്. ജനങ്ങള്‍ വസ്തുത തിരിച്ചറിയാന്‍ കഴിയാത്തവരാണെന്ന് ഇത്തരം മാധ്യമങ്ങള്‍ തീരുമാനിച്ചു എന്നു കരുതണം. എന്നാല്‍, ജനങ്ങളെയാകെ വിഡ്ഢികളാക്കാന്‍ ശ്രമിച്ച് സ്വയം വിഡ്ഢികളാവുകയാണ് തെറ്റിദ്ധാരണ പരത്തുന്ന മാധ്യമങ്ങള്‍ ചെയ്യുന്നത്.
മേയ് നാലിന് ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട് ഉടന്‍തന്നെ ആ കൊലപാതകം സി.പി.എമ്മിന്‍െറ തലയില്‍ വെച്ചുകെട്ടാന്‍ ശ്രമംനടന്നു. അതിന്‍െറ ആദ്യ പ്രതികരണം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനില്‍നിന്നുമുണ്ടായി. എഫ്.ഐ.ആര്‍ പോലും പൊലീസ് തയാറാക്കുംമുമ്പ് കൊലക്കുപിന്നില്‍ സി.പി.എം ആണെന്ന് പ്രസ്താവിച്ചത് ബോധപൂര്‍വം പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനായിരുന്നു. മുല്ലപ്പള്ളി മുതല്‍ ചെന്നിത്തല വരെ കേസന്വേഷണത്തില്‍ തുടര്‍ച്ചയായി ഇടപെട്ടതും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്തതും ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടത്തുമ്പോള്‍ ആഭ്യന്തരമന്ത്രി തന്നെ മേല്‍നോട്ടം വഹിച്ചതുമെല്ലാം ദുരൂഹമാണ്. വടകര പ്രസംഗത്തില്‍ സി.പി.എമ്മിലെ പരല്‍മീനുകളെയല്ല വന്‍സ്രാവുകളെയാണ് ലക്ഷ്യമിടുന്നതെന്നുവരെ മുല്ലപ്പള്ളി പറയുകയുണ്ടായി. ഈ പ്രഖ്യാപനത്തിനുശേഷമാണ് സി.എച്ച്.അശോകന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കേസില്‍ പ്രതികളാക്കുന്നത്. നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണത്തെ സി.പി.എം ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍, നിരപരാധികളായ സി.പി.എം പ്രവര്‍ത്തകരെയും നേതാക്കളെയും കള്ളക്കേസില്‍ കുടുക്കി യഥാര്‍ഥ കൊലയാളികളെ രക്ഷിക്കുംവിധത്തിലാണ് ഇപ്പോള്‍ അന്വേഷണഗതി തിരിച്ചുവിട്ടിരിക്കുന്നത്.
പൊലീസിന് നല്‍കിയ മൊഴിയെന്ന പേരില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വിവരണങ്ങള്‍ കൊലപാതകത്തേക്കാള്‍ ക്രൂരമാണ്. അതില്‍ ആദ്യനാളുകളില്‍ നല്‍കിയ റിപ്പോര്‍ട്ടുകളും പിന്നീട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും പരസ്പരവിരുദ്ധമാണ് -അന്ധമായി സി.പി. എം വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ പറ്റുന്ന അമളികള്‍.
എം.എം. മണിയുടെ വിവാദ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ സി.പി.എമ്മിന്‍െറ രാഷ്ട്രീയ നിലപാടിന് വിരുദ്ധമാണ്. ഇക്കാര്യം സംസ്ഥാന-അഖിലേന്ത്യാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. 24 മണിക്കൂറിനകം മണിയുടെ പേരില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേസെടുത്തു. എന്നാല്‍, സമാന പ്രതികരണം നടത്തിയ കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍െറ പേരില്‍ ഒരു കേസുമില്ല. ഞാനൊരാളെ വെടിവെച്ചിട്ടാ വരുന്നതെന്ന ആമുഖത്തോടെ മട്ടന്നൂരില്‍ പ്രസംഗിച്ച കെ. സുധാകരന്‍ ഇപ്പോഴും കേസില്ലാ പ്രതി. ജഡ്ജിമാര്‍ തിണ്ണനിരങ്ങികളെന്നും കൈക്കൂലി വാങ്ങുമ്പോള്‍ താന്‍ ദൃക്സാക്ഷിയാണെന്നും പറഞ്ഞിട്ടും ഒരു കേസുമില്ല. ‘ശുംഭന്‍’ എന്ന പരാമര്‍ശത്തിന്‍െറ പേരില്‍ എനിക്കെതിരെ നിയമനടപടി. ഭരണകക്ഷിയാണെങ്കില്‍ എന്തുമാകാമെന്ന നിലയുണ്ടാവുന്നത് യു.ഡി.എഫിന് ഭൂഷണമാണോ?
ഒഞ്ചിയം മേഖലയില്‍ 80 വീടുകളും 17 വാഹനങ്ങളും ഒമ്പത് വായനശാലകളും തകര്‍ത്തവരുടെ പേരില്‍ കേസെടുക്കാത്തതെന്താണ്? ഇതെല്ലാം സി.പി.എം പ്രവര്‍ത്തകരുടേതായതിനാല്‍ മാത്രമാണല്ളോ ആക്രമിക്കപ്പെട്ടത്. റഫീഖിന്‍െറയും നവീന്‍ ദാസിന്‍െറയും വീടുകള്‍ തകര്‍ക്കപ്പെടാതിരുന്നത് അവര്‍ സി.പി.എമ്മുകാരല്ലാത്തതുകൊണ്ടല്ളേ? സി.പി.എമ്മിനെതിരായ മാധ്യമവിചാരണയിലൂടെ ഈ ചോദ്യങ്ങള്‍ക്കുള്ള ശരിയുത്തരം തമസ്കരിക്കപ്പെടുകയാണ്. വസ്തുതയറിയാന്‍ ആഗ്രഹിക്കുന്ന ജനങ്ങളെ പരിഹസിക്കുകയാണ് അത്തരം മാധ്യമങ്ങള്‍ ചെയ്യുന്നത്.
(സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖകന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക