Image

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

Published on 12 June, 2012
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് ലാബില്‍ നിന്ന് നിര്‍ണാക കേസുകളിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് പ്രിസിപ്പലിനോട് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. വിവാദമായ സമ്പത്ത് കസ്റ്റഡി മരണക്കേസിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സൗമ്യ വധക്കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടും അടക്കം 12 കേസുകളിലെ രേഖകളാണ് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തില്‍നിന്നു കാണാതായത്.

പുത്തൂര്‍ ഷീല വധക്കേസില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സമ്പത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ യഥാര്‍ഥ വര്‍ക്‌നോട്ട് രേഖകളും നഷ്ടപ്പെട്ടവയില്‍പ്പെടുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് നല്‍കുന്ന മൃതദേഹം സമ്പത്തിന്റേതാണെന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ തിരിച്ചറിയുന്ന രസീത്, പരിശോധനയ്ക്ക് ശേഷം മൃതദേഹം പോലീസിന് മടക്കി നല്‍കുന്ന രസീത്, പരിക്കുകളുടെ എണ്ണം, സ്വഭാവം എന്നിവ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ എന്നിവ ബൃഹത്തായ വര്‍ക്‌നോട്ട് ഫയലിലാണ് ഉള്ളത്.

യഥാര്‍ഥ ഫയലുകള്‍ നഷ്ടപ്പെട്ടെങ്കിലും പകരം സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ സൂക്ഷിച്ചിട്ടുണെ്ടന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, യഥാര്‍ഥ രേഖകള്‍ നഷ്ടപ്പെട്ടത് അന്വേഷണത്തെയും കേസിന്റെ ഗതിയെയും ബാധിക്കും. സമ്പത്ത് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം നേരത്തെ തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ എടുക്കുകയും ഡോക്ടര്‍മാരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫസല്‍ വധക്കേസിലും പോസ്റ്റ്‌മോര്‍ട്ടം രേഖകള്‍ നഷ്ടപ്പെട്ടത് വിവാദമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക