Image

മെല്‍ബണില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ സംസ്‌കാരം ജൂണ്‍ 18ന്

Published on 13 June, 2012
മെല്‍ബണില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ സംസ്‌കാരം ജൂണ്‍ 18ന്
മെല്‍ബണ്‍: മെല്‍ബണിലെ ക്ലേയറ്റണ്‍സൗത്തില്‍ വീടിനു തീപിടിച്ച് മരിച്ച മുണ്ടക്കയം ചിറ്റടിമനയില്‍ ജോര്‍ജ് ഫിലിപ്പിന്റെ ഭാര്യ അനിത (37), മക്കളായ ഫിലിപ്പ് (11), മാത്യു (6) എന്നിവരുടെ സംസ്‌കാരം ജൂണ്‍ 18ന് (തിങ്കള്‍) രാവിലെ 10ന് ക്ലേയ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ആരംഭിച്ച് സ്പ്രിംഗ്‌വെയില്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ നടക്കും.

പരേതരുടെ ആത്മശാന്തിക്കായി ജൂണ്‍ 17ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30ന് ക്ലേയ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ കൊന്തനമസ്‌കാരവും ഒപ്പീസും ഉണ്ടായിരിക്കും. 

കൊച്ചി തേവര ചേലപ്പിള്ളിയില്‍ സി.ഒ. മാത്യുസിന്റെ മകളായ അനിതയും കുട്ടികളും ജൂണ്‍ ഒന്നിന് പുലര്‍ച്ചെയാണ് തീപിടിച്ച് മരിച്ചത്. വീട് പൂര്‍ണമായും കത്തി നശിച്ചിരുന്നു.

പോലിസിന്റെ പ്രാഥമിക അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ക്കായി കോറോണര്‍ ഓഫീസിനെ എല്‍പ്പിച്ചിരിക്കുകയാണ്. ആളെ തിരിച്ചറിയാത്തവിധം മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതാണ് തുടര്‍നടപടികള്‍ വൈകാനിടയായത്. 

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനിതയുടെ പിതാവ് സി.ഒ. മാത്യുവും സഹോദരന്‍ സി.ഒ. ജേക്കബ്, ജോര്‍ജ് ഫിലിപ്പിന്റെ സഹോദരന്‍ മാത്യു ഫിലിപ്പ് എന്നിവര്‍ മെല്‍ബണിലെത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക