Image

ഐപിഎസ് ഓഫിസര്‍ ചമഞ്ഞ് കോട്ടയത്ത് വന്‍ തട്ടിപ്പ്; ലേഡി ഡോക്ടറുടെ 30 ലക്ഷം രൂപയും കാറും തട്ടിയെടുത്തു

Published on 13 June, 2012
ഐപിഎസ് ഓഫിസര്‍ ചമഞ്ഞ് കോട്ടയത്ത് വന്‍ തട്ടിപ്പ്; ലേഡി ഡോക്ടറുടെ 30 ലക്ഷം  രൂപയും കാറും തട്ടിയെടുത്തു
കോട്ടയം: ഡല്‍ഹി കേഡര്‍ ഐപിഎസ് ഓഫിസര്‍ ചമഞ്ഞ് ഡോക്ടര്‍ ദമ്പതികളുടേതടക്കം ലക്ഷങ്ങള്‍ തട്ടിച്ച വ്യാജനെ പിടിക്കാന്‍ പൊലീസിന്റെ പ്രത്യേകസംഘം രംഗത്ത്. വനിതാ ഡോക്ടര്‍ക്കു നഷ്ടപ്പെട്ടത് 30 ലക്ഷത്തോളം രൂപയും പത്തുലക്ഷം രൂപ വിലയുള്ള ഇന്നോവ കാറും. തട്ടിപ്പുനടത്തുന്നയാള്‍ സൂര്യനാരായണവര്‍മ എന്ന കള്ളപ്പേരിലാണ് പരിചയപ്പെട്ടത്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ അടുത്ത ബന്ധുവാണെന്നു വ്യാജമായി അവകാശപ്പെട്ടാണ് തട്ടിപ്പെന്ന് പൊലീസ് കണ്ടെത്തി. വനിതാ ഡോക്ടര്‍ ജില്ലാ പൊലീസ് മേധാവി സി.രാജഗോപാലിന് നല്‍കിയ പരാതിയെ തുടര്‍ന്ന് ചങ്ങനാശേരി സിഐ: കെ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. 

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് വിആര്‍എസ് എടുത്ത് ഇപ്പോള്‍ കൊല്ലത്ത് സ്വകാര്യആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്ന വനിതാ ന്യൂറോ സര്‍ജന്റെ കാറും പലപ്പോഴായി 30 ലക്ഷം രൂപയും തട്ടിയെടുത്തതായാണ് പരാതി. പ്രതി കൊല്ലം ഓച്ചിറ സ്വദേശിയാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. 'ജൂനിയര്‍ ശബരിനാഥ് എന്ന് നാട്ടില്‍ അറിയപ്പെടുന്ന ഇയാള്‍ ഒട്ടേറെ തട്ടിപ്പുകേസില്‍ പ്രതിയാണെന്നു പൊലീസ് പറയുന്നു. വനിതാ ഡോക്ടര്‍ ഒരു വര്‍ഷം മുന്‍പ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ് സൂര്യനാരായണ വര്‍മയെ പരിചയപ്പെടുന്നത്. കോട്ടയം വെള്ളാവൂര്‍ സ്വദേശികളായ സഹോദരനും സഹോദരിയും അപകടത്തില്‍ പരുക്കേറ്റു ബോധമില്ലാതെ കോഴഞ്ചേരി ആശുപത്രിയില്‍ വനിതാ ഡോക്ടറുടെ ചികിത്സയില്‍ കഴിയുമ്പോഴാണ്് ഇയാള്‍ അവിടെയെത്തിയത്. 

ഇവരുടെ സുഹൃത്താണെന്നു പറഞ്ഞ് ഡോക്ടറെ പരിചയപ്പെട്ട ഇയാള്‍ രോഗവിവരം അന്വേഷിച്ച് പതിവായി ഫോണ്‍ചെയ്യുമായിരുന്നു. പിന്നീട് ഡോക്ടറെ കണ്ട് കേരളത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയതാണെന്നും ഡോക്ടറുടെ കാര്‍ തല്‍ക്കാലത്തേക്ക് ഉപയോഗിക്കാന്‍ തരണമെന്നും ആവശ്യപ്പെട്ടു. ഐപിഎസ്, രാജകുടുംബാംഗം, സൂര്യനാരായണ വര്‍മ എന്നൊക്കെ കേട്ട് വിശ്വസിച്ച ഡോക്ടര്‍ കാര്‍ കൊടുത്തു. പത്ത് ദിവസം കഴിഞ്ഞ് ഇയാള്‍ കാര്‍ തിരിച്ചുനല്‍കി. ഡെറാഡൂണിലെ പൊലീസ് പരിശീലനവും തിരുവനന്തപുരം കൊട്ടാരത്തിലെ കാര്യങ്ങളും തന്മയത്വത്തോടെ അവതരിപ്പിച്ച് ഡോക്ടറുടെ വിശ്വാസം നേടുകയും ചെയ്തു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസിനും മറ്റുമായി സുപ്രീംകോടതിയില്‍ പോകാന്‍ കൊട്ടാരത്തിലേക്കു പണം കടം വേണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. ഇതോടെ സൂര്യനാരായണവര്‍മ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് ഡോക്ടര്‍ ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് ഡോക്ടറെ സമീപിച്ച് ഇന്നോവ കാറും കൊണ്ടുപോയി. ഡോക്ടര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും കാര്‍ നല്‍കിയില്ല. വീണ്ടും ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. സംശയം തോന്നിയ ഡോക്ടര്‍ അന്ന് ആശുപത്രിയില്‍ ചികിത്സിച്ച സഹോദരങ്ങളെ കണ്ടെത്തിയപ്പോഴാണ് ഇയാളുടെ തട്ടിപ്പിനെക്കുറിച്ച് മനസ്സിലായത്. വിജിലന്‍സ് എസ്പിയാണെന്നു പറഞ്ഞ് ഇവരില്‍നിന്നും ഇയാള്‍ പണം തട്ടിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ കൊട്ടാരത്തിലുള്ളവരുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെയൊരാളെ അറിയുക പോലുമില്ലെന്ന് കൊട്ടാരം അധികൃതര്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക