Image

എണ്ണവില പിടിച്ചുനിര്‍ത്താന്‍ ഒപെക് രംഗത്തിറങ്ങി

Published on 13 June, 2012
എണ്ണവില പിടിച്ചുനിര്‍ത്താന്‍ ഒപെക് രംഗത്തിറങ്ങി
വിയന്ന: ക്രൂഡോയില്‍ വില അതിവേഗം താഴുന്നതിനു തടയിടാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് രംഗത്തിറങ്ങി. എണ്ണ ഉത്പാദനം കുറയ്ക്കാനായി ഒപെക് സൌദി അറേബ്യയുടെ മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിവരികയാണ്. ഉത്പാദനം കുറച്ചാല്‍ ഇപ്പോഴത്തെ വിലയിടിവു തടയാനാകുമെന്ന് ഒപെക് കരുതുന്നു. ഒപ്പെകിന്റെ നീക്കം ഉപയോഗം കൂടുതലുള്ള ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കു ഭീഷണിയാണ്. ക്രൂഡോയിലിന്റെ വിലക്കയറ്റം മൂലം ഇന്ത്യയുടെ ബാലന്‍സ് പേമെന്റ് നില പോലും ഭീഷണിയിലായിരുന്നു. വികസ്വര രാജ്യങ്ങളിലുള്‍പ്പെടെ സാമ്പത്തിക വളര്‍ച്ച ഇടിയുന്നതിനെത്തുടര്‍ന്നാണ് ക്രൂഡോയിലിനു ഡിമാന്‍ഡ് കുറഞ്ഞതും അത് വിലയിടിവിനു വഴിതെളിച്ചതും. ഉത്പാദനം പ്രതിദിനം മൂന്നുകോടി ബാരല്‍ എന്ന പരിധിയില്‍ നിര്‍ത്താന്‍ കഴിഞ്ഞ ഡിസംബറില്‍ തീരുമാനിച്ചിരുന്നു. ഇതു കര്‍ശനമായി പാലിക്കണമെന്നു വെനസ്വല എണ്ണ മന്ത്രി റാഫേല്‍ റമിറെസ് പറഞ്ഞു. വിലയിടിവിനെ താന്‍ ഭയക്കുന്നതായും ബാരലിന് നൂറു ഡോളറില്‍ താഴെ എത്തുക എന്നത് ലിബിയയ്ക്ക് സഹിക്കാനാകില്ലെന്നും അവിടത്തെ എണ്ണ വകുപ്പു മന്ത്രി അബ്ദുള്‍റഹ്മാന്‍ ബെന്‍ യാസ പറഞ്ഞു. സൌദി അറേബ്യ അധിക ഉത്പാദനം നടത്തിയതാണ് ഇപ്പോള്‍ വിലയിടിവിനു മറ്റൊരു കാരണം. അതിന് അനുസരിച്ചുളള ഡിമാന്‍ഡുണ്ടായില്ല. മേയില്‍ സൌദി 3.16 കോടി ബാരല്‍ പ്രതിദിനം ഉത്പാദിപ്പിച്ചു. ഇറാനെതിരായ ഉപരോധം മുതലെടുക്കാമെന്ന ചിന്താഗതിയാണ് ഉത്പാദനം കൂട്ടാന്‍ അവരെ പ്രേരിപ്പിച്ചത്. ബാരലിന് നൂറുഡോളര്‍ എന്ന തലത്തില്‍ എണ്ണവില നിര്‍ത്താനാണ് ഒപ്പെക് ആഗ്രഹിക്കുന്നത്. സൌദിയില്‍ നിന്നുള്ള ക്രൂഡോയില്‍ പല രാജ്യങ്ങളിലും അധികതലത്തിലാണ്. അമേരിക്കയില്‍ 1990 നു ശേഷം ഏറ്റവും കൂടുതല്‍ സൌദി എണ്ണയാണു സംഭരിച്ചിരിക്കുന്നത്. ഇറാനില്‍ പ്രശ്നമുണ്ടായാലും തങ്ങള്‍ക്ക് കുഴപ്പമുണ്ടാകരുതെന്നു മിക്ക രാജ്യങ്ങും ചിന്തിച്ചു. ഇറാന്റെ കയറ്റുമതി 40% കുറഞ്ഞു. വില കുറയുന്നതില്‍ സൌദി അറേബ്യയുടെ ഗള്‍ഫ് സുഹൃദ് രാഷ്ട്രങ്ങളും അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക