Image

യുവതിയെ അപമാനിച്ചെന്ന കേസില്‍ ടിടിഇ കോടതിയില്‍ കീഴടങ്ങി

Published on 13 June, 2012
യുവതിയെ അപമാനിച്ചെന്ന കേസില്‍ ടിടിഇ കോടതിയില്‍ കീഴടങ്ങി
കോട്ടയം: സഹോദരനോടൊപ്പം ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന യുവതിയെ അപമാനിച്ചെന്ന കേസില്‍ ടിടിഇ കോട്ടയം ജുഡിഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് ജഡ്ജി അനില്‍ കുമാര്‍ മുമ്പാകെ കീഴടങ്ങി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അനീഷാണ് അഡ്വ. പി.പി. ജോസഫിന് ഒപ്പമെത്തി കോടതിയില്‍ കീഴടങ്ങിയത്. പരാതിയുമായി ബന്ധപ്പെട്ടു കോട്ടയം റെയില്‍വേ പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ അനീഷിന്റെ വ്യക്തമായ മേല്‍വിലാസമില്ലാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് 18ലേക്കു മാറ്റിയ കോടതി അനീഷിനു താത്കാലിക ജാമ്യം അനുവദിച്ചു. അഞ്ചുദിവസം മുമ്പു തിരുവനന്തപുരം-പാലക്കാട് അമൃത എക്സ്പ്രസ് ട്രെയിനിലാണു ടിടിഇ യുവതിയെ കയറിപ്പിടിച്ചത്. എറണാകുളത്തു പരീക്ഷയ്ക്കു പോകുകയായിരുന്നു പത്തനംതിട്ട സ്വദേശിനിയായ യുവതിയും സഹോദരനും. ട്രെയിനില്‍ തിരക്കായതിനാല്‍ ഇവര്‍ വാതിലിനോടു ചേര്‍ന്നുനില്‍ക്കുകയായിരുന്നു. ഈ സമയത്ത് ടിടിഇ യുവതിയെ കടന്നുപിടിക്കുകയായിരുന്നുവെന്നാണു പരാതി. എറണാകുളം റെയില്‍വേ പോലീസിനാണു പരാതി നല്‍കിയത്. ട്രെയിന്‍ കോട്ടയത്തെത്തിയപ്പോഴാണു സംഭവമെന്നതിനാല്‍ പരാതി പിന്നീടു കോട്ടയം റെയില്‍വേ പോലീസിനു കൈമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞദിവസം യുവതിയും സഹോദരനും പിതാവും കോട്ടയത്തെത്തി മൊഴിനല്‍കിയിട്ടുണ്ട്. ഈമൊഴിയിലും ടിടിഇ അപമാനിക്കാന്‍ ശ്രമിച്ചുവെന്നു പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നു പാലക്കാടുവരെ ഡ്യൂട്ടിയുള്ള അനീഷ് സംഭവം വിവാദമായതിനെത്തുടര്‍ന്നു ഡ്യൂട്ടി ഇടയ്ക്കുവച്ചു നിര്‍ത്തി രക്ഷ പ്പെടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക