Image

പാക്കിസ്ഥാനില്‍ വീണ്ടും യുഎസ് ആക്രമണം; നാലു മരണം

Published on 13 June, 2012
പാക്കിസ്ഥാനില്‍ വീണ്ടും യുഎസ് ആക്രമണം; നാലു മരണം
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഗോത്ര മേഖലയില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തീവ്രവാദികളെന്നു സംശയിക്കുന്ന നാലു പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ ഒളിത്താവളവും വാഹനവും ലക്ഷ്യമാക്കിയായിരുന്നു മിസൈല്‍ ആക്രമണം. യുഎസിന്റെ നാലു പൈലറ്റില്ലാ വിമാനങ്ങള്‍ ഈ മേഖലയില്‍ ഇപ്പോഴും റോന്തുചുറ്റുന്നുണ്െടന്നാണ് വിവരം. കഴിഞ്ഞമാസം ഷിക്കാഗോയില്‍ അവസാനിച്ച നാറ്റോ ഉച്ചകോടിയ്ക്കു ശേഷം പാക്കിസ്ഥാനില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനങ്ങള്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിവരികയാണ്. പാക്കിസ്ഥാനില്‍ നിന്നു അഫ്ഗാനിലേയ്ക്കുള്ള നാറ്റോ പാത അടച്ചതില്‍ ഇതുവരെ തീരുമാനമുണ്ടാകാത്തതും യുഎസിനെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ മാസം നാലിനു നോര്‍ത്ത് വസീറിസ്ഥാനില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ 15 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്കിടെ പാക്കിസ്ഥാനില്‍ ഒന്‍പതു യുഎസ് ഡ്രോണ്‍ ആക്രമണങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. അല്‍ക്വയ്ദ, താലിബാന്‍ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്തകാലത്ത് അഫ്ഗാന്‍-പാക് അതിര്‍ത്തി പ്രദേശത്ത് യുഎസ് പൈലറ്റില്ലാ വിമാനാക്രമണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഭീകരര്‍ക്കു പുറമേ സാധാരണക്കാരും ആക്രമണങ്ങള്‍ക്കിരയാവുന്നതിനാല്‍ പാക്കിസ്ഥാനില്‍ യുഎസിനെതിരേ രോഷം ഉയരുകയാണ്. എന്നാല്‍, ചില പാക് കമാന്‍ഡര്‍മാര്‍ രഹസ്യമായി ഇത്തരം ആക്രമണങ്ങളെ അനുകൂലിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക