Image

സ്യൂകിയുടെ യൂറോ പര്യടനം തുടങ്ങി

Published on 13 June, 2012
സ്യൂകിയുടെ യൂറോ പര്യടനം തുടങ്ങി
ജനീവ: മ്യാന്‍മാറിലെ പ്രതിപക്ഷ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാങ് സ്യൂകിയുടെ യൂറോപ്യന്‍ പര്യടനം ആരംഭിച്ചു. രണ്ടു പതിറ്റാണ്ടിനുശേഷമാണ് സ്യൂകി യൂറോപ്യന്‍ പര്യടനം നടത്തുന്നത്. വീട്ടുതടങ്കലില്‍ നിന്നു മോചിതയായ സ്യൂകിക്ക് അധികൃതര്‍ പാസ്പോര്‍ട്ട് അനുവദിച്ചിരുന്നു. പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ സ്യൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി നേടിയ വിജയമാണു നിലപാടില്‍ അയവുവരുത്താന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. കഴിഞ്ഞമാസം നടത്തിയ തായ്ലന്‍ഡ് സന്ദര്‍ശനത്തിനു പിന്നാലെയാണ് സ്യൂകിയുടെ യൂറോപ്യന്‍ പര്യടനം ആരംഭിച്ചത്. ബുധാനാഴ്ച രാത്രിയോടെ സ്യൂകി ജനീവയിലെ വിമാനത്താവളത്തില്‍ ഇറങ്ങി. നിറഞ്ഞ പുഞ്ചിരിയോടെയാണ് സ്യൂകി തന്നെ കാത്തുനിന്ന ജനക്കൂട്ടത്തെ അഭിമുഖീകരിച്ചത്. ജനീവയിലെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ കോണ്‍ഫറന്‍സിനെ അവര്‍ അഭിസംബോധന ചെയ്യും. 16നു നോര്‍വേയിലെത്തുന്ന സ്യൂകി 1991ല്‍ തനിക്കു പ്രഖ്യാപിച്ച നൊബേല്‍ സമ്മാനം ഏറ്റുവാങ്ങും. തുടര്‍ന്നു ഭര്‍ത്താവ് മൈക്കിള്‍ ആരിസുമൊത്ത് ഏറെ നാള്‍ ചെലവിട്ട ബ്രിട്ടനിലേക്കു പോകും. ജൂണ്‍ 20നു ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് സ്വീകരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക