Image

കൊടിസുനിയുടെ അറസ്റ്: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചിത്രം തെളിയും

Published on 13 June, 2012
കൊടിസുനിയുടെ അറസ്റ്: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചിത്രം തെളിയും
തലശേരി: ടി.പി. ചന്ദ്രശേഖരനെ വധിച്ച കൊലയാളി സംഘത്തിലെ പ്രധാനികളായ കൊടി സുനി, കിര്‍മാണി മനോജ്. ഷാഫി എന്നിവര്‍ പിടിയിലായതോടെ തലശേരി-പാനൂര്‍ മേഖലകളില്‍ നടന്ന നിരവധി രാഷ്ട്രീയ കൊലപാതക കേസുകളിലെ യഥാര്‍ഥ പ്രതികള്‍ പുറത്തു വരുമെന്നും ഗൂഢാലോചനകളുടെ ചുരുളഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് പോലീസ്. പാനൂരിലെ അഡ്വ. വത്സരാജക്കുറുപ്പ് വധവും ഫസല്‍ വധവും, ഫസല്‍ വധം അമ്പേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാധാകൃഷ്ണനെതിരെയുള്ള അക്രമവും ഉള്‍പ്പെടെയുള്ള കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന് ശിപാര്‍ശ ചെയ്ത എഡിജിപി വിന്‍സന്‍ പോള്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചന്ദ്രശേഖരന്‍ വധക്കേസില്‍ നേരത്തെ പിടിയിലായ ടി.കെ. രജീഷ് ഉള്‍പ്പെടെയുള്ളവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു എഡിജിപിയുടെ റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് കൊടി സുനി ഉള്‍പ്പെടെയുള്ള ജില്ലയിലെ രാഷ്ട്രീയബന്ധമുള്ള ക്രിമിനല്‍ സംഘം പോലീസിന്റെ വലയിലായത്. ന്യൂ മാഹിയിലെ ഇരട്ടക്കൊലപാതകവും ഫസല്‍ വധവും പള്ളൂരില്‍ നടന്ന കൊലപാതകവും വല്‍സരാജക്കുറുപ്പ് വധവുമുള്‍പ്പെടെ ജില്ലയില്‍ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെയെല്ലാം ചുരുളഴിക്കാന്‍ കൊടി സുനിയെയും കിര്‍മാണി മനോജിനെയും ചോദ്യം ചെയ്യുന്നതിലൂടെ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്. ജയകൃഷ്ണന്‍ വധക്കേസിലുള്‍പ്പെടെയുള്ള കേസുകളിലെല്ലാം നടന്ന ഉന്നതതല ഗൂഢാലോചനകള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണത്തിലൂടെ ലഭിച്ച സാഹചര്യത്തില്‍ മറ്റ് കൊലപാതകകേസുകളിലെ ഗൂഢാലോചനകളും പുറത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊലപാതകങ്ങളില്‍ പങ്കെടുത്ത യഥാര്‍ഥ പ്രതികള്‍ പലപ്പോഴും നിയമത്തിനു മുന്നില്‍ വന്നിരുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പോലീസ് ഇതില്‍ മുഖവിലയ്ക്കെടുക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഇതുവരെ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊലയാളി സംഘത്തിലെ അംഗങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാമെന്നു പോലീസ് കരുതുന്നു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ള കേസുകളിലും കോടതിയുടെ അനുമതിയോടെ അന്വേഷണം തുടരും. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകളില്‍ പ്രത്യേക സ്ക്വാഡിനെ അന്വേഷണ ചുമതല ഏല്‍പിക്കാനും നീക്കമുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പാനൂരിലെ അഡ്വ. വല്‍സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ഐ. ദേവരാജന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം പൂര്‍ത്തിയാക്കി കഴിഞ്ഞ വര്‍ഷം തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പ് നടന്ന ഈ കൊലപാതക്കേസില്‍ ഏഴ് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കവും കേസിലെ മൂന്നാം പ്രതിയെ വല്‍സരാജക്കുറുപ്പ് ആളുകളുടെ മുന്നില്‍വച്ച് അപമാനിച്ചതുമാണ് കൊലപാതകത്തിലെത്തിയതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയിരുന്നത്. എന്നാല്‍ ഫസല്‍ കേസിലെ യഥാര്‍ഥ പ്രതികളെക്കുറിച്ച് പോലീസിന് വിവരം നല്‍കിയതിന്റെ പേരിലാണ് വല്‍സരാജക്കുറിപ്പിനെ കൊലപ്പെടുത്തിയതെന്നാണ് പുനരന്വേഷണത്തിനായുള്ള റിപ്പോര്‍ട്ടില്‍ എഡിജിപി വിന്‍സന്‍ എം പോള്‍ പറഞ്ഞിട്ടുള്ളത്. തലശേരിയില്‍ ക്യാമ്പ്ചെയ്ത് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച്്് സംഘം 200 ലേറെ സാക്ഷികളെയാണ് ഈ കേസില്‍ ചോദ്യം ചെയ്തത്. സിപിഎം പ്രവര്‍ത്തകരായ ചമ്പാട് എട്ടു വീട്ടില്‍ സജീവന്‍ (34), ചമ്പാട് ഓട്ടക്കാത്ത് വീട്ടില്‍ കെ.ഷാജി എന്ന ചെട്ടി ഷാജി (27), പന്തക്കല്‍ മാലയാട്ട് വീട്ടില്‍ മനോജ് എന്ന കിര്‍മാണി മനോജ് (28), ചമ്പാട് പന്ന്യന്നൂര്‍ പാലപ്പൊയില്‍ സതീശന്‍ (34), ചൊക്ളി നിടുമ്പ്രം പടിഞ്ഞാറെ കുനിയില്‍ കക്കാടന്‍ പ്രകാശന്‍ (32), അരയാക്കൂല്‍ സൌപര്‍ണികയില്‍ ശരത് (26), അരയാക്കൂല്‍ കൂറ്റേരി വീട്ടില്‍ കെ.വി രാഗേഷ് (25)എന്നിവരാണ് വത്സരാജ് വധക്കേസിലെ പ്രതികള്‍. 2007 മാര്‍ച്ച് 4 നാണ് തലശേരി ബാറിലെ അഭിഭാഷകനായ വല്‍സരാജക്കുറുപ്പ് കൊല്ലപ്പെട്ടത്. രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി അക്രമി സംഘം കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പോലീസ് അന്വേഷണം നടത്തി വന്ന കേസ് വല്‍സരാജക്കുറുപ്പിന്റെ ഭാര്യ ബിന്ദുവിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക