Image

കൊടി സുനിക്ക് ഒളിവില്‍ കൊതുകുവല ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍: പോലീസെത്തിയത് ടിപ്പറില്‍

Published on 14 June, 2012
കൊടി സുനിക്ക് ഒളിവില്‍ കൊതുകുവല ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍: പോലീസെത്തിയത് ടിപ്പറില്‍
ഇരിട്ടി: സിപിഎം പാര്‍ട്ടി ഗ്രാമത്തിലെ സുരക്ഷിത മേഖലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കൊലയാളി സംഘാംഗങ്ങളായ കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി എന്നിവരെ പോലീസ് കുടുക്കിയത് ആസൂത്രിതവും സാഹസികവുമായി നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍. പ്ളാസ്റിക് ഷീറ്റ്കൊണ്ടു നിര്‍മിച്ച ഷെഡില്‍ കൊതുകുവലകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ഭക്ഷണം വിറക് ഉപയോഗിച്ച് ഷെഡിനുള്ളില്‍ തന്നെയാണ് തയാറാക്കിയിരുന്നത്. ടി.പി. വധക്കേസില്‍ അറസ്റിലായവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊടി സുനിയും സംഘവും സംസ്ഥാനത്തിന് പുറത്തുപോയിട്ടില്ലെന്ന് കൃത്യമായ വിവരം ലഭിച്ചിരുന്നു. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ എവിടെയോ ആണ് ഇവരുടെ ഒളിത്താവളമെന്നു വ്യക്തമായതോടെ സംശയമുള്ള സ്ഥലങ്ങളില്‍ പോലീസുകാര്‍ വേഷം മാറി നിരീക്ഷണം നടത്തി. ഇതിനിടെ മുടക്കോഴിയില്‍ കാടിനുള്ളിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൊണ്ടുപോയതായി വിവരം ലഭിച്ചു. കശുവണ്ടി സീസണ്‍ അല്ലാത്തതിനാല്‍ കാടിനുള്ളില്‍ ആളുകള്‍ താമസിക്കാന്‍ ഇടയില്ലെന്ന് ഉറപ്പിച്ച അന്വേഷണ സംഘം ഇവിടം കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി. ഇതേ തുടര്‍ന്നാണ് വനത്തിനുള്ളില്‍ പ്രതികളുണ്െടന്ന വിവരം ലഭിച്ചത്. ഇരിട്ടിക്കു സമീപം മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴിയില്‍ വിജനമായ മലയിലെ കാടിനുള്ളില്‍ 20 ദിവസമായി ഷെഡ് കെട്ടി താമസിക്കുകയായിരുന്നു മൂവരും. സഹായത്തിനു പാര്‍ട്ടി പ്രവര്‍ത്തകരായ ശ്രീജിത്ത്, സുധീഷ്, ജിഗേഷ് എന്നിവരുമുണ്ടായിരുന്നു. ഇതില്‍ ശ്രീജിത്ത് സിപിഎം മട്ടന്നൂര്‍ മുന്‍ലോക്കല്‍ സെക്രട്ടറി കാരായി ശ്രീധരന്റെ മകനാണ്. പോലീസ് നീക്കങ്ങള്‍ ചോരാതിരിക്കാന്‍ കണ്ണൂര്‍ എസ്പിയുടെ നിയന്ത്രണത്തിലുള്ള സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളെയും വിശ്വസ്തരായ പോലീസുകാരെയും മാത്രമാണ് ഓപ്പറേഷനില്‍ പങ്കെടുപ്പിച്ചത്. തലശേരി ഡിവൈഎസ്പി എ.പി. ഷൌക്കത്തലിക്കായിരുന്നു നേതൃത്വം. പകല്‍ ഓപ്പറേഷന്‍ നടത്തിയാല്‍ പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്െടന്നു മനസിലാക്കിയതിനാലാണ് രാത്രി തെരഞ്ഞെടുത്തത്. സംശയം തോന്നാതിരിക്കാന്‍ ടിപ്പര്‍ ലോറിയിലാണ് 20 ഓളം വരുന്ന സായുധരായ പോലീസ് സംഘം ഓപ്പറേഷനായി ഇരിട്ടിയില്‍ നിന്നു പുറപ്പെട്ടത്. തികച്ചും വിജനമായ സ്ഥലത്തായിരുന്നു പ്രതികളുടെ ക്യാമ്പ്. ഷെഡിനു രണ്ടു കിലോമീറ്റര്‍ അടുത്തുവരെ മാത്രമേ വാഹനങ്ങള്‍ എത്തുകയുള്ളൂ. ബാക്കി ദൂരം കാടിനുള്ളിലൂടെ നടന്നുവേണമായിരുന്നു എത്താന്‍. ഇരിട്ടിയില്‍നിന്ന് ടിപ്പറില്‍ പെരിങ്ങാനം വരെയെത്തിയ പോലീസ് സംഘം പിന്നീട് രണ്ടു കിലോമീറ്ററോളം റോഡിലൂടെയും തുടര്‍ന്ന് കാട്ടിലൂടെയും നടന്നാണ് താവളം വളഞ്ഞത്. ഇന്നു പുലര്‍ച്ചയോടെ പോലീസ് താവളം വളയുമ്പോള്‍ പ്രതികള്‍ ഉള്‍പ്പെടെ ആറുപേരും നല്ല ഉറക്കത്തിലായിരുന്നു. ഓപ്പറേഷനില്‍ പങ്കെടുത്ത പോലീസുകാരുടെ കൈകളിലെല്ലാം തോക്കുണ്ടായിരുന്നു. ഷെഡ് വളഞ്ഞ് പോലീസുകാര്‍ അകത്തു കയറിയ ശേഷമാണ് അകത്തുള്ളവര്‍ ഉണര്‍ന്നത്. പോലീസാണെന്ന് അറിഞ്ഞയുടന്‍ കൊടി സുനി റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കാന്‍ തുനിഞ്ഞെങ്കിലും ഞൊടിയിടയ്ക്കുള്ളില്‍ സുനിയെ അടക്കം ആറുപേരെയും സംഘം കീഴ്പ്പെടുത്തുകയായിരുന്നു സുനിയുടെ കൈവശമുണ്ടായിരുന്ന ലൈസന്‍സില്ലാത്ത റിവോള്‍വറും ഒരു കഠാരയും ഷെഡില്‍നിന്നു പോലീസ് കസ്റ്റഡിയിലെടുത്തു. നേരം പുലരുംമുമ്പേ പ്രതികളുമായി പോലീസ് സംഘം വടകരയിലെത്തുകയും ചെയ്തു. സിപിഎം ഭരിക്കുന്ന മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി പ്രദേശം പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ്. മറ്റു പാര്‍ട്ടികളൊന്നും ഇവിടെ പ്രവര്‍ത്തന രംഗത്തില്ല. സിപിഎമ്മിന്റെ ഒരു ഏരിയാ കമ്മിറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയുമാണ് വനത്തിനുള്ളില്‍ ഒളിച്ച് താമസിക്കാന്‍ കൊലയാളി സംഘത്തിനു സൌകര്യം ചെയ്തു കൊടുത്തതെന്നു പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരടക്കം പ്രതികള്‍ക്ക് ഒളിച്ചുതാമസിക്കാന്‍ സൌകര്യമൊരുക്കിയവരും ഇതേക്കുറിച്ച് അറിവുണ്ടായിട്ടും പോലീസിന് വിവരം നല്‍കാത്തവരും നിരീക്ഷണത്തിലാണ്. ഇവരും ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക