Image

മണിക്കെതിരായ കേസുകള്‍ നിയമവിരുദ്ധമെന്ന് പിണറായി

Published on 14 June, 2012
മണിക്കെതിരായ കേസുകള്‍ നിയമവിരുദ്ധമെന്ന് പിണറായി
തൊടുപുഴ: വിവാദ പ്രസംഗത്തിന്റെ പേരില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിക്കെതിരേ എടുത്തിട്ടുള്ള കേസുകള്‍ നിയമവിരുദ്ധമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞിട്ടുള്ള കേസുകളില്‍ തുടരന്വേഷണം നടത്താന്‍ പാടില്ലെന്ന് വിധിയുണ്‌ടെന്നും ഇതിന്റെ ലംഘനമാണ് മണിക്കെതിരായ കേസെന്നും പിണറായി പറഞ്ഞു. തൊടുപുഴയില്‍ സിപിഎം നടത്തിയ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും ഇടുക്കിയില്‍ പ്രത്യേക താല്‍പര്യമുണ്ട്. എന്നാല്‍ പോലീസ് ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും സ്വകാര്യ സ്വത്തല്ല. കൊലക്കുറ്റത്തിനുള്ള 302-ാം വകുപ്പ് ചുമത്താന്‍ മണി ആരെയാണ് കൊന്നതെന്നും പിണറായി ചോദിച്ചു. സാധാരണഗതിയില്‍ അതാതു സ്ഥലത്തെ പോലീസ് ഓഫീസര്‍മാരാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ഇതില്‍ പോലീസ് ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി സര്‍ക്കാരിലെ ഉന്നതരുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി മണി അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണ് നടപടിയെന്നും പിണറായി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക