Image

ടി.പി വധം: കൊടി സുനി, കിര്‍മാണി മനോജ്‌, ഷാഫി എന്നിവര്‍ പിടിയില്‍‍‍‍‍‍

Published on 14 June, 2012
ടി.പി വധം: കൊടി സുനി, കിര്‍മാണി മനോജ്‌, ഷാഫി എന്നിവര്‍ പിടിയില്‍‍‍‍‍‍
വടകര: റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. കൊലപാതകത്തിന്‌ നേതൃത്വം നല്‍കിയ കൊടി സുനി, കിര്‍മാണി മനോജ്‌, മുഹമ്മദ്‌ ഷാഫി എന്നിവരാണ്‌ പിടിയിലായത്‌. കൊലപാതകം ആസുത്രണം ചെയതതിലും ഇവര്‍ക്ക്‌ പങ്കുണ്ട്‌. കൊലപാതകത്തിന്‌ ശേഷം ഒളിവില്‍ പോയ ഇവരെ പുലര്‍ച്ചെ കണ്ണൂരിന്‌ സമീപം ഇരിട്ടി മുഴക്കുന്നിലെ മുടക്കോഴിയില്‍ നിന്നാണ്‌ പിടികൂടിയത്‌. പെരിങ്ങാനം മലയില്‍ കുടില്‍കെട്ടിയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. 20 ദിവസമായി സംഘം ഇവിടെ താമസിച്ചുവരികയായിരുന്നു. ആറ് തിര നിറയ്ക്കാവുന്ന റിവോള്‍ാറും കഠാരകളും കുടിലില്‍ നിന്ന് പോലീസ് ​കണ്ടെടുത്തിട്ടുണ്ട്.

പ്രത്യേക പരിശീലനം ലഭിച്ച റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ സഹായത്തോടെ സായുധ പോലീസ് സംഘമാണ് ഇവരുടെ സങ്കേതം വളഞ്ഞത്. ഒളികേന്ദ്രത്തില്‍ എത്തിയ പോലീസിനു നേരെ കൊടി സുനി റിവോള്‍വര്‍ ചൂണ്ടിയതായും റിപ്പോര്‍ട്ടുണ്ട്. മല്‍പ്പിടുത്തത്തിലുടെയാണ് പോലീസ് കൊടി സുനിയെ കീഴടക്കിയത്. ഇവരുടെ അറസ്‌റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. ഇവര്‍ക്ക് ഒളിത്താവളം ഒരുക്കിയ മൂന്നു പേരും കസ്റ്റഡിയിലായിട്ടുണ്ട്. കാരായി ശ്രീജിത്ത്,സുധീഷ്, രജീഷ് എന്നിവരാണ് പിടിയിലായ സിപിഎം പ്രവര്‍ത്തകര്‍.

ഇതോടെ കൊലയാളിസംഘത്തിലെ ആറു പ്രതികള്‍ പിടിയിലായി. കൊലയാളിസംഘത്തിലെ ഏഴാമന്‍ ഷിനോജും ഗൂഡാലോചനയില്‍ പങ്കെടുത്ത പി.കെ കുഞ്ഞനന്തനും മാത്രമാണ്‌ ഇനി പിടിയിലാകാനുള്ള പ്രമുഖര്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അണ്ണന്‍ എന്ന ഷിജിത്ത്, ടി. കെ.രജീഷ്, എം.സി അനൂപ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

സിപിഎമ്മിന്റെ സുരക്ഷിത കേന്ദ്രത്തില്‍ പ്രത്യേക ഷെഡ്‌ നിര്‍മ്മിച്ചാണ്‌ ഇവരെ ഒളിവില്‍ പാര്‍പ്പിച്ചിരുന്നതെന്നാണ്‌ പോലീസ്‌ നല്‍കുന്ന വിവരം. തെരഞ്ഞെടുപ്പ്‌ കാലത്തു എതിര്‍കക്ഷികള്‍ക്ക്‌ പ്രചാരണത്തിന്‌ എത്താന്‍ പോലും കഴിയാത്ത ഇവിടെ പാര്‍ട്ടിക്കാരുടെ കണ്ണുവെട്ടിച്ച്‌ ആര്‍ക്കും പ്രവേശിക്കാനാവില്ല. ഒരു സിപിഎം ഏരിയ കമ്മറ്റിയംഗവും ലോക്കല്‍ സെക്രട്ടറിയുമാണ്‌ തങ്ങള്‍ക്ക്‌ ആവശ്യമായ സഹായം നല്‍കിവന്നിരുന്നതെന്ന്‌ ഇവര്‍ മൊഴി നല്‍കിയതായാണ്‌ സുചന. പോലീസ്‌ പുലര്‍ച്ചെ അപ്രതീക്ഷിതമായി നടത്തിയ റെയ്‌ഡിലാണ്‌ ഇവര്‍ പിടിയിലാകുന്നത്‌.

ഫസല്‍ വധക്കേസില്‍ ഒന്നാം പ്രതി കൂടിയായ കൊടി സുനി കണ്ണൂരില്‍ നടന്ന നിരവധി അക്രമസംഭവങ്ങളിലും പ്രതിയാണ്‌.2010 മെയ് 28ന് ചൊക്ലയില്‍ നടന്ന ഇരട്ടക്കൊലപാതകക്കേസിയും സുനി പ്രതിയാണ്. ടി.പിയുടെ മുഖത്തേറ്റ വെട്ടുകളുടെ സ്വഭാവമാണ് അന്വേഷണം കണ്ണൂര്‍ ചൊക്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലേക്ക് തിരിഞ്ഞരും കൊടി സുനിയെ തുടക്കം മുതല്‍ സംശയിച്ചതും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക