Image

പി കെ ബഷീര്‍ എംഎല്‍എയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് മുസ്ലിംലീഗ് അന്ത്യശാസനം

Published on 14 June, 2012
പി കെ ബഷീര്‍ എംഎല്‍എയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് മുസ്ലിംലീഗ് അന്ത്യശാസനം
മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ പി കെ ബഷീര്‍ എംഎല്‍എയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് മുസ്ലിംലീഗ് അന്ത്യശാസനം നല്‍കി. ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗപചാരിക യോഗത്തിനുശേഷമാണ് ലീഗിന്റെ നിലപാട് സര്‍ക്കാരിനെ അറിയിച്ചത്.

ബഷീറിനെ പ്രതിയായി ഉള്‍പ്പെടുത്തിയതിലുള്ള പ്രതിഷേധം ലീഗ് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അറിയിച്ചു. പൊലീസ് അമിത താല്‍പര്യം കാണിച്ചതായി ആരോപിച്ച ലീഗ്, അതുസംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബഷീറിനെ ചോദ്യംചെയ്യുന്നതും ലീഗ് നേതൃത്വം വിലക്കിയിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യംചെയ്യുന്നത് അനിവാര്യമായ നടപടിക്രമമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എഫ്ഐആര്‍ പ്രകാരം കൊലപാതകക്കുറ്റത്തില്‍ ആറാം പ്രതിയാകുക എന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. എന്നാല്‍, ബഷീറിന്റെ കാര്യത്തില്‍ ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് ലീഗ്.

കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇപ്പോള്‍ ബഷീറിന്റെ കാര്യം മിണ്ടുന്നേയില്ല. ലീഗ് പറഞ്ഞതുപോലെ കുടുംബവഴക്ക് എന്ന നിലയിലേക്കാണ് അന്വേഷണവും നീങ്ങുന്നത്. ദൃക്സാക്ഷി കൊളക്കാടന്‍ നജീബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എയ്ക്കും ലീഗ് പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്. ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പൊറ്റമ്മല്‍ മണ്ണില്‍ത്തൊടി അഹമ്മദ്കുട്ടി, പ്രവര്‍ത്തകരായ ഇര്‍ഷാദ്, സുഡാനി റഷീദ്, മുക്താര്‍, എന്‍ കെ അഷ്റഫ് എന്നിവരാണ് ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍. ഇവര്‍ക്കെതിരെ കൊലപാതകത്തിനും (302), ആറാം പ്രതിയായ പി കെ ബഷീര്‍ എംഎല്‍എയ്ക്കെതിരെ ഗൂഢാലോചന, കൊലപാതക പ്രേരണ, വധഭീഷണി എന്നവയ്ക്കുമാണ് (141,143,147,148) കേസ്. പ്രകോപനപരമായി പ്രസംഗിച്ചു എന്നതല്ല ബഷീറില്‍ ചുമത്തപ്പെട്ട കുറ്റം. ആ പ്രസംഗം രണ്ടു പേരുടെ കൊലപാതകത്തിലേക്ക് നയിച്ചു എന്നതാണ് കേസ്. മാത്രമല്ല, കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇദ്ദേഹത്തിന് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും. ഇതെല്ലാമുണ്ടായിട്ടും ബഷീറിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക