Image

രാഷ്ട്രപതി: ബിജെപിയുടെ പരിഗണനയില്‍ കലാമെന്ന് അഡ്വാനി

Published on 14 June, 2012
രാഷ്ട്രപതി: ബിജെപിയുടെ പരിഗണനയില്‍ കലാമെന്ന് അഡ്വാനി
ചെന്നൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍ കലാമാണ് ബിജെപിയുടെ പ്രധാന പരിഗണനയെന്ന് ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അഡ്വാനി. ചെന്നൈയില്‍ എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിതയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അഡ്വാനി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് വളരെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുന്‍ ലോക്‌സഭാ സ്പീക്കറും എന്‍സിപി നേതാവുമായ പി.എ.സാംഗ്മയെ പിന്തുണയ്ക്കുമെന്ന് ജയലളിത നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. സാംഗ്മ പിന്തുണ തേടി ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. എന്‍ഡിഎയിലെ മറ്റൊരു ഘടകക്ഷിയായ ഒഡീസയിലെ ബിജു ജനതാദള്‍ അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കും സാംഗ്മയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഡ്വാനി, ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയത്. 

തമിഴ്‌നാട്ടുകാരനും ന്യൂനപക്ഷ വിഭാഗക്കാരനുമായ ഡോ. എപിജെ അബ്ദുള്‍ കലാമിനെ എഐഎഡിഎംകെ പിന്തുണയ്ക്കണമെന്നാണ് അഡ്വാനി, ജയലളിതയോട് ആവശ്യപ്പെട്ടത്. സാഗ്മയ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള കാര്യം നേരത്തെതന്നെ അഡ്വാനിയെ ജയലളിത അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കലാം, സാംഗ്മ എന്നിവരിലൊരാളെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക