Image

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌: ശെല്‍വരാജ്‌ വിജയിച്ചു

Published on 14 June, 2012
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌: ശെല്‍വരാജ്‌ വിജയിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ്‌ വിജയിച്ചു.
6334 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് സെല്‍വരാജിലൂടെ യു.ഡി.എഫ് സീറ്റ് പിടിച്ചത്. കഴിഞ്ഞ തവണ 6702 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനത്താണ് കഷ്ടിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ സി.പി.എമ്മില്‍ നിന്ന് രാജിവെച്ച് യു.ഡി.എഫ് പാളയത്തിലെത്തി കഴിഞ്ഞ തവണ എതിര്‍ത്ത അതേ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ഏതാണ്ട് അതേ മാര്‍ജിനോടടുത്ത വിജയം നേടി രാഷ്ടീയ ചിത്രം മാറ്റിമറിച്ചത്.

40 ശതമാനം വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ പോലും ലീഡ് നേടാന്‍ കഴിയാതിരുന്നിടത്ത് നിന്നാണ് ഏവരേയും അമ്പരപ്പിച്ചുകൊണ്ട് സെല്‍വരാജ് വിജയം നേടിയത്. 60 ബൂത്തുകള്‍ എണ്ണിയപ്പോള്‍ മാത്രമാണ് അതുവരെ പിന്നിലായിരുന്ന സെല്‍വരാജ് അപ്രതീക്ഷിതമായി എതിര്‍സ്ഥാനാര്‍ഥി എഫ് ലോറന്‍സിനെ പിന്തള്ളി ലീഡ് പിടിച്ചത്.

വോട്ടുനില

ആര്‍.സെല്‍വരാജ്(യു.ഡി.എഫ്)-52528
എഫ് ലോറന്‍സ്(എല്‍.ഡി.എഫ്)-46194
ഒ രാജഗോപാല്‍(ബി.ജെ.പി)-30507
ഭൂരിപക്ഷം-6334


കഴിഞ്ഞ തവണത്തെ വോട്ടുനില
ആര്‍.സെല്‍വരാജ്(എല്‍.ഡി.എഫ്)-54711
തമ്പാനൂര്‍ രവി(യു.ഡി.എഫ്)-48009
അതിയന്നൂര്‍ ശ്രീകുമാര്‍-6730
ഭൂരിപക്ഷം-6702

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ചില മാധ്യമങ്ങളും കള്ളക്കഥകള്‍ സൃഷ്ടിച്ച് വമ്പിച്ച പ്രചാരവേല സംഘടിപ്പിച്ചിട്ടും എല്‍.ഡി.എഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് സി.പി.എം.

2009 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 17,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നെയ്യാറ്റിന്‍കരയില്‍ നിന്ന് ലഭിച്ചത്. 2010 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എണ്ണായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷവും അവര്‍ നേടിയിരുന്നു. എല്‍.ഡി.എഫിന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ ഇരുപതിനായിരത്തിലേറെ വോട്ട് കൂടുതല്‍ നേടാന്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായി ഇത്രയേറെ പ്രചാരവേലകള്‍ എല്‍.ഡി.എഫിനെതിരെ നടത്തിയിട്ടും അന്നത്തേക്കാള്‍ ഏറെ മുന്നോട്ടുപോകാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു എന്ന് സി.പി.എം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അപരന്മാര്‍ 'ചൂണ്ടിയത് ' 1104 വോട്ടുകള്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ആര്‍. സെല്‍വരാജിന്റെ രണ്ട് അപരന്മാരും കൂടി 965 വോട്ടുകളാണ് മറിച്ചത്. ടി.സെല്‍വരാജ് 414 വോട്ടുകളും സെല്‍വരാജ് 551 വോട്ടുകളും കരസ്ഥമാക്കി.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എഫ്. ലോറന്‍സിനും രണ്ട് അപരന്മാരാണ് മത്സരരംഗത്തുണ്ടായിരുന്നത്. യു.ഡി.എഫിന്റെ അപരന്മാരെ അപേക്ഷിച്ച് ഇവര്‍ കൊണ്ടുപോയ വോട്ടുകള്‍ കുറവായിരുന്നു. ജെ ലോറന്‍സ് 71 വോട്ടുകളും ടി. ലോറന്‍സ് 68 വോട്ടുകളും കരസ്ഥമാക്കി.
നെയ്യാറ്റിന്‍കരയിലേത് വര്‍ഗ്ഗീയ ശക്തികളുടെ വിജയമാണെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പറഞ്ഞു. ജാതിമത ശക്തികളാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. രാഷ്ട്രീയമായി അഭിമാനിക്കാന്‍ വകയുള്ള കാര്യമല്ല നെയ്യാറ്റിന്‍കരയില്‍ നടന്നത്. തിരഞ്ഞെടുപ്പ് വിജയത്തിനായി സര്‍ക്കാര്‍ നഗ്നമായ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക