Image

വിചാരവേദിയില്‍ സാഹിത്യചര്‍ച്ചയും അനുമോദനവും

വാസുദേവ്‌ പുളിക്കല്‍ Published on 14 June, 2012
വിചാരവേദിയില്‍ സാഹിത്യചര്‍ച്ചയും അനുമോദനവും
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാള സാഹിത്യ രചനയില്‍ മുഴുകിയിരിക്കുന്നവരില്‍ പലര്‍ക്കും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ മുന്നില്‍ കണ്ടു കൊണ്ട്‌ വിചാരവേദി സാഹിത്യകാരന്മാരേയും അവരുടെ കൃതികളേയും അംഗീകരിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 10-ന്‌ ന്യുയോര്‍ക്കിലെ കേരള കള്‍ചറല്‍ സെന്ററില്‍ വാസുദേവ്‌ പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോണ്‍ മാത്യുവിനെ ആദരിച്ചു കൊണ്ട്‌ അദ്ദേഹത്തിന്റെ പത്തു കഥകള്‍ ചര്‍ച്ച ചെയ്‌തു.

ആധുനികതയുടെ നിറക്കൂട്ടില്‍ എഴുതിയ ജോണ്‍ മാത്യൂവിന്റെ കഥകളില്‍ പുത്തന്‍ ചിന്താഗതികളും ആവിഷ്‌ക്കരണത്തിന്റെ പുതുമയുമൊക്കെ കാണാം. അതുകൊണ്ടു തന്നെ ജോണ്‍ മാത്യുവിന്റെ കഥകള്‍ വേറിട്ടു നില്‍ക്കുന്നു. ആധുനികതയുടെ ചായക്കൂട്ട്‌ ഏറിപ്പോയതു കൊണ്ടോ, അസ്വഭാവികമായ സംഭവങ്ങളുടെ പടര്‍ത്തിയുള്ള അവതരണം കൊണ്ടോ, ഇരട്ട പ്രമേയം കൊണ്ടോ ആയിരിക്കാം സാധരണ വായനക്കാര്‍ക്ക്‌ വ്യക്‌തമായി ഗ്രഹിക്കാനോ കഥയിലെ ബീജം എന്തെന്ന്‌ കണ്ടെത്താനോ വൈഷമ്യം നേരിടുന്നു എന്ന അഭിപ്രായം ചര്‍ച്ചയില്‍ പ്രകടിപ്പിക്കപ്പെട്ടു.

ബാഹ്യമോ ആന്തരികമോ ആയ ഒരൊറ്റ സംഭവത്തെ പറ്റി പ്രതിപാദിക്കുന്ന ഭാവനാ സൃഷ്‌ടിയായിരിക്കണം ചെറു കഥ എന്ന നിര്‍വ്വചനമുണ്ടെങ്കിലും ജോണ്‍ മാത്യുവിന്റെ പല കഥകളിലും സമാന്തരപ്രമേയങ്ങള്‍ അവതരിപ്പിച്ചിട്ടു ള്ളതായി അഭിപ്രായമുണ്ടായി. കേരളീയ കര്‍ഷകരുടെ പ്രശ്‌നങ്ങളും കൃഷിയുടെ തകര്‍ച്ചയും; കര്‍ഷകന്റെ അമേരിക്കക്കാരന്‍ കൊച്ചുമോന്‍ റോബിയുടെ ജീവിത സങ്കീര്‍ണ്ണതയും സ്വവര്‍ഗ്ഗഭോഗാസക്‌തിയും വ്യതസ്‌തമായ രണ്ടു പ്രമേയങ്ങളാണെങ്കിലും അവയെ അന്തകവിത്തില്‍ സമജ്‌ഞസമായി സമ്മേളിപ്പിച്ചിരിക്കുന്നുവെന്നും ഇടമുറിയാത്ത
ഒഴുക്കില്ലായ്‌മ മൂലം കഥയുടെ സുതാര്യതക്ക്‌ കോട്ടം വന്നിട്ടുള്ളതായും അഭിപ്രായപ്പെട്ടു.

അനുവാചകന്‌ എന്തു നല്‍കണമെന്ന ചിന്തയോടെ മനുഷ്യസ്വഭാവത്തിന്റെ വിഭിന്ന തലങ്ങളെ രജ്‌ഞിപ്പിച്ചു കൊണ്ട്‌ പരീക്ഷണത്തിന്റെ പടവു കയറുന്ന ഒരു കഥാകാരനെ ഒരു വെറും പട്ടിയെ കൊല്ലുന്നത്‌ എന്ന കഥയില്‍ പരിചയപ്പെടുന്നുവെന്നും സാരാംശമായി സംഗമിക്കുന്ന രണ്ടു പ്രമേയങ്ങളിലും പഴയ പാരമ്പര്യത്തിന്റെ നിഴലുകള്‍ നീളുന്നുവെങ്കിലും കഥയില്‍ നവീന ഭാവുകത്വം മുന്നിട്ടു നില്‍ക്കുന്നുവെന്നും വിലയിരത്തപ്പെട്ടു.

ചരിത്രത്തിലേക്ക്‌ കാടുകയറുന്നത്‌ കഥയുടെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ടെങ്കിലും മനസ്സിന്റെ പിന്നാമ്പുറത്ത്‌ ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുന്ന കുട്ടിക്കാലത്തെ ഓര്‍മ്മകളുടെ സഫലീകരണത്തിന്റെ കഥ പറയുന്നതും സ്‌ഥായിയായ സംസ്‌കാരം ഉണ്ടാകണമെങ്കില്‍ നാടും വീടും വേണമെന്ന യാഥാര്‍ത്ഥ്യം ചിത്രീകരിക്കുന്നതുമായ നഷ്‌ടപ്പെട്ട കാലത്തിന്റെ പാലത്തിലൂടെ സഞ്ചരിക്കുന്ന കളിപ്പട്ടവും ജീവിത യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ സാധിക്കാതെ നാട്ടുകാരുടെ മുഖസ്‌തുതിയില്‍ മുങ്ങിത്താണു പോയി പൊങ്ങച്ചം കാണിച്ച്‌ ആനയെ വാങ്ങിയ അമേരിക്കന്‍ മലയാളി ഒടുവില്‍ നിലനില്‍പ്പിനു വേണ്ടി കൈകാലിട്ടടിക്കുന്ന കഥ പറയുന്ന ആനയും വായനാ സുഖമുള്ള ആസ്വാദ്യകരമായ കഥകള്‍ എന്ന അഭിപ്രായം ഉയര്‍ന്നു വന്നു. കഥാതന്തുവില്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ടെങ്കിലും അമേരിക്കന്‍ കുടിയേറ്റക്കാരുടെ ആദ്യകാല ജീവിതത്തിന്റെ സുന്ദരമായ ചിത്രീകരണമുണ്ട്‌ രാത്രിയില്‍ നിന്നൊരു യാത്ര എന്ന കഥയില്‍ എന്നും, കോറി വല്യമ്മയില്‍ ആദ്യം തടാകവും ബോട്ടു യാത്രയു മൊക്കെ ഒരു യാത്രാവിവരണത്തിന്റെ പ്രതീതിയുളവാക്കുന്നുണ്ടെങ്കിലും കഥ മുന്നേറുന്നതനുസരിക്ല്‌ കഥാകാരന്റെ ഭാവനയുണര്‍ന്ന്‌ ആവിഷ്‌ക്കരിച്ച പ്രേതകഥ നന്നായി എന്നും അഭിപ്രായമുണ്ടായി. ഒരു സാഹിത്യാസ്വാദകന്റെ സഹൃദയത്വത്തോടെ വായിക്ലാല്‍ പോര, ഒരു ഗവേഷകന്റെ അന്വേഷണ ബുദ്ധിയോടെ കഥ വായിച്ച്‌ ഗാഢമായി ചിന്തിച്ചാല്‍ മാത്രമെ ജോണ്‍ മത്യുവിന്റെ കഥകളിലെ വരികള്‍ക്കിടയില്‍ തിരുകി വച്ചിരിക്കുന്ന ആശയവും ജീവിത തത്വവും അനാവരണം ചെയ്‌തുകിട്ടുകയുള്ളു എന്നതിന്‌ ഉദാഹരണമായി ഇന്റര്‍വ്യൂ എന്ന കഥ ചൂണ്ടിക്കാണിക്കപ്പെട്ടു. ഈ കഥയില്‍ നാഴികമണി നില്‍ക്കുന്നു എന്ന്‌ പറയുന്നത്‌ മരണത്തിന്റെ സിമ്പല്‍ ആണെന്ന്‌ വ്യഖ്യാനിക്കപ്പെട്ടു. അപ്പോള്‍ നാഴികമണി ഉണരാന്‍ കാത്തിരിക്കുന്നത്‌ പുനര്‍ജന്മത്തിലേക്കുള്ള ഉറ്റു നോട്ടമായിരിക്കാം.

മുതലാളിത്വത്തിന്റെ വില്‍പന നയം ആവിഷ്‌ക്കരിക്കുന്ന, വരികള്‍ക്കിടയില്‍ ഒന്നും ഒളിച്ചു വച്ചിട്ടില്ലാത്ത സുതാര്യമായ കഥയാണ്‌ കള്ളനും പോലീസും കളിയെന്നും കള്ളനും പോലീസും ഇരട്ടക്കുട്ടികളാണ്‌ എന്ന കഥാകാരന്റെ നര്‍മ്മബോധത്തെ ഉള്‍ക്കൊണ്ടു കൊണ്ട്‌, കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുക എന്നതാണല്ലോ പോലീസുകാരുടെ നയം എന്ന്‌ നര്‍മ്മ ഭാവേന അഭിപ്രായപ്പെട്ടു. ഫലിതപ്രിയനായ കഥാകാരന്‍ നര്‍മ്മത്തിന്റെ മേന്‍പൊടി ചേര്‍ത്തെഴുതിയിരിക്കുന്ന സംഭവങ്ങളെ പറ്റി മാറിയിരുന്ന്‌ ചിന്തിക്കുമ്പോഴും വായനക്കാരുടെ ചുണ്ടില്‍ പുഞ്ചിരിയൂറും. ആന എന്ന കഥയിലെ ആഖ്യാന ചാതുര്യം ചുണ്ടിക്കാണിച്ചു കൊണ്ട്‌ വെള്ളയുടുപ്പിട്ട പെണ്‍കുട്ടി, ഇന്റര്‍വ്യൂ, യുഗാവസാനം എന്നീ കഥകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ പറയത്തക്ക ഒന്നും തന്നെ മനസ്സില്‍ തട്ടിയില്ല എന്ന അഭിപ്രായം ഒരു വശത്ത്‌, മറുവശത്ത്‌ ചെറുകഥാ സാഹിത്യം ആധുനികതയിലേക്ക്‌ കാലെടുത്തു വച്ച കാല
ഘട്ടത്തില്‍ എഴുതിയ വെള്ളയുടുപ്പിട്ട പെണ്‍കുട്ടി മാറ്റമില്ലാത്ത സമൂദായത്തിന്റെ ആവര്‍ത്തനത്തിന്റെ സുന്ദരമായ ചിത്രീകരണമാണെന്നും യുഗാവസനത്തോളം പുരോഹിത വര്‍ഗ്ഗത്തിന്റെ അനീതിക്കും മേധാവിത്വത്തിനുമെതിരെ വിരല്‍ ചൂണ്ടിക്കൊണ്ട്‌ ജനങ്ങളെ ഉല്‍ബുദ്ധരാക്കുന്ന കഥയാണെന്നും, ഇന്റര്‍വ്യൂ ചിന്താശകലങ്ങള്‍ ചിതറിക്കിടക്കുന്ന മനോഹരമായ കഥയാണെന്നും വിലയിരുത്തപ്പെട്ടു.

ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന വൈവിധ്യമാര്‍ന്ന കണ്ടെത്തലുകള്‍ ജോണ്‍ മാത്യുവിന്റെ കഥകളെ വായനക്കാര്‍ എങ്ങനെ സമീപിക്കുന്നുവെന്നും വിലയിരുത്തുന്നുവെന്നും വ്യക്‌തമാക്കി. വാസുദേവ്‌ പുളിക്കല്‍, സാംസി കൊടുമണ്‍, ഡോ. നന്ദകുമാര്‍, റീനി മമ്പലം, ജോസഫ്‌ മാത്യു, ജോണ്‍ വേറ്റം, വര്‍ഗ്ഗിസ്‌ ചുങ്കത്തില്‍, പി. റ്റി. പൗലോസ്‌, ബാബു പാറക്കല്‍, ജേക്കബ്‌ തോമസ്‌, എല്‍സി യോഹാന്നാന്‍ ശങ്കരത്തില്‍, ജോര്‍ജ്‌ കോടുകുളഞ്ഞി, ജോര്‍ജ്‌ കോശി, വര്‍ഗ്ഗീസ്‌ ലൂക്കോസ്‌, ജയ്‌മോന്‍ തോമസ്‌, ജോണ്‍ പോള്‍ മുതലായവര്‍ ചര്‍ക്ലയില്‍ പങ്കെടുത്തു.

കഥാകൃത്തിന്‌ എത്തിച്ചേരാന്‍ സാധിച്ചില്ലെങ്കിലും കഥകള്‍ എഴുതാനുള്ള സാഹചര്യം സൂചിപ്പിച്ചുകൊണ്ട്‌ അയച്ചു തന്ന നന്ദിക്കുറിപ്പ്‌ സാംസി കൊടുമണ്‍ വായിച്ചു.
വിചാരവേദിയില്‍ സാഹിത്യചര്‍ച്ചയും അനുമോദനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക