Image

ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി യാത്ര തിരിച്ചു

Published on 15 June, 2012
ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി യാത്ര തിരിച്ചു
ന്യൂഡല്‍ഹി: ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് യാത്ര തിരിച്ചു. തിങ്കളാഴ്ച മെക്സിക്കന്‍ റിസോര്‍ട്ട് നഗരമായ ലോസ് കാബോസില്‍ ആരംഭിക്കുന്ന ഉച്ചകോടിക്ക് ശേഷം റിയോ ഡി ജനീറോയില്‍ നടക്കുന്ന റിയോ പ്ളസ് 20 ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഈ മാസം 23 നാകും മന്‍മോഹന്‍സിംഗിന്റെ മടക്കം. ഫ്രാങ്ക്ഫര്‍ട്ടിലേക്കാണ് പ്രധാനമന്ത്രി രാവിലെ യാത്ര തിരിച്ചത്. ഇവിടെ നിന്നും ലോസ് കാബോസിലേക്കു പോകും. ജി-20 ഉച്ചകോടിയുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലുമായും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലാന്ദേയുമായും മന്‍മോഹന്‍ സിംഗ് ചര്‍ച്ച നടത്തും. ഉച്ചകോടിക്ക് ആതിഥ്യമരുളുന്ന മെക്സിക്കന്‍ പ്രസിഡന്റ് ഫെലിപ് കാള്‍ഡെറോണുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ബുധനാഴ്ച മുതലാണ് റിയോ പ്ളസ് 20 ഉച്ചകോടി ആരംഭിക്കുന്നത്. ഇവിടെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സയുമായും നേപ്പാള്‍ പ്രധാനമന്ത്രി ബാബുറാവു ഭട്ടാറായിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ ടി.കെ.എ നായര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി തുടങ്ങിയവരുള്‍പ്പെട്ട പ്രതിനിധി സംഘവും പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക