Image

സുമനസുകളുടെ കാരുണ്യം തേടി ശശികല

Published on 16 June, 2012
സുമനസുകളുടെ കാരുണ്യം തേടി ശശികല
കുറിയന്നൂര്‍ (തിരുവല്ല): മാരക രോഗത്തിന്റെ പിടിയിലായ നിര്‍ധനയായ വീട്ടമ്മ സുമനസുകളുടെ കാരുണ്യം തേടുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി പഞ്ചായത്ത്‌ 13-ാം വാര്‍ഡില്‍ കുറിയന്നൂര്‍ തോണിപ്പുഴ മൈക്കുഴിയില്‍ ദാസിന്റെ ഭാര്യ ശശികല (40) ആണ്‌ അര്‍ബുദ രോഗത്തിന്റെ പിടിയിലായതിനെ തുടര്‍ന്ന്‌ വിധിയോടു പോരാടുന്നത്‌. തോണിപ്പുഴ ജംക്‌ഷനടുത്ത്‌ കുടുംബസ്വത്തായി ലഭിച്ച മൂന്നു സെന്റു സ്‌ഥലത്തെ ഓലക്കുടിലിലാണ്‌ ശശികലയും ദാസും മകനും താമസിക്കുന്നത്‌. മഴക്കാലമായതോടെ ഈ കൂരയിലേക്ക്‌ ഈര്‍പ്പവും മഴയും തണുപ്പും കയറി ശശികലയ്‌ക്കു രോഗത്തിന്റെ അലട്ടല്‍ അസഹ്യമായിരിക്കയാണ്‌. ഭിത്തി കെട്ടി ഉറപ്പുള്ള മേല്‍ക്കൂരയുള്ള ഒരു മുറിയെങ്കിലുമുണ്ടായിരുന്നെങ്കില്‍ മഴക്കാലം കടന്നുകൂടാമായിരുന്നു എന്നതു മാത്രമാണ്‌ ശശികലയുടെ ആഗ്രഹം.

ഗുജറാത്തിലെ ഇറച്ചിക്കമ്പനിയില്‍ ഏറെക്കാലം ജോലി ചെയ്‌താണ്‌ രോഗിയായത്‌. മാറിടത്തിലെ അര്‍ബുദത്തിന്റെ ചികില്‍സയ്‌ക്ക്‌ കോഴഞ്ചേരി ആശുപത്രിയില്‍ ശസ്‌ത്രക്രിയ നടത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന്‌ നാലു കീമോയും 16 റേഡിയേഷനുമെടുത്തു. വീടിനുള്ളില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്തതുമൂലമുള്ള ക്ലേശമാണ്‌ ശശികലയെ കഷ്‌ടപ്പെടുത്തുന്നത്‌. കിടക്കാന്‍ ആകെയൊരു കട്ടില്‍ മാത്രം. തൊട്ടടുത്തു തന്നെ പാചകവും മറ്റു കാര്യങ്ങളും. തറ മണ്ണുതന്നെയാണ്‌. ദാസ്‌ പെയിന്റു ചെയ്‌തു കിട്ടുന്ന വരുമാനം മാത്രമാണ്‌ ആശ്രയം. പുഷ്‌പഗിരി ആശുപത്രിയിലെ പാലിയേറ്റീവ്‌ കെയര്‍ വിഭാഗത്തില്‍ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ രോഗത്തിനു നേരിയ ശമനമുണ്ടായെങ്കിലും വീണ്ടും വീട്ടിലെത്തിയതോടെ രോഗം പ്രയാസപ്പെടുത്തുകയാണ്‌. മാനസിക പ്രയാസത്തിനുള്ള ഗുളികയും ഇപ്പോള്‍ കഴിക്കണം.
കുറിയന്നൂര്‍ എംടി ഹൈസ്‌കൂള്‍ വിദ്യാര്‍ഥി പത്തു വയസുള്ള അഭിനവാണ്‌ ഏക മകന്‍.

സുമനസുകളുടെ സഹായ പ്രതീക്ഷയോടെ ഫെഡല്‍ ബാങ്കിന്റെ കുറിയന്നൂര്‍ തോണിപ്പുഴ ശാഖയില്‍ ശശികലയുടെ പേരില്‍ നാട്ടുകാരും അയല്‍ക്കാരും അക്കൗണ്ട്‌ തുറന്നു. വീടു നന്നാക്കാനും ഭക്ഷണം ഉള്‍പ്പെടെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള അടിയന്തിര സഹായം പ്രതീക്ഷിച്ച്‌ കഴിയുകയാണ്‌ ഈ മൂന്നംഗ കുടുംബം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദീനാനുകമ്പയുള്ള വിദേശ മലയാളികള്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ കാത്തിരിക്കുന്നു.

ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍
ഫെഡറല്‍ ബാങ്ക്‌
തോണിപ്പുഴ ശാഖ
കുറിയന്നൂര്‍
അക്കൗണ്ട്‌ നമ്പര്‍: 129701 00058 650.

വിലാസം
ശശികല
മൈക്കുഴിയില്‍ വീട്‌
സെന്റ്‌ തോമസ്‌ പള്ളിക്ക്‌ സമീപം
തോണിപ്പുഴ പി. ഒ
കുറിയന്നൂര്‍
തിരുവല്ല - 689550
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക