Image

മകളെ പീഡിപ്പിക്കാന്‍ ശ്രമം: നയതന്ത്ര ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാനായില്ല

Published on 16 June, 2012
മകളെ പീഡിപ്പിക്കാന്‍ ശ്രമം: നയതന്ത്ര ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാനായില്ല
ബാംഗ്ലൂര്‍:മൂന്നര വയസ്സുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു കസ്റ്റഡിയിലായ ഫ്രഞ്ച് നയതന്ത്രകാര്യ ഉദ്യോഗസ്ഥന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിനായില്ല. വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ അറസ്റ്റുണ്ടാകുകയുള്ളൂവെന്ന് ഹൈഗ്രൗണ്ട് പോലീസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാറുമായി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരുമെന്നും പോലീസ് അറിയിച്ചു. 

മലയാളിയായ ഭാര്യ സുജ ജോണ്‍സിന്റെ പരാതിയെ ത്തുടര്‍ന്നാണ് ബാംഗ്ലൂരിലെ ഫ്രാന്‍സ് കോണ്‍സുലേറ്റ് ഡെപ്യൂട്ടി ഹെഡ് ഓഫ് ചാന്‍സറി പാസ്‌കല്‍ മസൂരിയെറിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, മസൂരിയെറെ ഇന്ത്യയില്‍ വിചാരണ ചെയ്യണമെന്നും രാജ്യംവിടാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് സുജ അഭിഭാഷക ആഷ എസ്. ബസു മുഖേന കേന്ദ്രആഭ്യന്തരമന്ത്രി, വിദേശകാര്യമന്ത്രി എന്നിവര്‍ക്കു നിവേദനം നല്‍കി. 

കേസില്‍ നിയമനടപടികള്‍ ഇന്ത്യയില്‍ പൂര്‍ത്തിയാക്കണമെന്നും മക്കളെ പിതാവിനൊപ്പം അയയ്ക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇയാള്‍ക്കെതിരെ റെഡ് അലര്‍ട്ട് നല്‍കണം. വീട്ടമ്മയായ സുജയ്ക്കും മൂന്നു കുട്ടികള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും നിയമ നടപടികള്‍ക്കും മറ്റു ചെലവുകള്‍ക്കായി ഫ്രഞ്ച് എംബസിയില്‍ നിന്ന് സഹായധനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

നയതന്ത്ര ഉദ്യോഗസ്ഥന്‍ എന്ന പരിരക്ഷയില്‍ പാസ്‌കല്‍ മസൂരിയെറിനെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ഫ്രാന്‍സ് അംബാസഡര്‍ക്കും സുജ കത്തയച്ചു. കുട്ടിയെ ലൈംഗിക പീഡനമേല്‍പ്പിച്ചതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞതായി ബാപ്റ്റിസ്റ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയെ കൂടുതല്‍ വൈദ്യ പരിശോധനകള്‍ക്കായി ബൗറിങ് ആശുപത്രിയിലേക്കു മാറ്റിയതായി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുനില്‍ കുമാര്‍ പറഞ്ഞു. പരിശോധനാഫലം ലഭിക്കാന്‍ സമയം വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

വസന്തനഗറിലെ വീട്ടിലാണ് സുജയും പാസ്‌കല്‍ മസൂരിയെറും താമസിച്ചിരുന്നത്. പീഡനത്തിനിരയായ കുട്ടിയെ കൂടാതെ ഏഴു വയസ്സുള്ള മകനും 20 മാസം പ്രായമുള്ള മകനും ഇവര്‍ക്കുണ്ട്. കൊല്‍ക്കത്തയില്‍ 2002 ഫ്രാന്‍സ് കോണ്‍സുലേറ്റില്‍ ജോലി നോക്കിയിരുന്ന കാലത്താണു സുജയെ മസൂരിയെര്‍ വിവാഹം കഴിക്കുന്നത്. സ്വകാര്യ ട്രാവല്‍ ഏജന്‍സി ജീവനക്കാരിയായിരുന്ന സുജയെ പരിചയപ്പെട്ട മസൂരിയെര്‍ പ്രണയത്തിനുശേഷമാണു വിവാഹം കഴിച്ചത്. നാലുവര്‍ഷം മുമ്പാണു മസൂരിയെര്‍ക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്നു ഇവര്‍ ബാംഗ്ലൂരിലെത്തിയത്. 

കുട്ടിയോടുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ സുജ ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ വേലക്കാരിയെ ചുമതലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെ മുറിയില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ മസൂരിയെര്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് സുജ ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷനെ സമീപിക്കുകയും കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക